Quantcast

പരീക്ഷാ സമ്മർദം; സഹോദരിയുടെ യുപിഎസ്‌സി ഫീസടക്കം മൂന്നുലക്ഷം രൂപയുമായി നാടുവിട്ടു; പ്ലസ് വൺ വിദ്യാർഥിയെ കണ്ടെത്തിയത് ഗോവയിൽ നിന്ന്

പഠനഭാരത്തിൽ നിന്ന് അൽപം ആശ്വാസം ആഗ്രഹിച്ചാണ് നാടുവിട്ടതെന്ന് കുട്ടി പൊലീസിനോട് വെളിപ്പെടുത്തി

MediaOne Logo
പരീക്ഷാ സമ്മർദം; സഹോദരിയുടെ യുപിഎസ്‌സി ഫീസടക്കം മൂന്നുലക്ഷം രൂപയുമായി നാടുവിട്ടു; പ്ലസ് വൺ വിദ്യാർഥിയെ കണ്ടെത്തിയത് ഗോവയിൽ നിന്ന്
X

വഡോദര: പരീക്ഷയെന്നത് മിക്കയാളുകൾക്കും ഒരു പേടി സ്വപ്‌നം തന്നെയാണ്. പരീക്ഷയിൽ നിന്ന് രക്ഷപെടാൻ പല മാർഗങ്ങളും പരീക്ഷിച്ചവരുമുണ്ടാകും. എന്നാൽ പരീക്ഷയെ പേടിച്ച് നാടുവിട്ട വിദ്യാർഥിയുടെ വാർത്തയാണ് സമൂഹമാധ്യത്തിൽ ചർച്ചയാകുന്നത്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. പരീക്ഷാ സമ്മർദം താങ്ങാനാവാതെ മൂന്ന് ലക്ഷം രൂപയുമായി മുങ്ങിയ പതിനേഴുകാരനെ ഗോവയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തന്റെ സഹോദരിയുടെ യുപിഎസ്‌സി പരീക്ഷാ ഫീസിനായി മാറ്റിവെച്ച തുകയുൾപ്പെടെ കൈക്കലാക്കിയാണ് പതിനൊന്നാം ക്ലാസുകാരനായ വിദ്യാർഥി നാടുവിട്ടത്. പഠനഭാരത്തിൽ നിന്ന് അൽപം ആശ്വാസം ലഭിക്കാനാണ് താൻ ഈ വഴി തിരഞ്ഞെടുത്തതെന്ന് കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.

കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി വീട്ടുകാർ ഉറങ്ങിയ ശേഷമാണ് കുട്ടി പണവുമായി കടന്നുകളഞ്ഞത്. രാവിലെ വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുന്നത് കണ്ട വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പണവും കുട്ടിയെയും കാണാനില്ലെന്ന വിവരം അറിയുന്നത്. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപായി അന്ന് സ്‌കൂളിൽ വരില്ലെന്ന് കുട്ടി തന്റെ അധ്യാപികയ്ക്ക് സന്ദേശം അയച്ചിരുന്നു. ഉടൻ തന്നെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് കുട്ടി ടാക്‌സി മാർഗം മുംബൈയിലേക്ക് പോയതായി സൂചന ലഭിച്ചു. മുംബൈയിൽ എത്തിയ കുട്ടി അവിടെയുള്ള തന്റെ ഒരു സുഹൃത്തിനെയും കൂട്ടി ഗോവയിലേക്ക് തിരിക്കുകയായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും, കുട്ടി പുതിയ സിം കാർഡ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിന് സാധിച്ചു. ഗോവയിലെ ഒരു ബീച്ച് റിസോർട്ടിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.

രണ്ട് ദിവസത്തെ യാത്രയ്ക്കിടയിൽ ഏകദേശം അമ്പതിനായിരം രൂപയോളം ഇവർ ചിലവാക്കിയിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടി വികാരാധീനനായി. പഠനത്തെക്കുറിച്ചുള്ള ഉത്കണ്ഠയും പരീക്ഷാ പേടിയും തന്നെ മാനസികമായി തളർത്തിയെന്നും അതിൽ നിന്ന് ഒരു മോചനം ആഗ്രഹിച്ചാണ് നാടുവിട്ടതെന്നും കുട്ടി പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിവരാനായിരുന്നു തന്റെ പദ്ധതിയെന്നും കുട്ടി ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.

കുട്ടിയെയും സുഹൃത്തിനെയും സുരക്ഷിതമായി വഡോദരയിൽ എത്തിച്ച പൊലീസ്, ഇരുവർക്കും കൃത്യമായ കൗൺസിലിംഗ് നൽകിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങൾ രക്ഷിതാക്കളും അധ്യാപകരും ഗൗരവമായി കാണണമെന്നും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാലും സുരക്ഷിതമായി കണ്ടെത്തിയതിനാലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

TAGS :

Next Story