Quantcast

ജോലി തീർക്കാൻ അവധിയെടുത്ത് യുവാവ്; വൈറലായി വിഡിയോ

കൃത്യസമയത്ത് ജോലി തീർക്കാൻ കഴിയാതെ വരുന്നത് പല ജീവനക്കാരെയും മാനസികമായി തളർത്തുന്നുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു

MediaOne Logo

ലിസി. പി

  • Updated:

    2026-03-25 07:56:27.0

Published:

25 March 2026 12:54 PM IST

ജോലി തീർക്കാൻ അവധിയെടുത്ത് യുവാവ്; വൈറലായി വിഡിയോ
X

മുബൈ: ജോലി തിരക്കുകള്‍ക്കിടയില്‍ നിന്നും മീറ്റിങ്ങുകളില്‍ നിന്നുമെല്ലാം വിട്ട് നിന്ന് സ്വസ്ഥമായി വീട്ടിലിരിക്കാനോ,എവിടേക്കെങ്കിലും യാത്ര പോകാനോ ആണ് സാധാരണ എല്ലാവരും ലീവെടുക്കാറുള്ളത്.എന്നാല്‍ ഓഫീസിലെ തീരാത്ത ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ വേണ്ടി ലീവെടുക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. തമാശയെന്ന് കരുതി ചിരിച്ചു തള്ളേണ്ട. അല്‍പം വിചിത്രമായി തോന്നുമെങ്കിലും അത്തരത്തില്‍ ലീവെടുത്ത മുംബൈയിലെ ഒരു യുവാവിന്‍റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.സാധ്ന എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് തന്റെ ഭർത്താവിന്റെ വീഡിയോ പങ്കുവെച്ചത്. ഓഫീസിലെ തീരാത്ത ജോലികൾ സമാധാനമായി തീർക്കാൻ വേണ്ടി മാത്രം ഒരു ദിവസം അവധിയെടുത്ത ഭർത്താവിനെയാണ് വിഡിയോയിലൂടെ യുവതി പരിചയപ്പെടുത്തുന്നത്.

ഓഫീസിലെ അനാവശ്യ മീറ്റിംഗുകൾ,ഫോണ്‍ കോളുകള്‍ മറ്റ് തിരക്കുകള്‍ മൂലം ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും സമാധാനമായി ജോലി ചെയ്യാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും വീഡിയോയിൽ പറയുന്നു. "തമാശ പറയുകയല്ല, സമാധാനമായി ജോലി ചെയ്യാനാണ് അദ്ദേഹം ലീവ് എടുത്തത്" എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ വിഡിയോ പങ്കുവെച്ചത്

വീഡിയോ വൈറലായതോടെ നെറ്റിസൺസ് പ്രതികരണങ്ങളുമായി രംഗത്തെത്തി. തങ്ങളും ഇതേ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടെന്ന് ഭൂരിഭാഗം കോർപ്പറേറ്റ് ജീവനക്കാരും അനുഭവങ്ങള്‍ പങ്കുവെച്ചു. അനാവശ്യ മീറ്റിംഗുകളിൽ നിന്നും 'മൈക്രോ മാനേജ്‌മെന്റിൽ' നിന്നും രക്ഷപ്പെട്ട് ജോലി കൃത്യമായി തീർക്കാൻ തങ്ങളും ഇതേ മാർഗ്ഗം സ്വീകരിക്കാറുണ്ടെന്ന് പലരും അവകാശപ്പെട്ടു.

ഇന്നത്തെ കോർപ്പറേറ്റ് ലോകത്തെ വലിയൊരു യാഥാർത്ഥ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും അനാവശ്യ മീറ്റിംഗുകളും കാരണം ജോലി കൃത്യസമയത്ത് തീർക്കാൻ കഴിയാതെ വരുന്നത് പല ജീവനക്കാരെയും മാനസികമായി തളർത്തുന്നുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സമാധാനമായി ജോലി പൂർത്തിയാക്കാൻ സ്വന്തം അവധി ദിനങ്ങൾ പോലും മാറ്റിവെക്കേണ്ടി വരുന്നത് 'വർക്ക്-ലൈഫ് ബാലൻസ്' എത്രത്തോളം വെല്ലുവിളിയാണെന്നും ഈ വിഡിയോ ഓർമ്മിപ്പിക്കുന്നുണ്ടെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു. ലീവെടുത്ത് വീട്ടിലിരുന്ന് ജോലി തീര്‍ക്കുന്ന യുവാവിന്‍റെ വിഡിയോ ഇതിനകം 68,000-ത്തിലധികം പേരാണ് കണ്ടത്.


TAGS :

Next Story