Quantcast

നിങ്ങളുടെ പിഎഫ് പണം സുരക്ഷിതമാണോ? കോടികൾ കെട്ടിക്കിടക്കുന്ന 30 ലക്ഷം അക്കൗണ്ടുകൾ

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ്, രാജ്യത്തെ പ്രവർത്തനരഹിതമായ പിഎഫ് അക്കൗണ്ടുകളിലെ ഭീമമായ തുകയുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    3 July 2026 3:02 PM IST

നിങ്ങളുടെ പിഎഫ് പണം സുരക്ഷിതമാണോ? കോടികൾ കെട്ടിക്കിടക്കുന്ന 30 ലക്ഷം അക്കൗണ്ടുകൾ
X

ന്യൂഡൽഹി: കേന്ദ്രസർക്കാർ പുതിയ 'ഇപിഎഫ് സ്കീം 2026' പ്രഖ്യാപിച്ച് പ്രൊവിഡന്റ് ഫണ്ട് നിയമങ്ങൾ കൂടുതൽ ലളിതമാക്കാനും ഡിജിറ്റൽ യുഗത്തിലേക്ക് കടക്കാനും ഒരുങ്ങുമ്പോഴും, രാജ്യത്ത് ലക്ഷക്കണക്കിന് തൊഴിലാളികളുടെ കോടിക്കണക്കിന് രൂപ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ്, രാജ്യത്തെ പ്രവർത്തനരഹിതമായ പിഎഫ് അക്കൗണ്ടുകളിലെ ഭീമമായ തുകയുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ഇപിഎഫ്ഒ (EPFO) നൽകിയ കണക്കുകൾ പ്രകാരം 2026 മാർച്ച് 31 വരെയുള്ള സമയത്ത് മാത്രം രാജ്യത്ത് 30,91,862 അക്കൗണ്ടുകളാണ് യാതൊരു ഇടപാടുകളും നടക്കാതെ നിഷ്‌ക്രിയമായി കിടക്കുന്നത്. ഈ അക്കൗണ്ടുകളിലായി ആകെ 9330 കോടി രൂപയാണ് അവകാശികളെ കാത്ത് കിടക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ തുകയിൽ ചെറിയ കുറവ് വന്നിട്ടുണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം. 2025 മാർച്ച് 31-ൽ 31.83 ലക്ഷമായിരുന്ന ഇൻഓപ്പറേറ്റിങ് അക്കൗണ്ടുകൾ, ഒരു വർഷം പിന്നിട്ടപ്പോൾ 30.91 ലക്ഷമായി കുറഞ്ഞു (ഏകദേശം 92,000 അക്കൗണ്ടുകളുടെ കുറവ്). അതുപോലെ അവകാശികളില്ലാത്ത തുക 10,181 കോടിയിൽ നിന്ന് 9,330 കോടിയായും (851 കോടിയുടെ കുറവ്) കുറഞ്ഞിട്ടുണ്ട്. എങ്കിലും ഏകദേശം 31 ലക്ഷത്തോളം വരുന്ന സാധാരണക്കാരായ തൊഴിലാളികളുടെ ജീവിത സമ്പാദ്യം ഇപ്പോഴും ഇപിഎഫ്ഒയിൽ അവകാശികളില്ലാതെ തുടരുകയാണ്.

ഈ പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ എത്രയെണ്ണം ഔദ്യോഗിക തിരിച്ചറിയൽ രേഖകളുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്നോ, അവയുടെ ഓട്ടോ സെറ്റിൽമെന്റ് നില എന്താണെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ ഇപിഎഫ്ഒ തയ്യാറായില്ല. വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(e) പ്രകാരം, പൗരന്മാരുടെ സ്വകാര്യത മുൻനിർത്തി സൂക്ഷിക്കുന്ന ഇത്തരം വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്ന് ഇപിഎഫ്ഒ ഇന്ത്യാ ടുഡേയോട് വ്യക്തമാക്കിയത്.

മാത്രമല്ല, അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ ബാലൻസുള്ള എത്ര നിഷ്‌ക്രിയമായ അക്കൗണ്ടുകൾ ഉണ്ടെന്ന ചോദ്യത്തിനും, അത്തരം വിവരങ്ങൾ പ്രത്യേകം ഫോർമാറ്റിൽ സൂക്ഷിക്കാറില്ലെന്ന മറുപടിയാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഇത്തരം അക്കൗണ്ടുകളുടെ കൃത്യമായ ട്രെൻഡ് ചോദിച്ചപ്പോൾ, ഇൻഓപ്പറേറ്റിങ് അക്കൗണ്ട്സ് സെൽ (IAC) രൂപീകരിച്ചത് 2025-26 കാലയളവിലായതിനാൽ അതിനു മുൻപുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും ഇപിഎഫ്ഒ അറിയിച്ചു.തൊഴിലാളികൾ ജോലി മാറുമ്പോഴോ, കൃത്യമായി പിഎഫ് അക്കൗണ്ടുകൾ പുതിയ കമ്പനികളിലേക്ക് ട്രാൻസ്ഫർ ചെയ്യാതിരിക്കുമ്പോഴോ ആണ് സാധാരണയായി അക്കൗണ്ടുകൾ ഇങ്ങനെ നിഷ്‌ക്രിയമായവ ആകുന്നത്.

TAGS :

Next Story