നീലഗിരിയിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു
രാത്രി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം.

Photo| Special Arrangement
നീലഗിരി: തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു. 52കാരനായ രാജേഷ് ആണ് മരിച്ചത്. നെല്ലാകോട്ടയിലെ നെല്ലിമട്ടത്തായിരുന്നു സംഭവം.
പന്തലൂരിനടുത്തുള്ള നെല്ലാകോട്ട റോക്ക് വുഡ് എസ്റ്റേറ്റിലെ തൊഴിലാളിയായ രാജേഷും ഭാര്യ ഗംഗയും രാത്രി നെല്ലാകോട്ട ബസാറിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോവുകയായിരുന്നു.
എസ്റ്റേറ്റ് ആശുപത്രിക്ക് സമീപമെത്തിയപ്പോൾ കാട്ടാന വരുന്നത് കണ്ട് ഡ്രൈവർ ഓട്ടോറിക്ഷ നിർത്തി. ഈ സമയം, രാജേഷ് ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയോടി. പിന്തുടർന്നെത്തിയ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യയും ഓട്ടോറിക്ഷ ഡ്രൈവറും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കഴിഞ്ഞ ജൂലൈയിലും ജൂണിലും കാട്ടാന ആക്രമണത്തിൽ രണ്ട് പേർ നീലഗിരിയിൽ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 22ന് നീലഗിരി പന്തല്ലൂരിൽ തോട്ടം തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ (58) ആണ് മരിച്ചത്. കൊളപ്പള്ളി അമ്മൻകോവിലിൽ വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം.
ജൂൺ എട്ടിന് നീലഗിരി ബിദർക്കാടിൽ കാട്ടാന ആക്രമണത്തിൽ മലയാളി കർഷകനാണ് കൊല്ലപ്പെട്ടത്. ചന്തക്കുന്ന് പ്രദേശത്ത് താമസിക്കുന്ന ജോയ് ആണ് മരിച്ചത്. സമീപത്തെ കാപ്പിത്തോട്ടത്തിലൂടെ വീട്ടിലേക്ക് നടന്ന് പോകുംവഴിയായിരുന്നു കാട്ടാന ആക്രമിച്ചത്.
Adjust Story Font
16

