Quantcast

രാജ്യസഭയില്‍ ഒരു ചോദ്യം പോലും ചോദിക്കാതെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്; ഹാജര്‍ 30 ശതമാനം മാത്രം

പാര്‍ലമെന്‍റില്‍ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരു സ്വകാര്യ ബില്ലും അവതരിപ്പിച്ചിട്ടുമില്ല

MediaOne Logo

Web Desk

  • Published:

    16 Feb 2023 7:26 AM GMT

former chief justice ranjan gogoi attendance in rajyasabha
X

Ranjan Gogoi 

ഡല്‍ഹി: വിരമിച്ചതിനു പിന്നാലെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പാര്‍ലമെന്‍റില്‍ ഒരു ചോദ്യം പോലും ഇതുവരെ ചോദിച്ചിട്ടില്ല. രാജ്യസഭാ വെബ്സൈറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയെ വിരമിച്ച് നാലു മാസത്തിനു ശേഷം 2020 മാര്‍ച്ച് 19നാണ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. അദ്ദേഹത്തിന്‍റെ രാജ്യസഭയിലെ ഹാജര്‍ നില 30 ശതമാനം മാത്രമാണ്. എംപിമാരുടെ ശരാശരി ഹാജര്‍ നില 79 ശതമാനമാണ്. ഇക്കാലമത്രയും അദ്ദേഹം പാര്‍ലമെന്‍റില്‍ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരു സ്വകാര്യ ബില്ലും അവതരിപ്പിച്ചിട്ടുമില്ല. വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം.

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമാക്കിയപ്പോള്‍ പ്രതിപക്ഷം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞക്കിടെ ഇറങ്ങിപ്പോയി. സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി രാജ്യസഭയിലേക്ക് എത്തുന്ന സാഹചര്യം ജുഡീഷ്യറിക്ക് ദോഷമാണെന്ന് നിയമ മേഖലയില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. അയോധ്യ കേസ്, റഫാല്‍ കേസ്, അസമിലെ എന്‍പിആര്‍ എന്നിങ്ങനെ നിര്‍ണായക കേസുകളില്‍ വിധി പറഞ്ഞ ജഡ്ജിയാണ് രഞ്ജന്‍ ഗൊഗോയ്.

വിരമിച്ച ജഡ്ജിമാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭയിലെ പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അയോധ്യ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിന്‍റെ ഭാഗമായിരുന്ന മുന്‍ ജഡ്ജി അബ്ദുല്‍ നസീറിനെ ആന്ധ്ര പ്രദേശ് ഗവർണറായി നിയമിച്ചതിനെതിരെ പ്രതിഷേധയമുയര്‍ന്നത് അടുത്ത കാലത്താണ്. അദ്ദേഹം വിരമിച്ച് ആറു മാസം കഴിയും മുന്‍പായിരുന്നു നിയമനം.

Summary- Ranjan Gogoi's parliamentary track record as per the official Rajya Sabha portal shows that he has asked zero questions so far. He has also not introduced any private member Bill. The My Participation section - where the audio and video clips can be viewed - of the MP's record on the portal says no records found.

TAGS :

Next Story