Quantcast

ഹൈക്കോടതികളുടെ പേരില്‍ വ്യാജ ഉത്തരവ്; കേന്ദ്രം പറ്റിക്കപ്പെട്ടു, നിരോധിച്ചത് 129 ബെറ്റിങ് വെബ്‌സൈറ്റുകള്‍

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് കേന്ദ്ര സര്‍ക്കാരിനെതിരായ ഗുരുതര കണ്ടെത്തല്‍ പുറത്തുവിട്ടത്

MediaOne Logo
ഹൈക്കോടതികളുടെ പേരില്‍ വ്യാജ ഉത്തരവ്; കേന്ദ്രം പറ്റിക്കപ്പെട്ടു, നിരോധിച്ചത് 129 ബെറ്റിങ് വെബ്‌സൈറ്റുകള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് നിയമവിരുദ്ധമായ 129 ബെറ്റിങ് സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രം ഉത്തരവിട്ടത് വ്യാജ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലെന്ന് കണ്ടെത്തല്‍. രാജസ്ഥാന്‍, അലഹബാദ് ഹൈക്കോടതികളുടെ പേരിലുള്ള ഉത്തരവുകള്‍ വ്യാജമാണോയെന്ന് പരിശോധിക്കാതെയാണ് കേന്ദ്ര ടെലികോം മന്ത്രാലയം സൈറ്റുകള്‍ നിരോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് കേന്ദ്ര സര്‍ക്കാരിനെതിരായ ഗുരുതര കണ്ടെത്തല്‍ പുറത്തുവിട്ടത്. ഉത്തരവുകള്‍ വ്യാജമാണെന്ന് രാജസ്ഥാന്‍, അലഹബാദ് ഹൈക്കോടതികളും സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

2026 ജൂലൈ 21നും സെപ്റ്റംബര്‍ രണ്ടിനുമാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പേരിലുള്ള വ്യാജ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 34ഉം അലഹബാദ് ഹൈക്കോടതിയുടെ പേരിലുള്ള ഉത്തരവിനെ മുന്‍നിര്‍ത്തി 95 സൈറ്റുമാണ് കേന്ദ്രം നിരോധിക്കാന്‍ ആവശ്യപ്പെട്ടത്.

ജൂലൈ 19-ന് രാത്രി 8.59-നാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ പേരിലുള്ള ഉത്തരവ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് ഇമെയില്‍ വഴി ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ഉത്തരവിലെ നിര്‍ദേശം. ഇതില്‍ ആര്യന്‍ ചൗധരി എന്നയാളുടെ പേര് പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ ഈ ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ച സന്ദേശം തിരിച്ചുവന്നതായി റോയിട്ടേഴ്സ് പറയുന്നു. മാത്രമല്ല, കോടതിയുടെ സെര്‍വറില്‍ ഇത്തരമൊരു ഉത്തരവും കണ്ടെത്താനും കഴിഞ്ഞില്ല. ഇതോടെ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പേരിലുള്ള ഉത്തരവ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

കോടതിയുടെ ലോഗോയും ഔദ്യോഗിക മുദ്രയും ഉപയോഗിച്ചായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ പേരിലുള്ള ഉത്തരവ്. ജസ്റ്റിസ് ഗരിമ പ്രസാദിന്റെ പേരിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ഉത്തരവ് പരിശോധിക്കാനെന്ന രീതിയില്‍ ക്യൂആര്‍ കോഡും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രാസ്തുത കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കോടതിയുടെ വെബ്‌സൈറ്റിന് പകരം മറ്റൊരു വെബ് പേജിലേക്കാണ് എത്തിയതെന്നും റോയിട്ടേഴ്സ് പറയുന്നു.

ഉത്തരവില്‍ നല്‍കിയിരിക്കുന്ന കേസ് നമ്പര്‍ കോടതി രേഖകളില്‍ ഉൾപ്പെടുത്താത്തതും സംശയം വര്‍ധിപ്പിച്ചു. ഇതിനുപിന്നാലെയാണ് അലഹബാദ് ഹൈക്കോടതിയുടെ പേരിലുള്ള ഉത്തരവും വ്യാജമെന്ന് സ്ഥിരീകരിച്ചത്. ഗുരുതമായ ഈ കണ്ടെത്തലിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി നവംബര്‍ ആറിന് പൊലീസില്‍ പരാതി നല്‍കി. യുപിയിലെ സൈബര്‍ പൊലീസും പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ട്.

TAGS :

Next Story