Quantcast

'മോഹിച്ച കാനഡ, ബാക്കിയാക്കിയത് നിരാശ'; 15 വർഷത്തെ നിക്ഷേപം പൊട്ടിച്ച് പഠിച്ചിട്ടും രക്ഷയില്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്

മകന് കാനഡയിൽ ഉപരിപഠനം നടത്തുന്നതിനായി 15 വർഷത്തോളം സമ്പാദിച്ച 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിൻവലിച്ച ഒരു കുടുംബത്തിന്റെ അനുഭവമാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്

MediaOne Logo
മോഹിച്ച കാനഡ, ബാക്കിയാക്കിയത് നിരാശ; 15 വർഷത്തെ നിക്ഷേപം പൊട്ടിച്ച് പഠിച്ചിട്ടും രക്ഷയില്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്
X

ന്യൂഡൽഹി: ഉപരിപഠനത്തിനും ജോലിക്കുമായി കാനഡയിലേക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ, വിദേശപഠനത്തിന്റെ സാമ്പത്തിക യാഥാർഥ്യങ്ങളെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചയാകുന്നു. മകന് കാനഡയിൽ ഉപരിപഠനം നടത്തുന്നതിനായി 15 വർഷത്തോളം സമ്പാദിച്ച 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിൻവലിച്ച ഒരു കുടുംബത്തിന്റെ അനുഭവമാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്.

ഹർഷ് ഗുപ്ത എന്ന സമ്പാദ്യ ഉപദേശകനാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ സംഭവം പങ്കുവെച്ചത്. ഉയർന്ന നികുതിയും ജീവിതച്ചെലവും കാരണം ടൊറന്റോയിൽ ജോലി ചെയ്യുന്ന യുവാവിന് ഇന്ത്യയിൽ ലഭിക്കുമായിരുന്നതിനേക്കാൾ കുറഞ്ഞ തുക മാത്രമേ ഇപ്പോൾ സമ്പാദിക്കാൻ കഴിയുന്നുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 15 വർഷത്തെ സമ്പാദ്യമായ 50 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് പിൻവലിച്ചാണ് യുവാവ് കാനഡയിൽ എംഎസ് (മാസ്റ്റർ ഓഫ് സയൻസ്) പഠനത്തിന് പോയത്.

പഠന ശേഷം ടൊറന്റോയിൽ പ്രതിവർഷം 55,000 കാനഡിയൻ ഡോളർ (ഏകദേശം 33-35 ലക്ഷം രൂപ) ശമ്പളമുള്ള ജോലി ലഭിച്ചെങ്കിലും, ഉയർന്ന വീട്ടുവാടകയും നികുതിയും മറ്റ് ചെലവുകളും കഴിഞ്ഞാൽ ഇന്ത്യയിലെ ഒരു ഇടത്തരം നഗരത്തിൽ ലഭിക്കുന്ന ജോലിയേക്കാൾ കുറഞ്ഞ സമ്പാദ്യം മാത്രമേ യുവാവിന്റെ കയ്യിൽ മിച്ചം വരുന്നുള്ളൂ. 50 ലക്ഷം രൂപ ഇന്ത്യയിൽ തന്നെ നിക്ഷേപിച്ചിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ലാഭത്തെക്കുറിച്ച് പലരും ചിന്തിക്കുന്നില്ലെന്ന് ഹർഷ് ഗുപ്ത ഓർമിപ്പിക്കുന്നു. വിദേശ ബിരുദങ്ങൾ പലപ്പോഴും വലിയൊരു സാമ്പത്തിക സ്വാതന്ത്ര്യമായി ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും, യാഥാർഥ്യം മറിച്ചാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പോസ്റ്റ് പുറത്തുവന്നതോടെ കാനഡയിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും നിലവിലെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. യാതൊരു മുൻകരുതലുമില്ലാതെ ഇത്തരം വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിനെ ചിലർ വിമർശിച്ചപ്പോൾ, ഉയർന്ന വിദേശ ജീവിതച്ചെലവുകളെക്കുറിച്ചും തണുപ്പുകാലത്തെ മാനസിക-സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും മറ്റ് ചിലർ പ്രതികരിച്ചു. വിദേശത്ത് പോകുന്നതിന് മുമ്പ് കൃത്യമായ സാമ്പത്തിക ആസൂത്രണം ആവശ്യമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

TAGS :

Next Story