അമ്മയെയും കൈക്കുഞ്ഞിനെയും ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്ന് കുടുംബം
രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരെയെന്ന പേരിലുള്ള അസം പൊലീസിന്റെ നടപടിയെ തുടർന്ന് ധുബ്രി, ചിരാങ്, ബാർപേട്ട, ഡാരങ്, മോറിഗാവ്, കൊക്രഝർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള നിരവധി ആളുകളെ സംസ്ഥാനത്തെ വിദേശികളുടെ ട്രൈബ്യൂണൽ വിദേശികളായി പ്രഖ്യാപിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്ത ശേഷം കാണാതായിട്ടുള്ളതായി കുടുംബങ്ങൾ ആരോപിക്കുന്നു

അസം: അസമിൽ കൈക്കുഞ്ഞുമായി സ്ത്രീയെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി സ്‌ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 24ന് പുലർച്ചെ 3 മണിക്ക് അസമിലെ ദരാങ് ജില്ലയിൽ 42കാരിയായ മണിക്ജൻ ബീഗത്തിനെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചു കൊണ്ടുപോയി ഏകദേശം 12 മണിക്കൂറിനുശേഷം രേഖകൾ പരിശോധിച്ചതിന് ശേഷം വിട്ടയച്ചു. 2018-ൽ വിദേശികളുടെ ട്രൈബ്യൂണൽ വിദേശിയായി പ്രഖ്യാപിച്ച ബീഗത്തെ അടുത്ത ദിവസം വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായി മകൻ പറഞ്ഞു. പൗരത്വ കേസുകളിൽ വിധി പറയുന്ന അസമിന് മാത്രമുള്ള ക്വാസി-ജുഡീഷ്യൽ സ്ഥാപനങ്ങളാണ് വിദേശികളുടെ ട്രൈബ്യൂണലുകൾ.
പൊലീസ് സ്റ്റേഷനിലേക്കുള്ള രണ്ടാമത്തെ സന്ദർശനത്തിൽ ബീഗത്തിന്റെ ഭർത്താവും എട്ട് മാസം പ്രായമുള്ള കുഞ്ഞും അവരോടൊപ്പമുണ്ടായിരുന്നു. 'ധുല പൊലീസ് സ്റ്റേഷനിൽ നിന്ന് അവരെ മംഗൾദായിലെ പൊലീസ് റിസർവിലേക്ക് കൊണ്ടുപോയി ഉച്ച 1 മണി വരെ അവിടെ ഇരുത്തി വീണ്ടും പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് കൊണ്ടുവന്നു.' 22 വയസ്സുള്ള മൂത്ത മകൻ ബാരെക് അലി പറഞ്ഞതായി സ്ക്രോൾ റിപ്പോർട്ട്. മെയ് 25ന് ഉച്ചകഴിഞ്ഞ് അതിർത്തി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ചാണ് കുടുംബാംഗങ്ങൾ ബീഗത്തെ അവസാനമായി കണ്ടതെന്ന് അലി അവകാശപ്പെടുന്നു. 'ഞങ്ങൾ രാത്രി 8 മണി വരെ എസ്പിയുടെ ഓഫീസിൽ കാത്തിരുന്നു. പക്ഷേ അവർ പുറത്തുവന്നില്ല.' അലി പറഞ്ഞു.
അടുത്ത രണ്ട് ദിവസങ്ങളിലും ബീഗത്തിന്റെ കുടുംബാംഗങ്ങൾ ധുല പോലീസ് സ്റ്റേഷനിലും ഡാരംഗ് എസ്പിയുടെ ഓഫീസിലും സന്ദർശനം തുടർന്നു. 'രണ്ട് ദിവസം ഞങ്ങൾ തുടർച്ചയായി സ്റ്റേഷനിൽ പോയെങ്കിലും അവരോ കുട്ടിയോ എവിടെയാണെന്ന് അറിയില്ലെന്നാണ് അവർ പറഞ്ഞത്.' അലി പറഞ്ഞു. ബീഗം എവിടെയാണെന്ന് തനിക്ക് അറിയില്ലെന്ന് ഡാരംഗ് പോലീസ് സൂപ്രണ്ട് പ്രകാശ് സോനോവാൾ പറഞ്ഞതായി സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു.
രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരെയെന്ന പേരിലുള്ള അസം പൊലീസിന്റെ നടപടിയെ തുടർന്ന് ധുബ്രി, ചിരാങ്, ബാർപേട്ട, ഡാരങ്, മോറിഗാവ്, കൊക്രഝർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള നിരവധി ആളുകളെ സംസ്ഥാനത്തെ വിദേശികളുടെ ട്രൈബ്യൂണലുകൾ വിദേശികളായി പ്രഖ്യാപിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്ത ശേഷം കാണാതായിട്ടുള്ളതായി കുടുംബങ്ങൾ ആരോപിക്കുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വിശേഷിപ്പിച്ച 'പുഷ്-ബാക്ക്' നടപടികളുടെ ഭാഗമായി തങ്ങളുടെ കുടുംബാംഗങ്ങളെ ഇന്ത്യയിൽ നിന്ന് നാടുകടത്തിയതായി പലരും ഭയപ്പെടുന്നു. സുപ്രിം കോടതിയിൽ പൗരത്വ കേസ് ഇപ്പോഴും പരിഗണിക്കുന്ന മോറിഗാവ് ജില്ലയിലെ മുൻ സർക്കാർ അധ്യാപകനായ ഖൈറുൾ ഇസ്‌ലാമിനെ മാട്ടിയ തടങ്കൽ കേന്ദ്രത്തിൽ നിന്ന് പിടികൂടി അസമിലെ സൗത്ത് സൽമാര ജില്ലയ്ക്ക് സമീപമുള്ള ബംഗ്ലാദേശ് അതിർത്തിയിലൂടെ നാടുകടത്തിയതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു.
കാണാതായി രണ്ട് ദിവസത്തിന് ശേഷം ബീഗത്തിന്റെ കുടുംബാംഗങ്ങളുടെ ഏറ്റവും മോശമായ ഭയം സ്ഥിരീകരിച്ചു. ബംഗ്ലാദേശിലെ ലാൽമോനിർഹട്ടിൽ മെയ് 28ന് രാവിലെ ആറ് സ്ത്രീകളും ഒരു കുഞ്ഞും ഉൾപ്പെടെ 13 പേരെ ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേന ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി പ്രദേശവാസികളെ ഉദ്ധരിച്ച് ഡിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള ആൾത്താമസമില്ലാത്ത സ്ഥലത്താണ് അവരെ കണ്ടെത്തിയത്. റിപ്പോർട്ടിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം തന്റെ അമ്മ ഒരു വയലിൽ നിൽക്കുന്നത് കണ്ടതായി അലി സ്ഥിരീകരിച്ചു. 'എന്റെ അമ്മയെ അതിർത്തിക്കപ്പുറത്തേക്ക് കൊണ്ടുപോയി. അവർ മനുഷ്യരാണോ അതോ മൃഗങ്ങളാണോ?' അലി അവിശ്വാസത്തോടെ ചോദിച്ചു.
ബുധനാഴ്ച പുലർച്ചെ ആറ് പുരുഷന്മാരും ആറ് സ്ത്രീകളും ഒരു കുഞ്ഞും ഉൾപ്പെടെ 13 പേരെ ബിഎസ്എഫ് ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ബംഗ്ലാദേശിലെ ലാൽമോനിർഹട്ടിലെ അദിത്മാരി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ മുഹമ്മദ് അലി അക്ബർ പറഞ്ഞതായി സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 28ന് ബംഗ്ലാദേശ് പത്രമായ ദി ഡെയ്‌ലി സ്റ്റാർ '13 ആളുകൾ ബംഗ്ലാദേശിലേക്ക് കടക്കാൻ കഴിയാതെയും ഇന്ത്യയിലേക്ക് വീണ്ടും പ്രവേശനം നിഷേധിച്ചും സീറോ ലൈനിൽ കുടുങ്ങിക്കിടക്കുകയാണ് റിപ്പോർട്ട് ചെയ്തു. 'എന്റെ അമ്മക്ക് എങ്ങനെ ബംഗ്ലാദേശിയാകാൻ കഴിയും? അവരുടെ സഹോദരിമാരും കുടുംബാംഗങ്ങളുമെല്ലാം ഇന്ത്യക്കാരാണ്. വർഷങ്ങളായി അവർ ഇവിടെ വോട്ട് ചെയ്യുന്നു.' അലി ചോദിക്കുന്നു. 2018 ഫെബ്രുവരി 22-ന് ഡാരംഗിലെ വിദേശികളുടെ ട്രൈബ്യൂണൽ ബീഗത്തെ 'ബംഗ്ലാദേശിൽ നിന്നുള്ള വിദേശി'യായി പ്രഖ്യാപിച്ചിരുന്നു. ബീഗവും അവരുടെ അഭിഭാഷകനും ട്രൈബ്യൂണലിന് മുന്നിൽ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ട്രൈബുണൽ വിധി പുറപ്പെടുവിച്ചത്.
Adjust Story Font
16

