Quantcast

'യുപിയിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ ഒരു കോടി ഹിന്ദുക്കളും പാകിസ്താനികളാണോ?'; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഫാറൂഖ് അബ്ദുല്ല

തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിന് കൂട്ടുനിൽക്കുകയാണെന്ന് ഫാറൂഖ് അബ്ദുല്ല ആരോപിച്ചു

MediaOne Logo
യുപിയിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ ഒരു കോടി ഹിന്ദുക്കളും പാകിസ്താനികളാണോ?; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഫാറൂഖ് അബ്ദുല്ല
X

ന്യൂഡൽഹി: വോട്ടർപട്ടിക തീവ്രപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് 'നുഴഞ്ഞുകയറ്റക്കാർ' എന്ന പ്രചാരണത്തിൽ ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമർശിച്ച് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ഉത്തർപ്രദേശിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കോടിയിലധികം ഹിന്ദു വോട്ടർമാരും പാകിസ്താനികളാണോ എന്ന് അദ്ദേഹം ചോദിച്ചു. ന്യൂഡൽഹി രാംലീല മൈതാനിയിൽ ഇൻഡ്യ മുന്നണി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകളെ നിരന്തരം പാകിസ്താനികൾ എന്ന് വിളിച്ച് ബിജെപിയും ആർഎസ്എസും അവരുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുകയാണെന്ന് ഫാറൂഖ് അബ്ദുല്ല കുറ്റപ്പെടുത്തി. ''ഞങ്ങൾ ഈ രാജ്യത്തിനായി രക്തം ചിന്തിയവരാണ്. ഈ രാജ്യത്ത് തന്നെ ജീവിച്ച് ഇതിനെ ശക്തിപ്പെടുത്തേണ്ടവരാണ് ഞങ്ങൾ'' - അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിന് കൂട്ടുനിൽക്കുകയാണെന്ന് ഫാറൂഖ് അബ്ദുല്ല ആരോപിച്ചു. എത്ര കാലം ഇത്തരം ഒഴികഴിവുകൾ പറയുമെന്നും അദ്ദേഹം ചോദിച്ചു. ഏത് മതത്തിൽപ്പെട്ടവരായാലും ഇന്ത്യക്കാരാണെന്നും തുല്യാവകാശങ്ങളോടെ ഇവിടെ ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അംബേദ്കറുടെ ഭരണഘടനയാണെന്നും എല്ലാവർക്കും തുല്യ വോട്ടവകാശമുണ്ടെന്നും ഓർമിപ്പിച്ച അദ്ദേഹം, ഒരു പൗരന്റെയും വോട്ടവകാശം നിഷേധിക്കപ്പെടരുതെന്ന് വ്യക്തമാക്കി. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അങ്ങനെ തന്നെ തുടരുമെന്നും വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

രാജ്യത്ത് ഭരണഘടനയെ പൊളിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിലെ ജനങ്ങളെ തകർത്തുകളഞ്ഞുവെന്നും, ഇതേ അവസ്ഥ രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ അനുവദിക്കരുതെന്നും അവർ പറഞ്ഞു.രാജ്യത്തിന്റെ ഭൂമി കോർപറേറ്റുകൾക്ക് തുച്ഛമായ വിലയ്ക്ക് കൈമാറുകയാണെന്നും നൽകിയ തൊഴിൽ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും അവർ ആരോപിച്ചു. അഭിമാനത്തോടെ സൈന്യത്തിൽ ചേർന്നവരെപ്പോലും ദിവസവേതനക്കാരാക്കി മാറ്റിയെന്നും അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ പോലും മോഷ്ടിക്കപ്പെട്ടെന്നും അവർ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് സർക്കാരുകളെ തെരഞ്ഞെടുക്കാനും മാറ്റാനുമുള്ള ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മെഹബൂബ ആരോപിച്ചു.

TAGS :

Next Story