Quantcast

അച്ഛൻ ഐസിയുവിൽ; സഹായത്തിനായി ഹോട്ടലിൽ മുറിയെടുത്തു, ഡൽഹി തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം

ചാർട്ടേഡ് അക്കൗണ്ടന്‍റായ വിവേക് ​​അഗർവാളും കുടുംബവുമാണ് മരിച്ചത്

MediaOne Logo
അച്ഛൻ ഐസിയുവിൽ; സഹായത്തിനായി ഹോട്ടലിൽ മുറിയെടുത്തു, ഡൽഹി തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം
X

ഡൽഹി: സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഫ്ലൂറിഷ് സ്റ്റേ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റിൽ ബുധനാഴ്ച ഉണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ട് പേരാണ് വെന്തുമരിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്‍റായ വിവേക് ​​അഗർവാളും കുടുംബവുമാണ് മരിച്ചത്.

ഗുരുഗ്രാമിലെ സെക്ടർ 46-ൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്‍റായ വിവേക് ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാൻ തലസ്ഥാനത്ത് എത്തിയിരുന്നു. ഭാര്യ തർജനി അഗർവാൾ, രണ്ട് പെൺമക്കളായ ജീവഷ, വാര്യ, മറ്റ് നാല് ബന്ധുക്കൾ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ചികിത്സ ആവശ്യങ്ങൾക്കായി ഫ്ലൂറിഷ് സ്റ്റേയിലെ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റിൽ വിവേക് ​​രണ്ട് മുറികൾ ബുക്ക് ചെയ്തിരുന്നു. ഇവിടെയാണ് രാജ്യത്തെ ഞെട്ടിച്ച തീപിടിത്തമുണ്ടായത്. ഹോട്ടലിലെ റസ്റ്റോറന്‍റിൽ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് തീ പടര്‍ന്നുപിടിച്ചത്. തീപിടിത്തത്തിൽ എട്ട് പേരും മരിച്ചു.

ഇപ്പോൾ കുടുംബത്തിൽ അവശേഷിക്കുന്നത് ഐസിയുവിൽ കഴിയുന്ന വിവേകിന്‍റെ പിതാവ് 80കാരനായ രാധേ ശ്യാം അഗർവാൾ മാത്രമാണ്. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മറ്റ് കുടുംബാംഗങ്ങൾ പിന്നീട് ആശുപത്രിയിൽ എത്തിയെങ്കിലും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചതിനുശേഷം മാത്രമേ കൈമാറുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.ബന്ധുക്കൾ ഗുരുഗ്രാമിലെ വീട്ടിലെത്തിയപ്പോൾ സെക്ടർ 46 ലെ കുടുംബ വീട് ബുധനാഴ്ച ശൂന്യമായിരുന്നു. എട്ട് പേരുടെ അപ്രതീക്ഷിത വിയോഗം പ്രദേശത്തെ തന്നെ ദുഃഖത്തിലാഴ്ത്തി.

ബുധനാഴ്ച രാവിലെ 8.30ഓടെ ഉണ്ടായ തീപിടിത്തം അതിവേഗം അഞ്ച് നില കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. 12 വിദേശികൾ ഉൾപ്പെടെ കുറഞ്ഞത് 21 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീപിടിത്തമുണ്ടായപ്പോൾ ഏകദേശം 40 പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നതായും അവരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

കെട്ടിടത്തിന് ഒരൊറ്റ പ്രവേശന കവാടവും എക്സിറ്റ് പോയിന്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഡൽഹി പോലീസ് പറഞ്ഞു. ജനാലകൾ സ്ഥിരമായി അടച്ചിരുന്നു, പ്രധാന വാതിൽ സെൻസർ ഉപയോഗിച്ചാണ് പ്രവർത്തിപ്പിച്ചിരുന്നത്. തീ പടർന്നുപിടിച്ചുകഴിഞ്ഞാൽ, അതിഥികൾക്ക് പുറത്തിറങ്ങാൻ വളരെ പരിമിതമായ വഴികളേ ഉണ്ടായിരുന്നുള്ളൂ.

ഡൽഹി സർക്കാരിന്‍റെ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സ്കീം പ്രകാരമാണ് ഹോട്ടലിന് ലൈസൻസ് ലഭിച്ചത്. ഈ പദ്ധതി പ്രകാരം ഒരു പ്രോപ്പർട്ടിക്ക് ആറ് മുറികളിൽ കൂടുതൽ പ്രവർത്തിക്കാൻ പാടില്ല. തീപിടിത്തമുണ്ടായ സമയത്ത്, ഫ്ലൂറിഷ് സ്റ്റേയിൽ 25 മുറികളുണ്ടായിരുന്നു. അവയിൽ ചിലത് ബേസ്മെന്റിലായിരുന്നുവെന്ന് എൻഡിടിവിയോട് സംസാരിച്ച വൃത്തങ്ങൾ പറഞ്ഞു.

TAGS :

Next Story