Quantcast

'കാനഡ സുരക്ഷിതമായ സ്ഥലമാണെന്നാ അവന്‍ പറഞ്ഞത്': കണ്ണീരോടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പിതാവ്

"എനിക്ക് എന്‍റെ മകനെ നഷ്ടപ്പെട്ടു. എനിക്ക് നീതി വേണം"

MediaOne Logo

Web Desk

  • Published:

    10 April 2022 3:17 AM GMT

കാനഡ സുരക്ഷിതമായ സ്ഥലമാണെന്നാ അവന്‍ പറഞ്ഞത്: കണ്ണീരോടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പിതാവ്
X

ഡല്‍ഹി: "വിഷമിക്കേണ്ട, കാനഡ വളരെ സുരക്ഷിതമായ സ്ഥലമാണെന്ന് അവന്‍ എന്നോട് പറയുമായിരുന്നു"- ടൊറന്‍റോയിൽ വെടിയേറ്റ് മരിച്ച 21കാരനായ കാർത്തികിന്‍റെ പിതാവ് ജിതേഷ് വാസുദേവ് പറഞ്ഞു.

ഗാസിയാബാദ് സ്വദേശിയായ കാർത്തിക് വാസുദേവ് ​​ഈ വര്‍ഷം ജനുവരിയിലാണ് ടൊറന്‍റോയിലേക്ക് പോയത്. അവിടെയുള്ള സെനെക കോളജിൽ മാനേജ്‌മെന്‍റ് കോഴ്‌സില്‍ ചേര്‍ന്നു. പാർട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു. ജോലി സ്ഥലത്തേക്ക് പോകവേ വ്യാഴാഴ്ച വൈകുന്നേരമാണ് കാര്‍ത്തികിന് ഒന്നിലേറെ തവണ വെടിയേറ്റത്. ടൊറന്‍റോയിലെ സബ്‌വേ സ്റ്റേഷന്‍റെ പ്രവേശന കവാടത്തിൽ വെച്ചാണ് കാര്‍ത്തികിന് വെടിയേറ്റതെന്ന് സിറ്റി പൊലീസ് അറിയിച്ചു. കാര്‍ത്തികിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകന് വെടിയേറ്റതായി ടൊറന്‍റോ പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ജിതേഷ് വാസുദേവ് ​​പറഞ്ഞു- "എനിക്ക് എന്‍റെ മകനെ നഷ്ടപ്പെട്ടു. എനിക്ക് നീതി വേണം. എന്റെ മകന് എന്ത് സംഭവിച്ചു, ആരാണ് കൊന്നത്, എന്തായിരുന്നു കൊലയാളികളുടെ ലക്ഷ്യം എന്നെല്ലാം എനിക്ക് അറിയണം. അവൻ രണ്ട് മാസം മുന്‍പാണ് അവിടെയെത്തിയത്. ആത്മാര്‍ഥതയുള്ള കുട്ടിയായിരുന്നു. ഞാൻ ടൊറന്‍റോ പൊലീസുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ അവർ പ്രതികരിക്കുന്നില്ല".

കാർത്തികിന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാനുള്ള ശ്രമത്തിലാണെന്നും 7-8 ദിവസമെടുക്കുമെന്നും കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു- "എനിക്ക് സർക്കാരിൽ നിന്ന് ഇതുവരെ അന്വേഷണമോ പിന്തുണയോ ലഭിച്ചിട്ടില്ല. സർക്കാരിൽ നിന്ന് എനിക്ക് രണ്ട് കാര്യങ്ങൾ വേണം. ഒന്നാമതായി എന്‍റെ മകന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണം. രണ്ടാമതായി എനിക്ക് നീതി വേണം. ആരാണ് കുറ്റവാളിയെന്ന് അറിയണം, ശിക്ഷിക്കണം" ജിതേഷ് വാസുദേവ് ​​പറഞ്ഞു.

കാനഡയിലേക്ക് പോകുക എന്നത് കാർത്തികിന്‍റെ സ്വപ്നമായിരുന്നുവെന്ന് പിതാവ് പറഞ്ഞു. "ചിലപ്പോൾ പുലർച്ചെ ഒരു മണിക്കാണ് അവന്‍ ജോലി കഴിഞ്ഞ് മടങ്ങുക. സുരക്ഷിതമായ നഗരമാണ്, ഒന്നും സംഭവിക്കില്ല, ആശങ്കപ്പെടേണ്ടെന്ന് അവന്‍ പറയാറുണ്ടായിരുന്നു. വൈകുന്നേരം 4.30നാണ് അവന് വെടിയേറ്റത്. അത് സുരക്ഷിത നഗരമാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല".

കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കള്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തപ്പോള്‍ കാര്‍ത്തികിന് അബദ്ധത്തില്‍ വെടിയേറ്റെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഞെട്ടിച്ച, ഏറെ വിഷമിപ്പിച്ച സംഭവമാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വീറ്റ് ചെയ്തു- "ഞങ്ങൾ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും". വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അനുശോചനം രേഖപ്പെടുത്തി.

Summary- "He used to tell me don't worry, Canada is very safe"- Jitesh Vasudev said today recounting his conversations with his 21 year old son Kartik, who was shot dead in Toronto.

TAGS :

Next Story