അടിമുടി 'ഹാങ്'; ഫുട്‌ബോൾ ആരാധക രോഷം അറിഞ്ഞ് സീ 5
ഇന്ത്യയിലെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ 'സീ5' ആപ്പിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാണ് അർദ്ധരാത്രിയിൽ കളി കാണാനിരുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് മുമ്പിൽ വില്ലനായത്

- Published:
12 Jun 2026 8:08 AM IST

ന്യുഡൽഹി: നാല് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ഫിഫ വേൾഡ് കപ്പ് കാണാൻ ദിവസങ്ങൾക്ക് മുമ്പേ ആരാധകർ മുന്നൊരുക്കം ആരംഭിച്ചിരുന്നു. മെക്‌സിക്കോയിലെ പ്രശസ്തമായ എസ്റ്റാഡിയോ അസ്‌ടെക്ക സ്റ്റേഡിയത്തിൽ പന്തുരുണ്ടതോടെ ഫുട്‌ബോൾ പ്രേമികൾ ആവേശത്തിലായെങ്കിലും ഇന്ത്യൻ ആരാധകർക്ക് ആദ്യദിനം സമ്മാനിച്ചത് കടുത്ത നിരാശ. ഇന്ത്യയിലെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ 'സീ5' ആപ്പിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാണ് അർദ്ധരാത്രിയിൽ കളി കാണാനിരുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് മുമ്പിൽ വില്ലനായത്.
മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരവും ഓപ്പണിംഗ് സെറിമണിയും തത്സമയം ആസ്വദിക്കാൻ വലിയ തുക നൽകി സബ്സ്‌ക്രിപ്ഷൻ എടുത്തവർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അമർഷം രേഖപ്പെടുത്തി. ഇന്നലെ പകൽ തന്നെ സീ5 പ്ലാറ്റ്ഫോമിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഫിഫ ലോകകപ്പിനായി കമ്പനി അവതരിപ്പിച്ച 799 രൂപയുടെ പ്രത്യേക പാക്കേജിൽ ആദ്യം വാഗ്ദാനം ചെയ്തിരുന്ന 3 ഡിവൈസ് ആക്‌സസ് (ഒരേസമയം മൂന്ന് സ്‌ക്രീനുകളിൽ കാണാനുള്ള സൗകര്യം) പെട്ടെന്ന് ഒരു ഡിവൈസ് മാത്രമായി വെട്ടിക്കുറച്ചതാണ് തുടക്കത്തിൽ ആരാധകരെ ചൊടിപ്പിച്ചത്. ഓൺലൈനിൽ വൻ തോതിൽ പ്രതിഷേധം ഉയർന്നതോടെ പ്ലാറ്റ്ഫോം പഴയതുപോലെ മൂന്ന് ഡിവൈസ് ആക്‌സസ് പുനഃസ്ഥാപിക്കാൻ നിർബന്ധിതരായി.
മത്സരം കാണാനായി ആരാധകർ ലോഗിൻ ചെയ്തതോടെ ആപ്പ് പൂർണ്ണമായും പണിമുടക്കി. കളി നടന്നുകൊണ്ടിരിക്കുമ്പോൾ ലൈവ് സ്ട്രീം അടിക്കടി ഫ്രീസ് ആവുകയും ബഫറിംഗ് അനുഭവപ്പെടുകയും ചെയ്തു എന്നായിരുന്നു പ്രധാനപരാതി. അക്കൗണ്ടുകൾ ലോഗിൻ ചെയ്യാൻ പറ്റാത്ത അവസ്ഥ, പലർക്കും ഒടിപി വരാത്ത സാഹചര്യവും ആരാധകരെ ചൊടിപ്പിച്ചു. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Adjust Story Font
16
