ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; ഒന്നാം ഘട്ടത്തിലെ റെക്കോർഡ് പോളിംഗ് ആവർത്തിക്കുമോ?
20 ജില്ലകളിലെ 122 നിയമസഭാമണ്ഡലങ്ങളിൽ മൂന്ന് കോടി എഴുപത് ലക്ഷം വോട്ടർമാർ ഇന്ന് ബൂത്തിലെത്തും

പട്ന: ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. 20 ജില്ലകളിലെ മൂന്ന് കോടി എഴുപത് ലക്ഷം വോട്ടർമാരാണ് ബൂത്തിലെത്തുക. 122 നിയമസഭാമണ്ഡലങ്ങലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നിശബ്ദ പ്രചാരണത്തിൽ ജനകീയ പ്രഖ്യാപനങ്ങളും വോട്ടു കൊള്ളയും ഓപ്പറേഷൻ സിന്ധൂറും ഉയർത്തിക്കാട്ടി വോട്ടുറപ്പിക്കുകയാണ് മുന്നണികൾ.
വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ നേതാക്കളും സ്വതന്ത്രരും ഉൾപ്പെടെ 1302 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇവരിൽ 1165 പുരുഷന്മാരും 136 സ്‌ത്രീകളുമാണ്. കഴിഞ്ഞ തവണ 15 സീറ്റുകൾ മൂവായിരത്തിൽ താഴെയും മൂന്നിടത്ത് ആയിരം വോട്ടിൽ താഴെയും ഭൂരിപക്ഷത്തിൽ ജയിച്ച സാഹചര്യത്തിൽ നിർണായകമാണ് ഇത്തവണത്തെ ജനവിധി. വിജയം ഉറപ്പിച്ച മട്ടിലാണ് ബിജെപിയുടെ പ്രാചരണം നടന്നത്. എന്നാൽ പണമൊഴുക്കിയാണ് എൻഡിഎ യോഗത്തിലേക്ക് ആളുകളെ എത്തിക്കുന്നതെന്ന വാദവും ശക്തമാണ്. ഒന്നാം ഘട്ടത്തിലെ റെക്കോർഡ് പോളിംഗ് ഇന്നും സംഭവിക്കുമോ എന്നാണ് ബിഹാർ ഉറ്റുനോക്കുന്നത്.
243 നിയമസഭ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. ഭരണം ലഭിക്കാൻ വേണ്ടത് 122 സീറ്റുകൾ. ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികളുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും ജെഡിയു, ബിജെപി, ചിരാഗ് പസ്വാൻ്റെ എൽജെപിയും അടങ്ങുന്ന എൻഡിഎ സഖ്യവുമാണ് തെരഞ്ഞെടുപ്പ് ഗോഥയിലെ പ്രധാനികൾ. മുൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് കിഷോർ സ്ഥാപിച്ച ജൻ സുരാജ് പാർട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. പ്രശാന്ത് കിഷോർ ആരുടെ വോട്ടുകൾ ചോർത്തും എന്ന ആശങ്ക ഇരുമുന്നണികൾക്കുമുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണങ്ങൾക്ക് പിന്നാലെ നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് എന്ന നിലക്ക് ബിഹാർ തെരഞ്ഞെടുപ്പ് ഫലം നിർണായകമാകും.
Adjust Story Font
16

