ട്രെയിൻ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ഫാസ്റ്റാഗ്, പാന്‍ കാര്‍ഡ്; നിയമങ്ങളിൽ നാളെ മുതൽ മാറ്റം, ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും
പരിഷ്കരിച്ച ആദായ നികുതി നിയമം നിലവിൽ വരുന്നതോടെ നികുതി നടപടികൾ കൂടുതൽ എളുപ്പമാകും

- Published:
31 March 2026 2:33 PM IST

ന്യൂഡൽഹി : പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ നിരവധി പരിഷ്കാരങ്ങളാണ് നിലവിൽ വരുന്നത്. ഫസ്റ്റാഗ്, ക്രെഡിറ്റ് കാർഡ്, എടിഎം എന്ന് തുടങ്ങി പലതിലും മാറ്റങ്ങൾ വരുകയാണ്.
2026 ഏപ്രിൽ 1 മുതൽ ദേശീയപാതാ അതോറിറ്റി ഫസ്റ്റാഗ് വാർഷിക പാസ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു. പരിഷ്‌ക്കരിച്ച നിരക്ക് പ്രകാരം 3,000 രൂപയുണ്ടായിരുന്ന പാസ് തുക ഇനി മുതൽ 3,075 രൂപയായി മാറും. വാണിജ്യ ആവശ്യങ്ങൾക്കല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കാണ് ഈ നിരക്ക് വർധനവ് ബാധകമാകുന്നത്. വർധനവ്പ വളരെ ചെറുതാണെങ്കിലും, പതിവായി ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
2025 ആഗസ്റ്റിൽ ആരംഭിച്ചത് മുതൽ 56 ലക്ഷത്തിലധികം ഉപയോക്താക്കൾ ഫാസ്റ്റാഗ് വാർഷിക പാസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഏപ്രിൽ ഒന്നിന് മുമ്പായി പാസ് എടുക്കുന്നവർക്ക് പഴയ നിരക്കായ 3,000 രൂപയ്ക്ക് തന്നെ ഇത് സ്വന്തമാക്കാവുന്നതാണ്. അധിക ചിലവ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസത്തിനുള്ളിൽത്തന്നെ പുതുക്കൽ നടപടികൾ പൂർത്തിയാക്കാം.
ഒരു വർഷം കാലാവധിയുള്ള ഈ പാസ് ഉപയോഗിച്ച് 200 തവണ ടോൾ കടക്കാനാകും. പതിവ് യാത്രക്കാർക്ക് ടോൾ നിരക്കിൽ 80 ശതമാനം വരെ ലാഭം നേടാൻ ഇതിലൂടെ സാധിക്കും. കൂടാതെ, ടോൾ ബൂത്തുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ഇന്ധനവും സമയവും ലാഭിക്കാനും ഇതിലൂടെ കഴിയും. രാജ്യത്തുടനീളമുള്ള ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഈ വാർഷിക പാസ് ഉപയോഗിച്ച് തടസ്സമില്ലാതെ യാത്ര ചെയ്യാം.
ഏപ്രിൽ ഒന്ന് മുതൽ എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് എടിഎം നിബന്ധനകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കുകളിലെ പണം പിൻവലിക്കൽ നടപടികൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രതിദിന പണം പിൻവലിക്കൽ പരിധിയിൽ കുറവ് വരുത്താൻ സാധ്യതയുണ്ട് എന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം. കൂടാതെ, യുപിഐ (UPI) അധിഷ്ഠിത പണം പിൻവലിക്കലുകൾ ഇനി മുതൽ മാസത്തെ സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തും. യുപിഐ ആപ്പുപയോഗിച്ച് ക്യുആർകോഡ് സ്‌കാൻ ചെയ്ത് എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്നത് മാസംതോറുമുള്ള സൗജന്യ എടിഎം ഇടപാടുകളുടെ ഭാഗമാക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്.ആപ്പുപയോഗിച്ചാണ് എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതെങ്കിലും 23 രൂപയും ജിഎസ്ടിയും ഫീസായി ബാങ്ക് ഈടാക്കും.
പഞ്ചാബ് നാഷണൽ ബാങ്ക് ചില ഡെബിറ്റ് കാർഡുകൾക്കുള്ള എടിഎം വഴിയുള്ള പണം പിൻവലിക്കൽ പരിധികൾ പരിഷ്കരിച്ചു. ചില ഡെബിറ്റ് കാർഡുകൾക്ക് ദിവസം തോറും എടിഎമ്മിൽനിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധിയാണ് കുറച്ചത്. നേരത്തെ ചില കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാമായിരുന്നു. പുതിയ നിയമപ്രകാരം ഇത് 50,000 രൂപ മുതല്‍ 75,000 രൂപ വരെ ആയി കുറയും. ഓരോ കാര്‍ഡിന്റെയും തരത്തിനനുസരിച്ചായിരിക്കും ഈ മാറ്റം. എല്ലാ കാർഡ് വിഭാഗങ്ങൾക്കും ഇത് ബാധകമല്ല.
ബന്ധൻ ബാങ്ക് മാസം തോറുമുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം പുതുക്കി. മാസത്തില്‍ അഞ്ച് തവണയായുള്ള പണം പിന്‍വലിക്കല്‍ സൗജന്യമായിരിക്കും. മറ്റു ബാങ്കുകളുടേതിൽ മെട്രോ നഗരങ്ങളിൽ മൂന്നും മറ്റു നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകളാണ് ഏപ്രിൽമുതൽ ലഭിക്കുക. പണമല്ലാത്ത ഇടപാടുകള്‍ക്ക് പരിധിയില്ല. ഇത് കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ അധികം നല്‍കണം.
2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആദായനികുതി ചട്ടങ്ങൾ അനുസരിച്ച്, ക്രെഡിറ്റ് കാർഡ് വഴിയുള്ള ഉയർന്ന സാമ്പത്തിക ഇടപാടുകൾക്ക് നികുതി വകുപ്പിന്റെ കർശന നിരീക്ഷണം ഉണ്ടാകും. സാധാരണക്കാർക്ക് വലിയ ആശങ്ക വേണ്ടെങ്കിലും, ഉയർന്ന തുക കാർഡ് വഴി ചിലവാക്കുന്നവർക്കും വിദേശയാത്രകൾ നടത്തുന്നവർക്കും പുതിയ നിയമം വലിയ രീതിയിലുള്ള വെല്ലുവിളികൾ ഉയർത്തും.
പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഉയർന്ന തുകയുടെ ചിലവുകൾ റിപ്പോർട്ട് ചെയ്യുന്നതിലാണ്. ഒരു സാമ്പത്തിക വർഷം നിങ്ങളുടെ ആകെ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് 10 ലക്ഷം രൂപയിൽ കൂടുതൽ വരുന്നുണ്ടെങ്കിൽ ബാങ്കുകൾ ഈ വിവരങ്ങൾ നിർബന്ധമായും ആദായനികുതി വകുപ്പിനെ അറിയിച്ചിരിക്കണം. കൂടാതെ, വിദേശരാജ്യങ്ങളിൽ പോയി വലിയ തുക ചിലവാക്കുന്നതും ഇനി മുതൽ പ്രത്യേകമായി നിരീക്ഷിക്കപ്പെടും. ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ വരുന്ന ക്രെഡിറ്റ് കാർഡ് ക്യാഷ് പേയ്‌മെന്റുകളും ഇനി മുതൽ കൃത്യമായി ട്രാക്ക് ചെയ്യപ്പെടും. കമ്പനികൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ജീവനക്കാരെയും പുതിയ നിയമം നേരിട്ട് ബാധിക്കും. ഏപ്രിൽ മുതൽ, ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വ്യക്തിപരമായ ഷോപ്പിംഗിനോ വിനോദയാത്രകൾക്കോ ആയി കമ്പനി കാർഡ് ഉപയോഗിച്ചാൽ, ആ തുക നിങ്ങളുടെ ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കി നികുതി ഈടാക്കുന്നതാണ്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആദായനികുതി അടയ്ക്കാനുള്ള പുതിയ സൗകര്യമാണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. നെറ്റ് ബാങ്കിങ്ങിനോ ഡെബിറ്റ് കാർഡിനോ പുറമെ ക്രെഡിറ്റ് കാർഡ് വഴിയും ഇനി ടാക്‌സ് അടയ്ക്കാം. കയ്യിൽ പണമില്ലാത്ത സാഹചര്യത്തിൽ നികുതി അടയ്ക്കാൻ ഇത് സഹായകരമാകുമെങ്കിലും, ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഏപ്രിൽ 1 മുതൽ പാൻ കാർഡ് ഇല്ലാതെ ബാങ്കുകൾ പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കില്ലെന്ന് മാത്രമല്ല, നിലവിലുള്ള എല്ലാ കാർഡുകളും പാൻ നമ്പറുമായി ബന്ധിപ്പിക്കേണ്ടതും അനിവാര്യമാണ്. ഇതോടെ നിങ്ങളുടെ ഓരോ ക്രെഡിറ്റ് കാർഡ് ഇടപാടും നികുതി രേഖകളുമായി നേരിട്ട് ബന്ധിക്കപ്പെടും. ഒന്നിലധികം കാർഡുകൾ ഉപയോഗിച്ച് വലിയ തുക ചിലവാക്കുന്നവർക്കും കൃത്യമായി വരുമാനം വെളിപ്പെടുത്താത്തവർക്കും ഈ പുതിയ രീതി കൂടുതൽ പരിശോധനകൾ നേരിടാൻ കാരണമാകും.
ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകൾ ഇനി മുതൽ പാൻ കാർഡ് അപേക്ഷകൾക്കും മറ്റും മേൽവിലാസം തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാം എന്ന ആശ്വാസകരമായ മാറ്റവും ഇതിലുണ്ട്. ഇത് പുതിയ കാർഡുകൾക്ക് അപേക്ഷിക്കുന്നവർക്ക് വലിയ ഉപകാരമാകും.
പാന്‍ കാര്‍ഡിനുള്ള അപേക്ഷാ രീതിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റം വരുത്താന്‍ പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആധാറിനൊപ്പം ജനന തീയതി തെളിയിക്കുന്ന മറ്റേതെങ്കിലും രേഖകൂടി നല്‍കണം. ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്, പാസ്‌പോര്‍ട്ട്, മറ്റ് സര്‍ക്കാര്‍ രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ മജിസ്‌ട്രേറ്റിന്റെ കയ്യില്‍ നിന്നുള്ള സത്യവാങ്മൂലം വാങ്ങണം.
ഏപ്രില്‍ ഒന്ന് മുതല്‍ ആധാര്‍ കാര്‍ഡിലെ പേര് ആയിരിക്കും പാന്‍ കാര്‍ഡിലെ പേരായി വരിക. ഇതിനാല്‍ ആധാര്‍ കാര്‍ഡിലെ പേര് നിങ്ങളുടെ ഔദ്യോഗിക പേര് തന്നെയാണെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം പേരിലെ വ്യത്യാസങ്ങള്‍ കാരണമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാകും. പഴയ അപേക്ഷാ ഫോമുകള്‍ക്ക് പകരം പുതിയ ഫോമുകള്‍ വരും. ഇതോടെ പഴയ ഫോമുകള്‍ക്ക് സാധുതയുണ്ടാകില്ല.
പരിഷ്കരിച്ച ആദായ നികുതി നിയമം 2025 നിലവിൽ വരുന്നതോടെ നികുതി നടപടികൾ കൂടുതൽ എളുപ്പമാകും. നിയമങ്ങളുടെ എണ്ണം 399ൽ നിന്ന് 190 ആയും, ടാക്‌സ് ഫോമുകൾ 511ൽ നിന്ന് 333 ആയും വെട്ടിക്കുറച്ചു. സാമ്പത്തിക വർഷം , അസസ്‌മെന്റ് വർഷം എന്നിങ്ങനെയുള്ള ആശയക്കുഴപ്പങ്ങൾ ഇനി ഉണ്ടാകില്ല. പകരം 'ടാക്‌സ് ഇയർ' എന്ന ഏകീകൃത സംവിധാനം നിലവിൽ വരും. ഏപ്രിൽ ഒന്നു മുതൽ പഴയ ആദായ നികുതി ഫോമുകൾക്ക് പകരം പുതിയവ നിലവിൽ വരും.
ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള റീഫണ്ടിന് പുതിയ സമയക്രമം നാളെ മുതൽ നിലവിൽ വരും. 72 മണിക്കൂർമുമ്പ് റദ്ദാക്കിയാൽ മുഴുവൻ തുകയും ലഭിക്കും. 24 മണിക്കൂറിനും എട്ടു മണിക്കൂറിനും ഇടയിലായാൽ പകുതി തുക മാത്രം. എട്ടുമണിക്കൂറിൽ താഴെയായാൽ മുഴുവൻ തുകയും നഷ്ടമാകും.
Adjust Story Font
16
