തുഗ്ലക്കാബാദിലെ തീപിടിത്തം; പതിനേഴുകാരി പിടിയില്‍, തീവെച്ചത് വ്യക്തിപരമായ തര്‍ക്കത്തിന്റെ പേരില്‍
സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിക്കാനായിരുന്നു യുവതിയുടെ ഉദ്ദേശം

ന്യൂഡല്‍ഹി: തുഗ്ലക്കാബാദ് തീപിടിത്തത്തില്‍ പതിനേഴുകാരി അറസ്റ്റില്‍. വ്യക്തിപരമായ തര്‍ക്കമാണ് തീവെക്കാന്‍ കാരണമായത്. തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യുവതിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു. ബിഎൻഎസ് സെക്ഷൻ 287, 106 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ. സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിക്കാനായിരുന്നു യുവതിയുടെ ഉദ്ദേശം.
നിലവിൽ 17കാരിയെ കൂടാതെ സരിത, നിരഞ്ജന്‍, രാജ്കുമാര്‍ എന്നിവരെ ചോദ്യം ചെയ്തുവരികയാണെന്നും മൂന്നുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.
27കാരിയായ സരിത കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ തീവെക്കാന്‍ പ്രേരിപ്പിച്ചതായാണ് യുവതിയുടെ മൊഴി. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ താമസിച്ചിരുന്ന ദീപക് എന്ന വ്യക്തിയുമായുള്ള പണമിടപാട് തര്‍ക്കത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവതി പിടിയിലായത്. തുഗ്ലക്കാബാദിലെ തീപിടിത്തത്തില്‍ പൊലീസ് നേരത്തെ തന്നെ സംശയം ഉന്നയിച്ചിരുന്നു. മുഖം മറിച്ചെത്തിയ സ്ത്രീ സംഭവസ്ഥലത്ത് നിന്ന് മടങ്ങിയതിന് ശേഷമാണ് തീപിടിത്തം ഉണ്ടായതെന്നായിരുന്നു പൊലീസിന്റെ സംശയം.
ജൂണ്‍ 12നാണ് തുഗ്ലക്കാബാദ് എക്സ്റ്റന്‍ഷനിലെ കെട്ടിടത്തില്‍ തീപിടിച്ചത്. സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു.
സമീപ ദിവസങ്ങളില്‍ ഒന്നിലധികം തീപിടിത്തമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലെ മാളവ്യ നഗറിലുണ്ടായ തീപിടിത്തത്തില്‍ 23 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. ഹൗസ് റാണിയിലെ 'ഫ്ലറിഷ് സ്റ്റേയ്‌സ് ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ്' എന്ന ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്.
Adjust Story Font
16

