Quantcast

'നാട്ടിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം'; 110 വിദ്യാര്‍ഥികളുമായി ഇറാനില്‍ നിന്നുള്ള വിമാനം ഇന്ത്യയിലെത്തി

വിദ്യാര്‍ഥികളെ നേരത്തെ അര്‍മേനിയയിലേക്ക് മാറ്റിയിരുന്നു

MediaOne Logo

Web Desk

  • Published:

    19 Jun 2025 8:52 AM IST

നാട്ടിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം; 110 വിദ്യാര്‍ഥികളുമായി ഇറാനില്‍ നിന്നുള്ള വിമാനം ഇന്ത്യയിലെത്തി
X

ന്യൂഡല്‍ഹി: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ഇറാനില്‍ നിന്ന് ഒഴിപ്പിച്ച 110 വിദ്യാര്‍ഥികളുമായുള്ള പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി. എയര്‍പോര്‍ട്ടില്‍ വിദ്യാര്‍ഥികള്‍ക്കായി മാതാപിതാക്കള്‍ കാത്തുനിന്നു. അവര്‍ക്ക് ഏറെ ആശ്വസകരമായിരുന്നു ഇന്നത്തെ പ്രഭാതം. വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ ജമ്മു കശ്മീരിലുള്ള 90 വിദ്യാര്‍ഥികളുമുണ്ടായിരുന്നു. സര്‍ക്കാര്‍ ഏകോപിപ്പിച്ച ഒഴിപ്പിക്കല്‍ ശ്രമത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെ നേരത്തെ അര്‍മേനിയയിലേക്ക് മാറ്റിയിരുന്നു. കുടുംബത്തെ കണ്ടതില്‍ വിദ്യാര്‍ഥികളെല്ലാം വലിയ സന്തോഷമാണ് പങ്കിട്ടത്.

''നാട്ടിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. എത്ര സന്തോഷവാനാണെന്ന് വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയുന്നില്ല. കുടുംബത്തെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇറാനിലെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ്. അവിടെ ഉള്ളവരും നമ്മളെ പോലുള്ളവരാണ്. കഷ്ടപ്പെടുന്ന നിരവധി കുട്ടികളുണ്ട്. യുദ്ധം ഒരിക്കലും നല്ലതല്ല. അത് മനുഷ്യത്വത്തെ കൊല്ലുന്നു, '' വിദ്യാര്‍ഥികളില്‍ ഒരാളായ അമാന്‍ അസര്‍ പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അഭിനന്ദിച്ചു. ഒഴിപ്പിക്കല്‍ ദുഷ്‌കരമായ ടെഹ്‌റാനില്‍ കുടുങ്ങികിടക്കുന്ന വിദ്യാര്‍ഥികളെ തിരികെ എത്തിക്കണമെന്ന് വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ശക്തമാക്കി.

ഇറാന്‍ വ്യോമപാത അടച്ചിട്ടിരിക്കുന്നതിനാല്‍ കര അതിര്‍ത്തികളിലൂടെ കടന്നുപോകാമെന്ന് ഇന്ത്യക്ക് ഉറപ്പ് നല്‍കി. അഫ്ഗാനിസ്താന്‍, അസര്‍ബൈജാന്‍, തുര്‍ക്ക്‌മെനിസ്താന്‍ തുടങ്ങിയ അതിര്‍ത്തി രാജ്യങ്ങളിലൂടെ പുറത്തുകടക്കാന്‍ വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇറാനില്‍ ഏകദേശം 4000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. അവരില്‍ പലരും ഉന്നതവിദ്യാഭ്യാസത്തിനായി പോയവാരാണ്. കുടുങ്ങികിടക്കുന്നവരെ സുരക്ഷിതമായി തിരികെ രാജ്യത്തെത്തിക്കാന്‍ ഇറാന്‍ ഭരണകൂടവുമായി ഇന്ത്യ ഏകോപനം നടത്തുകയാണ്.

TAGS :

Next Story