വിമാന യാത്ര ചെലവേറും; പ്രവര്‍ത്തന ചെലവ് കൂടിയതും ഉയര്‍ന്ന ടിക്കറ്റ് പരിധി നീക്കിയതും തിരിച്ചടി
പരിധി ഒഴിവാക്കിയതോടെ ഇനി വിമാനക്കമ്പനികള്‍ക്ക് നിരക്ക് തീരുമാനിക്കാനാകും

- Updated:
2026-03-26 06:26:23.0

ന്യൂഡല്‍ഹി: രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെയും ഊര്‍ജക്ഷാമത്തിന്റെയും സാഹചര്യത്തില്‍ പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതും, ആഭ്യന്തര യാത്രാ ടിക്കറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പരിധി പിന്‍വലിച്ചതുമാണ് നിരക്ക് വര്‍ധനവിന് കളമൊരുക്കുക. പരിധി ഒഴിവാക്കിയതോടെ ഇനി വിമാനക്കമ്പനികള്‍ക്ക് നിരക്ക് തീരുമാനിക്കാനാകും.
ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിമാന യാത്രക്ക് പരമാവധി ടിക്കറ്റ് നിരക്ക് 18,000 രൂപയായി നിശ്ചയിച്ചിരുന്നു. ഇതില്‍ കൂടുതല്‍ തുക ഈടാക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഈ നിയന്ത്രണമാണ് പിന്‍വലിച്ചിരിക്കുന്നത്. അതേസമയം, അനിയന്ത്രിതമായി ചാര്‍ജ് കൂട്ടിയാല്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരുമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
വിമാന ഇന്ധനത്തിന്റെ വില ഏപ്രില്‍ ഒന്ന് മുതല്‍ പരിഷ്‌കരിക്കുമെന്നും ഈ വര്‍ഷം വലിയ വര്‍ധനവുണ്ടാകുമെന്നും വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. അവധിക്കാലത്തെ യാത്രക്കാരുടെ വര്‍ധനവ്, ഉയര്‍ന്ന ഇന്ധന ചെലവ്, വിമാനങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് ആഭ്യന്തര നിരക്കുകള്‍ ഉയരുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ആഭ്യന്തര വിമാന ടിക്കറ്റുകളില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ധനവിനാണ് സാധ്യത. ഹ്രസ്വദൂര അന്താരാഷ്ട്ര റൂട്ടുകളില്‍ ഇത് 20 മുതല്‍ 30 ശതമാനം വരെ വര്‍ധിക്കാനും സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ ആഘാതം വിമാന ഇന്ധന വിലയില്‍ പ്രതിഫലിച്ചേക്കുമെന്ന് വ്യോമയാന മന്ത്രി കെ.റാം മോഹന്‍ നായിഡു പറഞ്ഞിരുന്നു.
Adjust Story Font
16
