ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ മൂന്ന് ദിവസത്തിനിടെ 10 ബോംബ് ഭീഷണികൾ; ഉറവിടം തേടി പൊലീസ്
എല്ലാം വ്യാജ ഭീഷണികളായിരുന്നുവെന്നും എന്നാൽ സുരക്ഷാ പരിശോധനകൾ പ്രോട്ടോക്കോൾ പ്രകാരം നടന്നുവെന്നും പൊലീസ്

ന്യൂഡല്‍ഹി: ഡൽഹിയിലെ വിവിധ സ്കൂളുകള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണികള്‍ പതിവാകുന്നു. ഇന്നലെയും അഞ്ച് സ്‌കൂളുകൾക്കു നേരെയാണ് ഭീഷണി ഉണ്ടായി. ഇതോടെ മൂന്നു ദിവസത്തിനിടെ ഭീഷണി നേരിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 10 ആയി.
എല്ലാം വ്യാജ ഭീഷണികളായിരുന്നുവെന്നും എന്നാൽ സുരക്ഷാ പരിശോധനകൾ പ്രോട്ടോക്കോൾ പ്രകാരം നടന്നുവെന്നും പൊലീസ് അറിയിച്ചു. സ്കൂൾ ക്യാംപസിൽ സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. രാവിലെ 8 മണിയോടെയാണ് ഇ-മെയിൽ സന്ദേശങ്ങൾ സ്കൂളിൽ ലഭിക്കുന്നത്.
ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂൾ, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്‌കൂൾ, ഹൗസ് ഖാസിലെ മദേഴ്‌സ് ഇന്റർനാഷനൽ സ്‌കൂൾ, റിച്ച്മണ്ട് ഗ്ലോബൽ സ്‌കൂൾ, ലോധി എസ്റ്റേറ്റിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയ എന്നിവിടങ്ങളിലാണ് ഇന്നലെ ബോംബ് ഭീഷണി എത്തിയത്.
ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂളിന് നേരത്തെയും ഭീഷണി ഇ-മെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു. അഗ്നരക്ഷാ സേന, ബോംബ് ഡിസ്പോസൽ സ്‌ക്വാഡ്, പൊലീസ് എന്നിവർ ചേർന്നായിരുന്നു പരിശോധന. ആദ്യംതന്നെ കുട്ടികളെ സ്കൂളുകളിൽനിന്നു പുറത്തേക്കു മാറ്റി. പിന്നാലെ രക്ഷിതാക്കളെ വിവരം അറിയിച്ചു. എന്തുകൊണ്ടാണ് ഡല്‍ഹിയിലെ സ്‌കൂളുകളില്‍ തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശമെത്തുന്നതെന്ന് വ്യക്തമല്ല.
കഴിഞ്ഞ മെയ് മുതൽ തലസ്ഥാനത്തെ നിരവധി സ്കൂളുകൾക്ക് സമാനമായ ഭീഷണികൾ ലഭിക്കുന്നുണ്ട്. 2024 മെയില്‍ 200ലധികം സ്കൂളുകൾക്ക് അവരുടെ ഔദ്യോഗിക ഇ-മെയിൽ ഐഡികളിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. സമാനമായ ഇ-മെയിലുകൾ നിരവധി ആശുപത്രികൾ, കോളേജുകൾ എന്നിവയ്ക്കും ഡൽഹി വിമാനത്താവളത്തിന് നേരെയും ലഭിച്ചിരുന്നു.
അതേസമയം ഭീഷണി സന്ദേശങ്ങളുടെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. തുടര്‍ച്ചയായി ഭീഷണി സന്ദേശം എത്തിയ സാഹചര്യത്തില്‍ ശക്തമായ അന്വേഷണം നടത്തുന്നുണ്ട്.
Adjust Story Font
16

