വനവാസികളില്ലാത്ത വനങ്ങൾ
ബ്രിട്ടീഷ് കാലഘട്ടത്തിലെ രേഖകളിൽ 'വന ഗോത്രങ്ങൾ' ആയി അംഗീകരിച്ചവരാണ് കർണാടകയിലെ ആദിവാസി ഗോത്രങ്ങൾ. കർണാടക സർക്കാർ ഉത്തരവുകളിലും ,പട്ടികവർഗ പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. വന നിയമന നയങ്ങളിലും, ഗവേഷണ സ്ഥാപനങ്ങളിലും, ഗോത്ര ഉപപദ്ധതികളിലും എല്ലാം ഇവരെ സവിശേഷമായി വനത്തെ ആശ്രയിച്ച് ജീവിക്കുന്ന സമൂഹങ്ങളായി അംഗീകരിക്കുന്നുണ്ട്. എന്നിട്ടും, അവരെ ആദിവാസികളായി അംഗീകരിക്കുന്ന ഔദ്യോഗിക പ്രഖ്യാപനങ്ങൾ എവിടെയുമില്ല. അതിനാൽ ഭരണഘടനയും വനാവകാശവും ഉറപ്പുനൽകുന്ന അടിസ്ഥാന സംരക്ഷണങ്ങളും അവകാശങ്ങളും ഇവരിൽ പലർക്കും നിഷേധിക്കപ്പെടുന്നു

ഇന്ത്യ സ്വാതന്ത്ര്യത്തിൻറെ നൂറാം വർഷത്തിലേക്ക് നീങ്ങുകയാണ്. എന്നാൽ ഇപ്പോഴും ഉത്തരം കണ്ടെത്താതെ തുടരുന്ന ചില ചോദ്യങ്ങൾ ബാക്കിയാണ്. രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം യഥാർഥത്തിൽ ആരിലേക്കെല്ലാം എത്തി? സ്വതന്ത്ര്യം ലഭിച്ചിട്ടും സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്ന് അപരവത്ക്കരിക്കപ്പെട്ടവർ ആരൊക്കെ? ഈ ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്താൻ ഭരണകൂടം ശ്രമിക്കാത്തിടത്തോളം രാജ്യത്തിൻറെ ക്ഷേമരാഷ്ട്ര സങ്കൽപ്പം ഒരു വിദൂര സ്വപ്നമായി തുടരുക തന്നെ ചെയ്യും. അത്തരത്തിൽ എല്ലാക്കാലത്തും അവഗണന നേരിടുന്ന ഒരു വിഭാഗമാണ് ഗോത്രജനത.
കർണാടകയിലെ ഇടതൂർന്ന വനങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും തലമുറകളായി താമസിച്ചുവരുന്നവരാണ് ജെനു കുറുബ, ഇരുളിഗ, സോളിഗ, യെരവ, പണിയ, ഹസലാരു, ഗൗഡലു, സിദ്ധി, കൊറഗ, ബെട്ടക്കുറുബ, കുടിയ, മലേകുഡിയ തുടങ്ങിയ വിഭാഗങ്ങൾ. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇവർ വനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അരികുവത്ക്കരിക്കപ്പെട്ട ഈ വിഭാഗങ്ങൾ ഭൂമിക്കുമേൽ ഉടമസ്ഥതതയില്ലാത്തവരും അടിസ്ഥാന സേവനങ്ങൾപ്പോലും ലഭ്യമാകാത്തവരുമാണ്. വനത്തിനു പുറത്ത് ജീവിതം തേടിയാൽ കാപ്പി എസ്റ്റേറ്റുകളിലോ ഇഷ്ടിക ചൂളകളിലോ കുടിയേറ്റ മേഖലകളിലോ തങ്ങളുടെ മജ്ജയും മാംസവും ത്വജിക്കാൻ വിധിക്കപ്പെട്ടവരാണ് ഇവരിൽ പലരും. ഇന്നും ഷെഡുകളിലോ താൽക്കാലിക കൂടിലുകളിലോ ആണ് ഈ മനുഷ്യരിൽ ഭൂരിഭാഗവും താമസിക്കുന്നത്. രാജ്യം അനുവദിച്ച് നൽകുന്ന ഏതെങ്കിലും തരത്തിലുള്ള അവകാശങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ റേഷൻ കാർഡോ, ജാതി സർട്ടിഫിക്കറ്റോ, വോട്ടർ ഐഡിയോ ഇവർക്കില്ല.
ആദിവാസികൾ അല്ലെങ്കിൽ വനവാസികൾ എന്നറിയപ്പെടുന്ന ഈ സമൂഹങ്ങൾ നൂറ്റാണ്ടുകളായി വനവുമായി പരസ്പരസഹകരണത്തോടെ ജീവിച്ചുവരുകയാണ്. ഭൂമിയെ വ്യക്തിപരമായ സ്വത്തായിട്ടല്ല, മറിച്ച് ഒരു കൂട്ടായ വിഭവമായിട്ടാണ് അവർ കാണുന്നത്. അവരുടെ വീക്ഷണത്തിൽ, ഭൂമി അമ്മയാണ്, മൃഗങ്ങൾ ബന്ധുക്കളും. അവരുടെ കൃഷിരീതികൾ കാടിനെ ദോഷകരമായി ബാധിക്കുന്നില്ല. ഒരു വ്യക്തിയും വിശാലമായ ഭൂമി സ്വന്തം കൈവശം വെച്ചിരിക്കുന്നില്ല. ആളുകൾ അവർക്ക് ആവശ്യമുള്ളത് മാത്രം കൃഷി ചെയ്യുന്നു. അത്യാവശ്യത്തിനല്ലാതെ മരങ്ങൾ വെട്ടിമാറ്റുന്നുപോലുമില്ല. എന്നിട്ടും, വനത്തിനോട് ക്ഷമ തേടുന്നതിനായി അവർ ആചാരങ്ങൾ നടത്തുന്നു.
ജാതി,വർഗ്ഗ ശ്രേണികളോ സാമ്പത്തിക അസമത്വങ്ങളോ ഈ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്നില്ല. എല്ലാവരെയും തുല്യരായി കണക്കാക്കുന്ന ഇവർക്കിടയിലെ ഗ്രാമത്തലവൻ രാജാവോ പ്രഭുവോ അല്ല. ഇവർക്ക് മാർഗനിർദേശം നൽകുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട സാധാരണ അംഗങ്ങളാണ് തലവന്മാരും. തീരുമാനങ്ങൾ കൂട്ടായി എടുക്കുന്ന ഈ സമൂഹങ്ങൾ, ഭക്ഷണം ,അധ്വാനം, ഭൂമി, എന്നിവ പങ്കിടുന്നു.
ആദിവാസികൾ നാടോടികളല്ലെന്നും അവർ അലഞ്ഞു തിരിയുന്നവരല്ലെന്നും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. അവരുടെ ജീവിതം മണ്ണിൽ വേരൂന്നിയതാണ്. വനവുമായുള്ള അവരുടെ ബന്ധം ആ ആവാസവ്യവസ്ഥയുമായുള്ള തലമുറകളുടെ ഇടപെടലിലൂടെ രൂപപ്പെട്ടതാണ്. ഒരു സമൂഹത്തെ മറ്റൊരു സമൂഹവുമായി കൂട്ടിക്കുഴയ്ക്കുന്നത് ആദിവാസി സ്വത്വത്തിൻറെ അടിത്തറയെ തന്നെ ദുർബലപ്പെടുത്തലാണ്.
ഈ സാമൂഹിക ജ്ഞാനവും സുസ്ഥിരമായ ജീവിതരീതിയും ഉണ്ടായിരുന്നിട്ടും, ഈ സമൂഹങ്ങൾ മുഖ്യധാരയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. സ്വാതന്ത്ര്യാനന്തരം, സർക്കാർ രേഖകളിൽ അവരെ 'പട്ടികവർഗക്കാർ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അപൂർവ്വമായി മാത്രമേ ഒരു പ്രത്യേക സാമൂഹിക, രാഷ്ട്രീയ സ്ഥാപനമായി ഇവരെ പരിഗണിക്കപ്പെട്ടിരുന്നുള്ളൂ. അവരുടെ വനങ്ങൾ സർക്കാർ ഏറ്റെടുത്ത് വനനിയമങ്ങൾ നിർമ്മിച്ചത് അവരുടെ ദൈനംദിന ജീവിതത്തെയും നിലനിൽപ്പിനെ തന്നെയും ബാധിച്ചു. മത്സ്യബന്ധനം, വിറക് ശേഖരിക്കൽ, അവരുടെതായ ആചാരങ്ങൾ എല്ലാം കീഴ്‌മേൽ മറിഞ്ഞു. ഇതിനിടയിൽ എസ്റ്റേറ്റുകളും വികസന പദ്ധതികളും വനത്തിനുള്ളിൽ വികാസം പ്രാപിച്ചപ്പോൾ വനവാസികൾ പുനരധിവാസമില്ലാതെ പുറന്തള്ളപ്പെടുകയായിരുന്നു.
ജെനു കുറുബ,സോളിഗ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ഇന്ന് വിവിധ കാപ്പി എസ്റ്റേറ്റുകളിൽ കുടിയേറ്റ തൊഴിലാളികളായി ജോലി ചെയ്യുന്നു. തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള അടിസ്ഥാന രേഖകളില്ലാത്തതിനാൽ വിദ്യാഭ്യാസവും തൊഴിലും നേടിയെടുക്കാൻ യുവാക്കൾ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. ഇപ്പോൾ അപൂർവമായി മാത്രം റിപ്പോർട്ട ചെയ്യപ്പെടുന്ന സിക്കിൾ സെൽ അനീമിയ, തലസീമിയ തുടങ്ങിയ ജനിതക രോഗങ്ങൾ ഇവർക്കിടയിൽ അത്ര അപൂർവമല്ല. പോഷകാഹാരക്കുറവും ആരോഗ്യ സംരക്ഷണത്തിനായി സമ്പത്തും സമയവും നീക്കി വെക്കാൻ കഴിയാത്തതും മൂലം സ്ഥിതി കൂടുതൽ വഷളാകുന്നു. ഒപ്പം ഈ സമൂഹങ്ങളിലെ സ്ത്രീകളും പെൺകുട്ടികളും വലിയ പ്രതിസന്ധിയാണ് നേരിടേണ്ടിവരുന്നത് എന്നത് ഏറെ വേദനാജനകമാണ്.
വനത്തെ ആശ്രയിക്കുന്ന പട്ടികവർഗ സമൂഹങ്ങളെ കർണാടക സർക്കാർ ആദിവാസികൾ അല്ലെങ്കിൽ തദ്ദേശീയ ജനതയായി ഔദ്യോഗികമായി പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് ഇവരിപ്പോൾ ഉയർത്തുന്നത്. തിരിച്ചറിയൽ രേഖകൾ, ഭൂമിയുടെ അവകാശങ്ങൾ, വനത്തിലേക്കുള്ള പ്രവേശനം എന്നിവ വിവേചനമില്ലാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും എസ്റ്റേറ്റുകളിലെ ചൂഷണം സർക്കാർ ഇടപ്പെട്ട് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. കൂടാതെ ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള നടപടികളിലെ തടസ്സങ്ങൾ നീക്കണമെന്ന ആവശ്യവും അവർ ഉന്നയിക്കുന്നുണ്ട്.
ഈ ആവശ്യങ്ങൾക്കെല്ലാം തന്നെ ചരിത്രപരമായ അടിത്തറയുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ രേഖകളിൽ ഇവരെ 'വന ഗോത്രങ്ങൾ' ആയി അംഗീകരിച്ചിരുന്നു. കർണാടക സർക്കാർ ഉത്തരവുകളിലും ,പട്ടികവർഗ പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. വന നിയമന നയങ്ങളിലും, ഗവേഷണ സ്ഥാപനങ്ങളിലും, ഗോത്ര ഉപപദ്ധതികളിലും എല്ലാം ഇവരെ സവിശേഷമായി വനത്തെ ആശ്രയിച്ച് ജീവിക്കുന്ന സമൂഹങ്ങളായി അംഗീകരിക്കുന്നുണ്ട്. എന്നിട്ടും, അവരെ ആദിവാസികളായി അംഗീകരിക്കുന്ന ഔദ്യോഗിക പ്രഖ്യാപനങ്ങൾ എവിടെയുമില്ല. അതിനാൽ ഭരണഘടനയും വനാവകാശവും ഉറപ്പുനൽകുന്ന അടിസ്ഥാന സംരക്ഷണങ്ങളും അവകാശങ്ങളും ഇവരിൽ പലർക്കും നിഷേധിക്കപ്പെടുന്നു.
ഇതൊരു ഔദാര്യമായി സംസ്ഥാനം അനുവദിച്ച് നൽകേണ്ടതല്ല, മറിച്ച് കാലങ്ങളായി തുടർന്നുപോന്ന അനീതിയിലെ തിരുത്തൽ മാത്രമാണ്. കഴിഞ്ഞ 75 വർഷത്തെ നിശബ്ദത തിരുത്താൻ ഇനി 25 വർഷം കൂടി കാത്തിരിക്കേണ്ടിവരരുത്. ആദിവാസികൾ പിന്നാക്കക്കാരല്ല, പിന്തള്ളപ്പെട്ടവരാണ്. അവരൊരിക്കലും അപ്രത്യക്ഷരാകുന്നില്ല, എന്നാൽ മുഖ്യധാരയിൽ നിന്നും തുടച്ചുനീക്കപ്പെടുന്നു. ഇത്രയധികം അനീതികൾക്കൊടുവിലും അവരിവിടെ ജീവിച്ചിരിക്കുന്നുവെങ്കിൽ, അതൊരു ചെറുത്തുനിൽപ്പാണ്.
(കർണാടകയിൽ നിന്നുള്ള ആദ്യ ആദിവാസി ഗവേഷക വിദ്യാർഥിയായ കൃഷ്ണമൂർത്തി കെ.വി ഡെകാൻ ഹെറാൾഡിന് വേണ്ടി എഴുതിയ ലേഖനത്തിന്റെ പരിഭാഷ)
Adjust Story Font
16

