അസം മുൻ കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
അസമിലെ ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്

- Published:
22 Feb 2026 11:55 AM IST

ദിസ്‌പൂർ: അസം മുൻ കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു. അസമിലെ ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ബംഗാളിനും കേരളത്തിനും തമിഴ്നാടിനുമൊപ്പം അസമും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കവെയാണ് ബോറയുടെ കൂടുമാറ്റം. കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ് താൻ പാർട്ടി വിട്ടതെന്ന് ബോറ പറഞ്ഞു. മുൻ കോൺഗ്രസ് പ്രവർത്തകനായ സഞ്ജു ബോറയും ഭൂപൻ ബോറാക്കൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു.
ഫെബ്രുവരി 16ന് ബോറ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് അത് സ്വീകരിച്ചിരുന്നില്ല. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അദേഹത്തിന്റെ വസതിയിലെത്തി അനുനയത്തിനുള്ള നീക്കങ്ങൾ സജീവമാക്കി. കോൺഗ്രസിലെ രാജിക്ക് ശേഷം ഒന്നിലധികം പാർട്ടികളുമായി ചർച്ചകൾ നടത്തിയതായും എന്നാൽ കോൺഗ്രസ് എംപിയും പിസിസി അധ്യക്ഷനുമായ ഗൗരവ് ഗൊഗോയിയുമായുള്ള ചർച്ചക്ക് ശേഷം ബോറ രാജി പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബോറ ബിജെപി പാളയത്തിലേക്ക് ചേക്കേറാൻ തീരുമാനിച്ചു. മാർച്ച് 8 ഓടെ കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുകയാണെന്നും അമിത് ഷായ്‌ക്കൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം ഭൂപൻ ബോറ പറഞ്ഞു.
കോൺഗ്രസിൽ നിന്നുള്ള തന്റെ രാജി തീരുമാനം പുനഃപരിശോധിക്കാൻ ബോറ സമയം ചോദിച്ചിരുന്നെങ്കിലും അടുത്ത ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അദേഹത്തിന്റെ വസതിയിലെത്തി ഫെബ്രുവരി 22ന് ബോറ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. 1990കളുടെ തുടക്കത്തിൽ ഒരേ കാലഘട്ടത്തിലാണ് ഹിമന്തയും ബോറയും കോൺഗ്രസിൽ ചേർന്നത്. 2015ൽ ഹിമന്ത കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.
32 വർഷത്തെ കോൺഗ്രസ് പ്രവർത്തനത്തിന് ശേഷമാണ് ബോറ പാർട്ടി വിടുന്നത്. 2021നും 2025നും ഇടയിൽ ബോറ കോൺഗ്രസിന്റെ അസം പ്രസിഡന്റായിരുന്നു. ജൂണിൽ ഗൗരവ് ഗൊഗോയ് അദേഹത്തിന് പകരക്കാരനായി നിയമിതനായി. റൈജോർ ഡോൾ, അസം ജാതിയോ പരിഷത്ത്, ഓൾ പാർട്ടി ഹിൽ ലീഡേഴ്‌സ് കോൺഫറൻസ്, കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) തുടങ്ങിയ പാർട്ടികളെ ഉൾപ്പെടുത്തി ബിജെപിക്കെതിരായ സഖ്യത്തിനായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ ബോറയെ ദിവസങ്ങൾക്ക് മുമ്പാണ് ചുമതലപ്പെടുത്തിയത്. 126 അംഗ അസം നിയമസഭയിലേക്കുള്ള അസം നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Adjust Story Font
16
