Quantcast

ഇതിഹാസത്തിന് മേൽ ഉരുണ്ട ബുൾഡോസർ; വാരണാസിയിൽ മുൻ ഇന്ത്യൻ ഹോക്കി താരം മുഹമ്മദ് ഷാഹിദിന്റെ വീടുകൾ പൊളിച്ചുനീക്കി

2016-ൽ ഷാഹിദ് മരിക്കുന്നതുവരെ താമസിച്ചിരുന്ന വസതിയാണ് പൊളിച്ചുമാറ്റിയത്

MediaOne Logo

Web Desk

  • Published:

    29 Sept 2025 8:56 PM IST

ഇതിഹാസത്തിന് മേൽ ഉരുണ്ട ബുൾഡോസർ; വാരണാസിയിൽ മുൻ ഇന്ത്യൻ ഹോക്കി താരം മുഹമ്മദ് ഷാഹിദിന്റെ വീടുകൾ പൊളിച്ചുനീക്കി
X

വാരണസി: ഇന്ത്യൻ ഹോക്കി ഇതിഹാസവും ഒളിമ്പ്യനുമായ മുഹമ്മദ് ഷാഹിദിൻ്റെ വാരണാസിയിലെ വീട് ഉത്തർപ്രദേശ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. പത്മശ്രീ അവാർഡ് ജേതാവും 1980ലെ മോസ്കോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവുമായ മുഹമ്മദ് ഷാഹിദിൻ്റെ ഓർമകളുടെ അവശേഷിപ്പാണ് റോഡ് വികസനത്തിന്റെ പേരിൽ നഗര ഭരണ സമിതി നേതൃത്വത്തിൽ പൊളിച്ചു നീക്കിയത്.

2016-ൽ ഷാഹിദ് മരിക്കുന്നതുവരെ താമസിച്ചിരുന്ന വസതിയാണ് പൊളിച്ചുമാറ്റിയത്. ഷാഹിദിന്റെ കുടുംബത്തിന്റെയും കായിക പ്രേമികളുടെയും ശക്തമായ എതിർപ്പ് അവഗണിച്ചും പൊലീസ് സംരക്ഷണത്തിൽ ഷാഹിദിന്റെ ഉൾപ്പെടെ 13 വീടുകളാണ് പൊളിച്ചുമാറ്റിയത്.

രാജ്യാന്തര വേദിയിൽ രാജ്യത്തിൻ്റെ അഭിമാനതാരമായ ഷാഹിദിന്റെ ഓർമകൾ നിലനിർത്തുന്നതിനായി വീട് ഒഴിവാക്കി വികസന പ്രവർത്തനവുമായി മുന്നോട്ട് പോകണമെന്ന് സഹോദരങ്ങളും ആരാധകരും ആവശ്യപ്പെട്ടുവെങ്കിലും പൊലീസ് ചെവികൊണ്ടില്ല. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർക്കു മുന്നിൽ ഷാഹിദിന്റെ സഹോദരൻ നടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന വിഡിയോ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ചരിത്ര സ്‌മാരകം എന്ന നിലയിൽ പുതു തലമുറക്ക് പ്രചോദനം നൽകുന്ന കേന്ദ്രമായി വീട് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ചെവികൊണ്ടില്ലെന്നും സഹോദരൻ പറഞ്ഞു.

TAGS :

Next Story