Quantcast

ലഡാക്കിൽ പ്രതിഷേധം കത്തുന്നു; നാല് പേർ കൊല്ലപ്പെട്ടു; നിരോധനാജ്ഞ

സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടി ലഡാക്കിൽ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2025-09-24 15:56:21.0

Published:

24 Sept 2025 5:15 PM IST

ലഡാക്കിൽ പ്രതിഷേധം കത്തുന്നു; നാല് പേർ കൊല്ലപ്പെട്ടു; നിരോധനാജ്ഞ
X

ലഡാക്ക്: സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള പ്രതിഷേധത്തിൽ ലഡാക്കിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10 മുതൽ 35 ദിവസമായി നിരാഹാര സമരം നടത്തുന്ന 15 പേരിൽ രണ്ടുപേരെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനെ തുടർന്ന് ലേ അപെക്സ് ബോഡിയുടെ (LAB) യുവജന വിഭാഗം പ്രതിഷേധത്തിനും ബന്ദിനും ആഹ്വാനം ചെയ്തു. പ്രതിഷേധക്കാർ ബിജെപി ഓഫീസിന് തീയിടുകയും സിആർപിഎഫ് വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു.

കഴിഞ്ഞ നാല് വർഷമായി പ്രക്ഷോഭം നടത്തുന്ന കാർഗിൽ ഡെമോക്രാറ്റിക് അലയൻസും (കെഡിഎ) ലേ അപെക്സ് ബോഡിയും ചേർന്ന് ആഭ്യന്തര മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ആഗസ്റ്റ് 5 ന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി. അതേസമയം, ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം, യുവാക്കൾ ലേയിലെ ആക്രമണം നിർത്തണമെന്നും ആക്രമണം ലക്ഷ്യത്തിന് ദോഷം ചെയ്യുമെന്നും സോനം വാങ്ച്ചുക്ക് ആവശ്യപ്പെട്ടു.


TAGS :

Next Story