'അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ മറ്റുള്ളവരെ വേദനിപ്പിക്കലല്ല’; വിദ്വേഷ പരാമർശം നടത്തിയ സോഷ്യൽ മീഡിയ താരത്തിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
രാജ്യത്തിന്റെ വൈവിധ്യത്തെ ഉയർത്തിക്കാട്ടിയ കോടതി, ശര്‍മിഷ്ഠയുടെ പരാമർശം ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി.

കൊൽകത്ത: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇൻഫ്ളുവൻസർ ശര്‍മിഷ്ഠ പനോളിയുടെ ഇടക്കാല ജാമ്യാപേക്ഷ കൊൽക്കത്ത ഹൈക്കോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ മതവികാരം വ്രണപ്പെടുത്തലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
രാജ്യത്തിന്റെ വൈവിധ്യത്തെ ഉയർത്തിക്കാട്ടിയ കോടതി, ശര്‍മിഷ്ഠയുടെ പരാമർശം ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി.
"ആ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഈ സംഭവം ഒരു വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്താൻ കാരണമായി. നമുക്ക് അഭിപ്രായ സ്വാതന്ത്രമുണ്ട്, പക്ഷേ അതിനർത്ഥം മറ്റുള്ളവരെ വേദനിപ്പിക്കാൻ അധികാരമുണ്ടെന്നല്ല. നമ്മുടെ രാജ്യം വൈവിധ്യപൂർണ്ണമാണ്, വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ട നിരവധി ആളുകൾ താമസിക്കുന്ന ഒരിടമാണ്. പറയുമ്പോൾ നമ്മൾ ജാഗ്രത പാലിക്കണം"-ഹൈക്കോടതി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയതിനാണ് പൂണെയിലെ നിയമവിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറുമായ ശര്‍മിഷ്ഠ പനോളി അറസ്റ്റിലായത്. മെയ്30നാണ് പനോളിയെ ഗുരുഗ്രാമില്‍നിന്നും കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ശേഷം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ശർമിഷ്തയുടെ വിവാദ വീഡിയോ. ഈ വീഡിയോയില്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വര്‍ഗീയ പരാമര്‍ശങ്ങളും അടങ്ങിയിരുന്നു. വീഡിയോ വിവാദമായതോടെ പിന്നീട് നീക്കംചെയ്യുകയും ശർമിഷ്ത മാപ്പ് പറയുകയും ചെയ്തിരുന്നു.
അതേസമയം നോട്ടീസോ മറ്റു രേഖകളോ ഇല്ലാതെ നിയമവിരുദ്ധമായാണ് ശര്‍മിഷ്ഠയെ അറസ്റ്റ് ചെയ്തതെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ശര്‍മിഷ്ഠയും കുടുംബവും ഗുഡ്ഗാവിലേക്ക് പോയതിനാൽ നോട്ടീസ് കൈമാറാൻ സാധിച്ചില്ലെന്ന് പൊലീസും പ്രതികരിച്ചു. ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത മറ്റു കേസുകളെല്ലാം നിർത്തിവെക്കണമെന്ന് കോടതി പറഞ്ഞു. ഇതേ കേസിൽ പനോലിക്കെതിരെ കൂടുതൽ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിലവിലുള്ള കേസിൽ അന്വേഷണ ഏജൻസി അന്വേഷണം തുടരുമെന്നും സർക്കാരിനോട് കോടതി പറഞ്ഞു. കേസ് വീണ്ടും ജൂൺ അഞ്ചിന് പരിഗണിക്കും.
Adjust Story Font
16

