Quantcast

29കാരി കീർത്തന മുതൽ മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ അരുൺരാജ് വരെ; 'വിജയ് സ്ക്വാഡ്' ഇവർ...

ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറാണ് വിജയിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-05-10 08:11:27.0

Published:

10 May 2026 1:32 PM IST

29കാരി കീർത്തന മുതൽ മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ അരുൺരാജ് വരെ; വിജയ് സ്ക്വാഡ് ഇവർ...
X

ചെന്നൈ: വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറാണ് വിജയിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഒമ്പത് മന്ത്രിമാരും വിജയിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

തനിക്കൊപ്പം ചുമതലയേൽക്കുന്ന ഒമ്പത് മന്ത്രിമാരുടെ ലിസ്റ്റ് ചടങ്ങിന് മുൻപ് തന്നെ വിജയ് സമർപ്പിച്ചിരുന്നു. 15 വർഷമായി വിജയ്ക്കൊപ്പം വിജയ് മക്കൾ ഇയക്കത്തിന്‍റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന എൻ.ആനന്ദ്, ജയലളിതയുടെയും ഇടപ്പാടി പളനി സ്വാമിയുടെയും മന്ത്രിസഭയിലെ എംഎൽഎയായ കെ.എ സെങ്കോട്ടയ്യൻ, ഐആർഎസ് വിട്ട് ടിവികെയിൽ എത്തിയ കെ.ജി അരുൺരാജ്, 2025-ൽ വിസികെയിൽ നിന്ന് പുറത്തായ വിജയ് തോഴൻ ആധവ് അർജുൻ, വർഷങ്ങളായി വിജയിക്കൊപ്പം നിന്ന് പി.വെങ്കട്ടരാമൻ, ചെന്നൈ എഗ്മോറിൽ നിന്ന് എംഎൽഎയായ രാജ്മോഹൻ, എഐഎഡിഎംകെയിൽ നിന്ന് ടിവികെയിലെത്തിയ സി.ടി.ആർ നിർമൽകുമാർ, ടിവികെ ശിവഗംഗ ജില്ലാ സെക്രട്ടറി ഡോ. കെ.ടി പ്രഭു, എസ്.കീർത്തന എന്നിവരാണ് വിജയിക്കൊപ്പം ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തത്.

ടിവികെയുടെ ഏറ്റവും ശ്രദ്ധേയമായ യുവമുഖമാണ് 29-കാരിയായ എസ്.കീർത്തന. വിരുദനഗർ ജില്ലയിലെ ശിവകാശി നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് മന്ത്രിസഭയിൽ ഇടംപിടിച്ച കീർത്തനക്ക് ബഹുഭാഷാ പ്രാവീണ്യമുണ്ട്. ടിവികെയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയെന്ന ഖ്യാതി കൂടി കീർത്തനയെ തേടിയെത്തിയിരിക്കുകയാണ് ഇപ്പോൾ.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ്, സഖ്യകക്ഷിനേതാക്കളെ പേരെടുത്ത് നന്ദി പറഞ്ഞു. തൃഷയടക്കമുള്ള വൻ താരനിരയും സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു. വിജയിയുടെ ബന്ധുക്കളെ കൂടാതെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളും ചടങ്ങിലെത്തി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സിഎം ഓഫീസിലെത്തിയ വിജയ്, 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാനുള്ള ഫയലിൽ ഒപ്പുവെച്ചു. 59 വർഷത്തിന് ശേഷമാണ് ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാതെ ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത്.

മന്ത്രിമാർ ഇവർ

  1. ​എൻ. ആനന്ദ് (ജനറൽ സെക്രട്ടറി): വിജയിയുടെ ഫാൻസ് അസോസിയേഷൻ കാലം മുതൽ കൂടെയുള്ള വിശ്വസ്തൻ. ടി. നഗർ മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
  2. ​ആദവ് അർജുന: മുൻ ദേശീയ ബാസ്കറ്റ്ബോൾ താരം. രാഷ്ട്രീയ തന്ത്രജ്ഞൻ കൂടിയായ ഇദ്ദേഹം വില്ലിവാക്കം മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു.
  3. ​എസ്. കീർത്തന (ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി): ശിവകാശിയിൽ നിന്നുള്ള എംഎൽഎയായ 29-കാരി കീർത്തനയാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. ഗണിതശാസ്ത്രത്തിലും സ്റ്റാറ്റിസ്റ്റിക്സിലും ബിരുദാനന്തര ബിരുദമുള്ള കീർത്തന മുൻപ് രാഷ്ട്രീയ ഉപദേശകയായും പ്രവർത്തിച്ചിട്ടുണ്ട്.
  4. ​ഡോ. കെ.ജി. അരുൺരാജ്: മുൻ ഐആർഎസ് (IRS) ഉദ്യോഗസ്ഥനായ ഇദ്ദേഹം പാർട്ടിയുടെ പോളിസി വിഭാഗം തലവനാണ്. തിരുച്ചെങ്കോട് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
  5. ​ഡോ. ടി.കെ. പ്രഭു: കാരൈക്കുടിയിൽ നിന്ന് വിജയിച്ച ദന്തഡോക്ടറാണ് ഇദ്ദേഹം.
  6. ​കെ.എ. സെങ്കോട്ടയ്യൻ: മുൻ എഐഎഡിഎംകെ (AIADMK) നേതാവ്. ദശകങ്ങളോളം ദ്രാവിഡ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച പരിചയവുമായാണ് സെങ്കോട്ടയ്യൻ വിജയ് മന്ത്രിസഭയിലെത്തുന്നത്.
  7. ​പി. വെങ്കട്ടരമണൻ (ട്രഷറർ): അഭിഭാഷകനായ ഇദ്ദേഹം മൈലാപ്പൂരിൽ നിന്നാണ് ജയിച്ചത്. വിജയ്‌യുടെ ദീർഘകാല മാനേജരായിരുന്നു.
  8. ​നിർമ്മൽ കുമാർ: തിരുപ്പറൻകുണ്ട്രം എംഎൽഎ. പാർട്ടിയുടെ ഐ.ടി സെൽ വിഭാഗത്തിന്റെ ചുമതലയുള്ള വ്യക്തിയാണ്.
  9. ​രാജ്മോഹൻ ആറുമുഖം: എഗ്മോർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ. പ്രഭാഷകനും നടനുമായ ഇദ്ദേഹം ജനപ്രിയനായ നേതാവാണ്.
TAGS :

Next Story