Quantcast

കോളജ് ഡ്രോപ്പ് ഔട്ടിൽ നിന്ന് മുഖ്യമന്ത്രിക്കസേരയിലേക്ക്; വിജയ് സിനിമകളെ വെല്ലുന്ന ദളപതിയുടെ രാഷ്ട്രീയ യാത്ര

വിജയ് എന്ന താരത്തിന്‍റെ സിനിമാജീവിതം മുതൽ തമിഴ്‌നാടിന്റെ അധികാരക്കസേര വരെയുള്ള യാത്ര ഒരു സാധാരണ രാഷ്ട്രീയ മാറ്റമല്ല

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-05-06 08:49:48.0

Published:

6 May 2026 1:05 PM IST

കോളജ് ഡ്രോപ്പ് ഔട്ടിൽ നിന്ന് മുഖ്യമന്ത്രിക്കസേരയിലേക്ക്; വിജയ് സിനിമകളെ വെല്ലുന്ന ദളപതിയുടെ രാഷ്ട്രീയ യാത്ര
X

ചെന്നൈ: വെള്ളിത്തിരയിൽ എപ്പോഴും അനീതിക്കെതിരെ പോരാടുന്ന നായകനായിരുന്നു വിജയ്. മാസ് മസാല ഫോര്‍മുലയിൽ നിര്‍മിച്ച ചിത്രങ്ങളിൽ എപ്പോഴും അമാനുഷികനായ നായക കഥാപാത്രങ്ങളിലൂടെയാണ് വിജയ് കൈയടി നേടിയത്. വിജയിയുടെ സ്ഥിരം രക്ഷക വേഷങ്ങൾ പലപ്പോഴും വിമര്‍ശനങ്ങൾക്ക് ഇടയാക്കാറുണ്ടെങ്കിലും ഈ രക്ഷക പരിവേഷത്തെ സാധാരണക്കാര്‍ തിയറ്ററിന് പുറത്തേക്ക് ഏറ്റെടുത്തുകഴിഞ്ഞുവെന്നതിന് തെളിവാണ് ടിവികെയുടെ അപ്രതീക്ഷിത വിജയം.

ചെന്നൈ ലയോള കോളേജിലെ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന കോളേജ് ഡ്രോപ്പ് ഔട്ടിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പദവിയിലേക്കുള്ള വിജയ്‍യുടെ യാത്ര ഒരു സിനിമാക്കഥയെക്കാൾ ത്രില്ലിങ്ങാണ്. ചെന്നൈയിലായിരുന്നു വിജയിയുടെ പ്രാഥമിക വിദ്യാഭ്യാസം. കോടമ്പാക്കത്തെ ഫാത്തിമ സ്കൂൾ, വിരുഗമ്പാക്കത്തെ ബാലലോക് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. പിതാവ് എസ്.എ ചന്ദ്രശേഖര്‍ തമിഴകത്തെ അറിയപ്പെടുന്ന സംവിധായകനും നിര്‍മാതാവുമായിരുന്നിട്ടും സാധാരണക്കാരെപ്പോലെയായിരുന്നു വിജയിയുടെ ജീവിതം. ഒരു സാധാരണ വിദ്യാര്‍ഥി...

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടുന്നതിനായി വിജയ് ലയോള കോളേജിൽ ചേർന്നു...വിജയിന്‍റെ തലവിധി മാറിയത് ഇവിടെ നിന്നായിരുന്നു. ബിരുദം പൂർത്തിയാക്കിയില്ല. പകരം, അഭിനയത്തോടുള്ള അഭിനിവേശം പിന്തുടരാൻ അദ്ദേഹം പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു. മിക്ക വിദ്യാർഥികളും ബിരുദങ്ങൾക്ക് മുൻഗണന നൽകണമെന്ന് പറയുന്ന ഒരു സമയത്ത് ഒട്ടും സുരക്ഷിതമല്ലാത്ത മേഖലയാണ് വിജയ് തെരഞ്ഞെടുത്തത്. പത്താം വയസിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച വിജയ് പിന്നീട് നായകനായി വെള്ളിത്തിരയിലെത്തുന്നത് 1992ലാണ് . പതിനെട്ടാം വയസിൽ 'നാളൈയ തീർപ്പു'എന്ന ചിത്രത്തിൽ നായകനായി. എന്നാൽ തുടക്കം ഒട്ടും എളുപ്പമായിരുന്നില്ല. സിനിമ പുറത്തിറങ്ങിയപ്പോൾ വിജയ്‍യുടെ ലുക്കിനെയും അഭിനയത്തെയും കുറിച്ച് പരിഹാസങ്ങൾ ഉയര്‍ന്നു. താരം പോയിട്ട് ഒരു നടൻ പോലുമാകില്ലെന്ന് വിമര്‍ശകര്‍ വിധിയെഴുതി.

എന്നാൽ കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു. മകന്റെ കരിയർ പച്ചപിടിക്കാൻ വേണ്ടി എസ്.എ. ചന്ദ്രശേഖർ അന്നത്തെ സൂപ്പർസ്റ്റാർ വിജയകാന്തിനെ സമീപിച്ചു. അങ്ങനെ 1993-ൽ 'സെന്ദൂരപാണ്ടി' എന്ന ചിത്രത്തിൽ വിജയകാന്തിനൊപ്പം വിജയ് അഭിനയിച്ചു. ഈ ചിത്രം ഹിറ്റായതോടെയാണ് വിജയ് സാധാരണക്കാർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.1994-ൽ പുറത്തിറങ്ങിയ 'രസിഗൻ' എന്ന ചിത്രത്തിലൂടെയാണ് വിജയ് ആദ്യമായി 'ഇളയ ദളപതി' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് പൂവേ ഉനക്കാകെ, കാതലുക്ക് മര്യാദൈ, തുള്ളാത മനമും തുള്ളും തുടങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെ ഇഷ്ടനടനായി.

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്

വിജയ് എന്ന താരത്തിന്‍റെ സിനിമാജീവിതം മുതൽ തമിഴ്‌നാടിന്റെ അധികാരക്കസേര വരെയുള്ള യാത്ര ഒരു സാധാരണ രാഷ്ട്രീയ മാറ്റമല്ല. മറിച്ച് ലക്ഷ്യബോധവും കഠിനാധ്വാനവും ചേർന്ന ഒരു പുതിയ തിരക്കഥയുടെ പിറവിയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ കാഴ്ചവെച്ച മിന്നും പ്രകടനം തമിഴ് രാഷ്ട്രീയത്തിന്റെ ദിശതന്നെ മാറ്റിമറിച്ചിരിക്കുകയാണ്.

നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിലെ വൻമരങ്ങൾക്കെതിരെ സാധാരണക്കാരെ അണിനിരത്തി വിജയ് നടത്തിയ നീക്കം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. പ്രചരണത്തിലുടനീളം വിജയ് സാധാരണക്കാരോടാണ് സംവദിച്ചത്. അവരുടെ ഇല്ലായ്മകൾ കണ്ടറിഞ്ഞുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലൂടെ മുന്നോട്ടുവച്ചത്. സൗജന്യ ​ഗ്യാസ് സിലിണ്ടറുകൾ, ആരോ​ഗ്യ ഇൻഷുറൻസ്, വിവാഹത്തിന് വധുവിന് സ്വർണവും പട്ടുസാരിയും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി...തമിഴ് മക്കൾ തങ്ങളുടെ രക്ഷകന്‍റെ വാക്കുകളിൽ വിശ്വാസമര്‍പ്പിച്ചു. വിജയ് പങ്കെടുത്ത പ്രചരണ പരിപാടികളിലെല്ലാം തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെയാണ് ലോകം കണ്ടത്.ആൾക്കൂട്ടം വോട്ടായി മാറില്ലെന്ന് പരിഹസിച്ചവര്‍ക്ക് മുന്നിലാണ് 107 സീറ്റുമായി വിജയ് തലയുയര്‍ത്തി നിൽക്കുന്നത്.

TAGS :

Next Story