‘ഇനി രാംദാസ് പാനിപ്പൂരി വിൽക്കാനെത്തില്ല’ ഐഎസ്ആര്‍ഒയില്‍ ജോലിയെന്ന സ്വപ്നം നേട്ടം കൈപ്പിടിയിലൊതുക്കി യുവാവ്
പകൽ പാനിപ്പൂരി വില്‍പ്പനയും രാത്രി പഠനത്തിനും സമയം മാറ്റിവെച്ചാണ് സ്ഥിരംജോലിയെന്ന ലക്ഷ്യം കൈവരിച്ചത്

മുംബൈ: പകൽ പാനിപ്പൂരി വില്‍പ്പനയും രാത്രി വിദ്യാഭ്യാസത്തിനും സമയം മാറ്റിവെച്ച യുവാവിന് ഐഎസ്ആര്‍ഒയില്‍ ജോലി. മഹാരാഷ്ട്രയിലെ ഗോന്‍ണ്ടിയ സ്വദേശിയായ രാംദാസ് ഹേംരാജ് മര്‍ബഡെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് പാനിപ്പൂരി കൊണ്ടുപോയി വില്‍പ്പന നടത്തിയാണ് രാംദാസ് ഉപജീവനം കണ്ടെത്തിയത്. അവിടെ നിന്നും സ്വന്തം പ്രയത്‌നത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയുമൊക്കെയാണ് രാംദാസിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തില്‍ (ISRO) ടെക്‌നീഷ്യനായാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. നിരവധിയാളുകളുടെ സ്വപ്‌ന തുല്യമായ ജോലിയിലേക്ക് എത്താന്‍ പാനിപ്പൂരി വില്‍പ്പന നടത്തുന്നതിനിടയിലാണ് രാംദാസ് സമയം കണ്ടെത്തിയത്. പകല്‍ മുഴുവന്‍ പാനിപ്പൂരി വില്‍പ്പന നടത്തി രാത്രിയാണ് അദ്ദേഹം പഠിക്കാന്‍ സമയം കണ്ടെത്തിയത്.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് പഠനത്തിനിടയിലും രാംദാസ് പാനിപ്പൂരി വില്‍പ്പനയിലേക്ക് കടന്നത്. രാംദാസിന്റെ അച്ഛന്‍ സ്‌കൂളിലെ പ്യൂണ്‍ ആയിരുന്നു. അച്ഛന്‍ ജോലിയില്‍ നിന്നും വിരമിച്ചതോടെ ജീവിതം തള്ളിനീക്കാന്‍ കുടുംബം ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ സാമ്പത്തിക പരാധീനതയിലും സ്വപ്‌ന തുല്യമായ ജോലി നേടുന്നതില്‍ നിന്നും രാംദാസ് പിന്നോട്ട് പോയില്ല. ഒടുവില്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമായ സന്തോഷത്തിലാണ് യുവാവ്.
മെയ് 19നാണ് രാംദാസിന് ഐഎസ്ആര്‍ഒയില്‍ നിന്നും ജോയിനിങ് ലെറ്റര്‍ ലഭിച്ചത്. അദ്ദേഹത്തിന്റെ ഈ വലിയ നേട്ടത്തില്‍ കുടുംബത്തോടൊപ്പം ഗോന്‍ണ്ടിയ ജില്ലയും വലിയ അഭിമാനത്തിലാണ്. പാനിപ്പൂരി വില്‍പ്പനക്കാരനില്‍ നിന്നും ഐഎസ്ആര്‍ഒ ടെക്‌നീഷ്യനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര നിരവധിയാളുകള്‍ക്കാണ് പ്രചോദനമാകുന്നത്.
Adjust Story Font
16