Quantcast

എയർബാഗിനെകുറിച്ചുള്ള അക്ഷയ്കുമാറിന്റെ പരസ്യം പങ്കുവെച്ച് നിതിൻ ഗഡ്കരി; ഇത് സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലേയെന്ന് സോഷ്യൽമീഡിയ-വിമര്‍ശനം

സ്ത്രീധനം എന്ന തിന്മയും ക്രിമിനൽ നടപടിയും പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരസ്യങ്ങളെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി

MediaOne Logo

Web Desk

  • Published:

    12 Sep 2022 4:51 AM GMT

എയർബാഗിനെകുറിച്ചുള്ള അക്ഷയ്കുമാറിന്റെ പരസ്യം പങ്കുവെച്ച്  നിതിൻ ഗഡ്കരി; ഇത് സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലേയെന്ന് സോഷ്യൽമീഡിയ-വിമര്‍ശനം
X

ന്യൂഡൽഹി: നടൻ അക്ഷയ് കുമാർ അഭിനയിച്ച റോഡ് സുരക്ഷാ കാമ്പെയ്നിനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരെ വിമർശനവുമായി സോഷ്യൽമീഡിയ. കാറിൽ എയർബാഗുകൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യമാണ് മന്ത്രി പങ്കുവെച്ചത്. എന്നാൽ ഈ പരസ്യം സ്ത്രീധന സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടുന്നു.

' സ്ത്രീധനം എന്ന തിന്മയും ക്രിമിനൽ നടപടിയും പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരസ്യങ്ങളെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി വിമർശിച്ചു. 'ഇതൊരു പ്രശ്‌നമുള്ള പരസ്യമാണ്. ആരാണ് അത്തരം സർഗ്ഗാത്മകതയ്ക്ക് അനുമതി നൽകുന്നത്. ഈ പരസ്യത്തിലൂടെ കാറിന്റെ സുരക്ഷാ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പണം ചെലവഴിക്കുകയാണോ അതോ സ്ത്രീധനം എന്ന ദുഷ്പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുകയാണോ?' ചതുർവേദി ട്വീറ്റ് ചെയ്തു.

കാറുകളിൽ ആറ് എയർബാഗുകൾ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഈ ആശയം വരുന്ന പരസ്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. മകൾ വിവാഹം കഴിഞ്ഞ് പുതിയ കാറിൽ വരന്റെ വീട്ടിലേക്ക് യാത്രയാകുന്നത് കാണുന്ന പിതാവ് കരയുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ രണ്ട് എയർബാഗുകൾ മാത്രമുള്ള കാറിൽ നവദമ്പതികളെ അയച്ചതിന് പിതാവിനെ പൊലീസുകാരനായി അഭിനയിക്കുന്ന അക്ഷയ് കുമാർ പരിഹസിക്കുന്നതാണ് പരസ്യത്തിന്റെ ചുരുക്കം.

'ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നത് കാണുന്നത് വെറുപ്പുളവാക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ പറഞ്ഞു.

ഇന്ത്യൻ കമ്പനിയായ ടാറ്റ സൺസിന്റെ മുൻ ചെയർമാനായിരുന്ന സൈറസ് മിസ്ത്രി ഞായറാഴ്ച വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് റോഡ് സുരക്ഷാ പരസ്യം പുറത്തിറക്കിയത്. റോഡ് തകർന്നതാണ് കാർ അപകടത്തിന് കാരണമെന്നും റോഡ് നന്നാക്കുന്നതിന് പകരം ആറ് എയർബാഗുകൾ വേണമെന്ന് പറഞ്ഞ് സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് വ്യതിചലിക്കുകയാണെന്നും ഗോഖലെ ആരോപിച്ചു.

'ഇത് വിവാഹത്തെക്കുറിച്ചാണോ, വധുവിനെക്കുറിച്ചാണോ, അതോ സ്ത്രീധനം ആറ് എയർബാഗ് കാറായിരിക്കണമെന്നാണോ? ഒരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചു. ഈ സർക്കാർ പരസ്യങ്ങൾ വളരെ മോശവും വൃത്തിക്കെട്ട സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. അവർക്ക് സുരക്ഷിതത്വത്തെക്കുറിച്ച് മറ്റൊരു തരത്തിലും സംസാരിക്കാൻ കഴിയില്ലേ?' എന്ന് മറ്റൊരാൾ കുറിച്ചു.ഇന്ത്യയിൽ മാത്രമാണ് കുറ്റകൃത്യമായ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യ കാമ്പെയ്ൻ സൃഷ്ടിക്കാൻ സർക്കാർ നികുതിദായകരുടെ പണം ചെലവഴിക്കുകയൊള്ളൂ എന്ന് ഒരാൾ കമന്റ് ചെയ്തു.

അതേസമയം, ദേശീയ റോഡ് സുരക്ഷാ കാമ്പെയ്നിനെ പിന്തുണച്ചതിന് അക്ഷയ്കുമാറിന് ഗഡ്കരി ട്വിറ്ററിൽ നന്ദി പറഞ്ഞു, 'റോഡ് സുരക്ഷാ വിഷയങ്ങളിൽ അവബോധം പ്രചരിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ തീർച്ചയായും പ്രശംസനീയമാണ്.ബോധവൽക്കരണത്തോടും പൊതുജന പങ്കാളിത്തത്തോടും കൂടി ഇന്ത്യയിലെ റോഡപകടങ്ങൾ കുറയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


TAGS :

Next Story