ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും അറസ്റ്റിൽ
ഒരു സബ് ഇൻസ്പെക്ടർ, ഒരു ഹെഡ് കോൺസ്റ്റബിൾ, സിആർപിഎഫ് സബ് ഇൻസ്പെക്ടർ, സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എന്നിവരാണ് അറസ്റ്റിലായത്

ലഖ്നൗ: ഹരിയാന സ്വദേശിനിയായ 24 കാരിയെ ഫാം ഹൗസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും അറസ്റ്റിൽ. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹസൻപൂർ മേഖലയിൽ സെപ്റ്റംബർ 22-നാണ് ഈ ക്രൂരത അരങ്ങേറിയത്. യുപി പൊലീസിലെ ഒരു സബ് ഇൻസ്പെക്ടർ, ഒരു ഹെഡ് കോൺസ്റ്റബിൾ, സിആർപിഎഫ് സബ് ഇൻസ്പെക്ടർ, സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എന്നിവരാണ് അറസ്റ്റിലായത്.
ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശിനിയായ യുവതി സെപ്റ്റംബർ 20നാണ് സന്ദർശനത്തിന് സഹായം ചോദിച്ച് തന്റെ സുഹൃത്തിനെ വിളിക്കുന്നത്. അംറോഹയിലെ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സിആർപിഎഫ് ഉദ്യോഗസ്ഥനായ മോഹിത്തിനെ കാണാൻ സുഹൃത്ത് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. സെപ്റ്റംബർ 21-ന് സോനിപത്തിൽ വെച്ച് യുവതി മോഹിത്തിനെ കണ്ടു. തുടർന്ന് മീററ്റിലേക്ക് പോയ ഇവർക്കൊപ്പം മോഹിത്തിന്റെ സഹപ്രവർത്തകനായ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവും ചേർന്നു.
സെപ്റ്റംബർ 22 വൈകുന്നേരത്തോടെ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് യുവതിയെ കാറിൽ ഹസൻപൂരിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ യുപി പൊലീസ് സബ് ഇൻസ്പെക്ടർ സഞ്ജയ് തോമറിനെയും ഇവർ ഒപ്പം കൂട്ടി. തുടർന്ന് അത്രസി ഹസൻപൂർ റോഡിലെ ഒരു ഫാം ഹൗസിലെത്തി ഇവർ രണ്ട് മുറികൾ വാടകയ്‌ക്കെടുക്കുകയായിരുന്നു. യുപി പൊലീസ് ഹെഡ് കോൺസ്റ്റബിൾ പ്രമോദ് ആണ് ഇവർക്ക് ഭക്ഷണവും മദ്യവും എത്തിച്ചു നൽകിയത്.
തുടർന്ന് മോഹിത്, ലാലാറാം യാദവ്, സഞ്ജയ് തോമർ എന്നിവർ ചേർന്ന് യുവതിയെ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷമെത്തിയ പ്രമോദും യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇയാളെ പുറത്തേക്ക് തള്ളിയിട്ട യുവതി, ഉടൻ തന്നെ മുറി അകത്തുനിന്ന് പൂട്ടി. തുടർന്ന് ഓൺലൈനിൽ തിരഞ്ഞ് പൊലീസ് ഹെൽപ്പ് ലൈൻ നമ്പർ കണ്ടെത്തി സെപ്റ്റംബർ 23-ന് രാവിലെ ആറു മണിയോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ ഹസൻപൂർ, റജബ്പൂർ പൊലീസ് സംഘങ്ങൾ ഫാം ഹൗസിലെത്തി യുവതിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും നാല് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
യുപി പൊലീസ് സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് വകുപ്പുതല നടപടികൾ ആരംഭിച്ചു. സിആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായി അംറോഹ പൊലീസ് സൂപ്രണ്ട് ലഖൻ സിംഗ് യാദവ് വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഒരു സ്വതന്ത്ര എംഎൽഎയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാം ഹൗസ് എന്നും, പ്രോപ്പർട്ടി മാനേജറെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രൂക്ഷവിമർശനവുമായി രംഗത്തെത്തി. പൊലീസും അർധസൈനിക വിഭാഗവും ഉൾപ്പെട്ട ഈ സംഭവം സേനയ്ക്ക് തന്നെ വലിയ കളങ്കമാണെന്നും, പ്രതികൾക്കെതിരെ ചരിത്രപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Adjust Story Font
16

