Quantcast

ഗോവയിൽ വിദേശ സഞ്ചാരികൾ കുറയുന്നു; കാരണം ഇഡ്ഡലി-സാമ്പാറെന്ന് ബിജെപി എംഎൽഎ

സംസ്ഥാനത്ത് ബീഫ് ലഭ്യത കുറയുകയാണെന്ന് മുമ്പ് ഇദ്ദേഹം പരാതിപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    28 Feb 2025 2:37 PM IST

michael lobo
X

പനാജി: ബീച്ചുകളിലെ ഹോട്ടലുകളിൽ ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നത് അന്താരാഷ്ട്ര സഞ്ചാരികളുടെ കുറവിന് കാരണമാകുന്നുവെന്ന ആരോപണവുമായി ഗോവയിലെ ബിജെപി എംഎൽഎ മൈക്കൽ ലോബോ. വിനോദ സഞ്ചാരികൾ കുറയുന്നതിൽ സർക്കാരിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. എല്ലാവർക്കും ഇതിൽ തുല്യ പങ്കാളിത്തമുണ്ട്. ഗോവക്കാർ ബീച്ചിലെ കടകൾ മറ്റു സ്ഥലങ്ങളിലുള്ള കച്ചവടക്കാർക്ക് വാടകക്ക് നൽകിയിരിക്കുകയാണെന്നും ലോബോ കുറ്റപ്പെടുത്തി.

ബെംഗളൂരുവിൽനിന്നുള്ള ചിലർ അവരുടെ കടകളിൽ വടാ പാവ് വിൽക്കുകയാണ്, മറ്റു ചിലർ ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നു. ഇതിനാൽ തന്നെ കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു.

ചില വിദേശികൾ എല്ലാ വർഷവും ഗോവ സന്ദർശിക്കുന്നുണ്ട്. എന്നാൽ, ചെറുപ്പക്കാരായ വിദേശികൾ ഗോവയിൽനിന്ന് അകലം പാലിക്കുന്നു. എന്തുകൊണ്ടാണ് വിദേശികൾ ഗോവയിൽ വരാത്തത് എന്നതിനെക്കുറിച്ച് ടൂറിസം വകുപ്പും മറ്റുള്ളവരും ഒരുമിച്ച് യോഗം ചേർന്ന് ചർച്ച ചെയ്യുകയും പഠിക്കുകയും വേണം. അല്ലെങ്കിൽ ടൂറിസം മേഖലയിൽ ഇരുണ്ട ദിനങ്ങളാണ് കാണാൻ സാധിക്കുക.

ഞാൻ ഇഡ്ഡലി സാമ്പാറിന് എതിരല്ല. അവ പ്രധാന റോഡുകളിൽ ലഭിക്കും. എന്നാൽ, കടൽത്തീരത്ത് വിളമ്പേണ്ട ഭക്ഷണം വേറെത്തന്നെയാണ്. അത് അവിടെ ലഭിക്കുന്നില്ല. ഗോവൻ ഭക്ഷണം, മറ്റു രാജ്യങ്ങളിലെ വിഭവങ്ങൾ, സീഫുഡ്, കോണ്ടിനെന്റൽ എന്നിവയെല്ലാം അവിടെ ലഭിക്കണം. അതിന് വേണ്ടിയാണ് സഞ്ചാരികൾ വരുന്നതെന്നും ലോബോ പറഞ്ഞു.

ബീച്ചുകളിലെ തെരുവ് നായ്ക്കളുടെ പ്രശ്നവും എംഎൽഎ ഉന്നയിച്ചു. ലോകത്ത് മറ്റൊരു ബീച്ചിലും തെരുവ് നായ്ക്കളെ കാണാനാകില്ല. സഞ്ചാരികൾക്ക് തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ലോബോ വ്യക്തമാക്കി.

ഗോവയിൽ ബീഫിന്റെ ലഭ്യത കുറയുകയാണെന്ന് കാണിച്ച് മുമ്പ് ലോബോ രംഗത്തുവന്നത് വലിയ വാർത്തയായിരുന്നു. ഗോവയിലെ ബീഫ് കഴിക്കുന്ന ജനങ്ങളെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അവഗണിക്കുകയാണെന്ന് ഇദ്ദേഹം നിയമസഭയിലാണ് പരാതിപ്പെട്ടത്. ഗോരക്ഷകരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചില ഗോ സംരക്ഷകർ അതിർത്തിയിൽ നിൽക്കുകയും സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന ബീഫ് തടയുകയും ചെയ്യുന്നു. അവരെ പ്രതിരോധിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടുവെന്ന് താൻ കരുതുന്നു. ഗോവ മാംസ സമുച്ചയം അടച്ചുപൂട്ടി. ഗോവയിൽ മാംസാഹാരികൾ ധാരാളമുണ്ട്. ഗോവയിൽ ബീഫ് കഴിക്കാൻ വേണ്ടി മാത്രം വരുന്ന സഞ്ചാരികളുണ്ട്. ഞങ്ങളുടെ വിരുന്നുകൾക്ക് ബീഫിന് ക്ഷാമമുണ്ട്’ -ലോബോ നിയമസഭയിൽ പറഞ്ഞു. അതേസമയം, ഗോവധത്തിന് നിരോധനമുള്ള സംസ്ഥാനമാണ് ഗോവ.

TAGS :

Next Story