Quantcast

മെഡിക്കൽ ഓഫീസറെ പരസ്യമായി അവഹേളിച്ചു; വിവാദമായതോടെ മാപ്പ് പറഞ്ഞ് ഗോവ ആരോഗ്യമന്ത്രി

​ഗോവ മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രുദ്രേഷ് കുട്ടിക്കറിനെയാണ് മന്ത്രി പരസ്യമായി ശാസിച്ചത്.

MediaOne Logo

Web Desk

  • Published:

    9 Jun 2025 9:01 PM IST

Goa Health Minister Vishwajit Rane apologises on berating senior doctor
X

ഗോവ: കീഴ്ജീവനക്കാരുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മുന്നിൽ ഗോവ മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി അവഹേളിച്ച് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ. ശനിയാഴ്ചയാണ് ആളുകൾ നോക്കിനിൽക്കെ ഡോ. രുദ്രേഷ് കുട്ടിക്കറിനോട് മന്ത്രി പരസ്യമായി ആക്രോശിച്ചത്.

ഡോക്ടറെ വിളിച്ചുവരുത്തിയ മന്ത്രി തന്റെ മുന്നിൽ നിൽക്കുന്ന ഡോക്ടറോട് കീശയിൽ നിന്ന് കയ്യെടുക്കാനും മാസ്‌ക് താഴ്ത്താനും കടുത്ത സ്വരത്തിൽ ആവശ്യപ്പെട്ടു. നാവ് നിയന്ത്രിക്കാൻ പഠിക്കണം. താനൊരു ഡോക്ടറാണ്. രോഗികളോട് മര്യാദക്ക് സംസാരിക്കണം എന്നിങ്ങനെ പറഞ്ഞപ്പോൾ ഡോക്ടർ മറുപടി പറയാൻ ശ്രമിച്ചു. ഇതോടെ 'ഞാൻ പറയുമ്പോൾ താൻ മിണ്ടരുത്! താൻ പോ' എന്ന് പറഞ്ഞ് ഡോക്ടറെ പുറത്താക്കി. ഡോക്ടറെ സസ്‌പെൻഡ് ചെയ്യാനും നിർദേശം നൽകി.

സംഭവത്തിൽ ഡോക്ടർമാരുടെ സംഘടന സമരം പ്രഖ്യാപിക്കുകയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തുവരികയും ചെയ്തതോടെയാണ് മന്ത്രി മാപ്പ് പറഞ്ഞത്. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് ക്ഷോഭിച്ചതാണെന്നും ഡോക്ടർമാരുടെ സമൂഹത്തെ താൻ മാനിക്കുന്നുവെന്നും ഡോക്ടർമാർക്ക് വേദന ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും വിശ്വജിത്ത് റാണെ പറഞ്ഞു.


TAGS :

Next Story