മണ്ണിനടിയിൽ 222.88 ദശലക്ഷം ടൺ സ്വർണം; തെരഞ്ഞെടുപ്പിന് മുൻപ് ബിഹാറിന് ജാക്പോട്ട് അടിച്ചു
2022ലാണ് ജിഎസ്ഐ ബിഹാറിൽ സ്വര്‍ണ ശേഖരമുണ്ടെന്ന് കണ്ടെത്തുന്നത്

AI image
പറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിൽ കണ്ടെത്തിയ സ്വർണശേഖരത്തിനായി ബിഹാര്‍ ഖനനത്തിനൊരുങ്ങുകയാണ്. ജാമുയി ജില്ലയിലെ പര്യവേക്ഷണത്തിന് അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദരിദ്ര സംസ്ഥാനമായ ബിഹാറിന്‍റെ മുഖച്ഛായ തന്നെ ഇത് മാറ്റിയേക്കും.
2022ലാണ് ജിഎസ്ഐ ബിഹാറിൽ സ്വര്‍ണ ശേഖരമുണ്ടെന്ന് കണ്ടെത്തുന്നത്. ജാമുയിയിൽ ഏകദേശം 222.88 ദശലക്ഷം ടൺ സ്വർണം അടങ്ങിയ അയിര് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിൽ 37.6 ടൺ ലോഹത്തിന്‍റെ അംശവും ഉൾപ്പെടുന്നു, ഇത് ഇന്ത്യയുടെ മൊത്തം സ്വർണ ശേഖരത്തിന്‍റെ 44 ശതമാനം വരുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പരമ്പരാഗതമായി ധാതുസമ്പത്ത് ഇല്ലാത്ത സംസ്ഥാനമായ ബിഹാറിന് ഈ കണ്ടെത്തലുകൾ ഒരു ചരിത്ര നിമിഷമാണ്. "പ്രാഥമിക (G3) പര്യവേക്ഷണം ആരംഭിക്കുന്നതിനായി മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഇപ്പോൾ ജിഎസ്ഐ, നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NMDC) തുടങ്ങിയ പര്യവേക്ഷണ ഏജൻസികളുമായി കൂടിയാലോചന നടത്തിവരികയാണ്" അഡീഷണൽ ചീഫ് സെക്രട്ടറി-കം-മൈൻസ് കമ്മീഷണർ ഹർജോത് കൗർ ബംറ പറഞ്ഞു.ഒരു കേന്ദ്ര ഏജൻസിയുമായി ഒരു ധാരണാപത്രം (എംഒയു) ഉടൻ ഒപ്പുവെക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
മൂന്ന് വര്‍ഷങ്ങൾക്ക് മുൻപാണ് സ്വര്‍ണ ശേഖരം കണ്ടെത്തിയെങ്കിലും ഖനന പ്രവര്‍ത്തനങ്ങൾ ഇതുവരെ ആരംഭിച്ചിരുന്നില്ല. ജമുയി ജില്ലയിലെ കർമതിയ, ഝഝ, സോനോ എന്നിവ സ്വർണ അയിര് നിക്ഷേപത്താൽ സമ്പന്നമായ പ്രധാന സ്ഥലങ്ങളായി ജിഎസ്ഐ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര ഏജൻസികൾ സാങ്കേതിക വിലയിരുത്തലുകൾ പൂർത്തിയാക്കി കരാറുകളിൽ ഒപ്പുവച്ചുകഴിഞ്ഞാൽ ഈ പ്രദേശങ്ങളിൽ ഉടൻ തന്നെ വലിയ തോതിലുള്ള ഭൂമിശാസ്ത്ര പര്യവേക്ഷണം നടക്കും.
ഇന്ത്യയുടെ സ്വർണ ശേഖരത്തിന്‍റെ ഏറ്റവും ഉയർന്ന വിഹിതം ബിഹാറിലാണെന്ന് കേന്ദ്ര ഖനി മന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ ലോക്സഭയിൽ പറഞ്ഞിരുന്നു.2015 ഏപ്രിൽ 1 ലെ കണക്കനുസരിച്ച്, രാജ്യത്തെ മൊത്തം പ്രാഥമിക സ്വർണ അയിര് ശേഖരം 501.83 ദശലക്ഷം ടൺ ആണ്. ഇതിൽ 654.74 ടൺ സ്വർണ ലോഹം അടങ്ങിയിരിക്കുന്നു. ഇതിൽ പകുതിയോളം ബിഹാറിൽ നിന്നാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടാത്ത ഏറ്റവും വലിയ സ്വർണ ശേഖരം ബിഹാറിലാണെങ്കിലും ഇന്ത്യയിലെ മുൻനിര സ്വർണ ഉൽപാദകരിൽ മുന്നിൽ നിൽക്കുന്നത് കര്‍ണാടകയാണ്. ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം ഉത്പാദിപ്പിക്കുന്നത് കോലാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്), ഹുട്ടി എന്നിവിടങ്ങളിൽ നിന്നാണ്. ദേശീയ ഉത്പാദനത്തിന്റെ 99 ശതമാനം ആണ് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നത്. സ്വർണത്തിന്‍റെ കണക്കെടുത്താൽ 44 ശതമാനവുമായി ബിഹാര്‍ മുന്നിലാണ്. തൊട്ടുപിന്നിൽ രാജസ്ഥാൻ (25%), കർണാടക (21%), പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് (3% വീതം), ജാർഖണ്ഡ് (2%) എന്നിവയാണ്. ബാക്കി 2% ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലായി ചിതറിക്കിടക്കുന്നു.
Adjust Story Font
16

