Quantcast

യാത്രക്കാരിയുടെ ലഗേജിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്നു; മംഗളൂരു അദാനി വിമാനത്താവളത്തിലെ തൊഴിലാളികൾ അറസ്റ്റിൽ

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    2 Sept 2025 8:23 PM IST

യാത്രക്കാരിയുടെ ലഗേജിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്നു; മംഗളൂരു അദാനി വിമാനത്താവളത്തിലെ തൊഴിലാളികൾ അറസ്റ്റിൽ
X

മംഗളൂരു: യാത്രക്കാരിയുടെ ലഗേജിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന നാല് തൊഴിലാളികൾ അറസ്റ്റിൽ. മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തിലാണ് കവർച്ച നടന്നത്.

വനിതാ യാത്രക്കാരിയുടെ ചെക്ക്-ഇൻ ലഗേജിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച എയർ ഇന്ത്യ എസ്എടിഎസ്‌ലെ നാല് കയറ്റിറക്ക് ജീവനക്കാരും കൊള്ള മുതൽ വാങ്ങിയ ആളുമാണ് അറസ്റ്റിലായത്. ജീവനക്കാരായ മംഗളൂരു താലൂക്കിലെ കാണ്ഡവാര സ്വദേശി നിതിൻ, മൂഡുപേരാർ സ്വദേശികളായ സദാനന്ദ, രാജേഷ്, ബാജ്‌പെ സ്വദേശി പ്രവീൺ ഫെർണാണ്ടസ്, മോഷ്ടിച്ച സ്വർണം വാങ്ങിയ മൂടുപേരാറിലെ രവിരാജ് എന്നിവരാണ് അറസ്റ്റിലായത്.

കാണാതായ സ്വർണത്തിന്റെ പ്രധാന ഭാഗം പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ആഗസ്റ്റ് 30ന് രാവിലെ ബംഗളൂരുവിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മംഗളൂരുവിൽ വന്നിറങ്ങിയ യാത്രക്കാരി കൺവെയർ ബെൽറ്റിൽ നിന്ന് തന്റെ ലഗേജ് പുറത്തെടുത്തപ്പോൾ നാലര ലക്ഷം രൂപ വിലമതിക്കുന്ന 56 ഗ്രാം സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. യാത്രക്കാരി ഉടൻ വിവരം ബാജ്‌പെ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 303(2) പ്രകാരം ക്രൈം നമ്പർ 157/2025 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ചോദ്യം ചെയ്യലിൽ യാത്രക്കാരന്റെ ലഗേജ് കൈകാര്യം ചെയ്യുന്നതിനിടെ സ്വർണ്ണം മോഷ്ടിച്ചതായി നാലുപേരും സമ്മതിച്ചുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. മോഷ്ടിച്ച ആഭരണങ്ങൾ മൂടുപേരാറിൽ നിന്നുള്ള രവിരാജ് എന്ന വ്യക്തിക്ക് വിറ്റതായും മൊഴി നൽകി. മോഷ്ടിച്ച ആഭരണങ്ങളിൽ നിന്ന് ഏകദേശം 50 ഗ്രാം പൊലീസ് കണ്ടെടുത്തു ഇതിന് ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരും.

TAGS :

Next Story