പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം: സർക്കാർ ടാഗോറിനെ അപമാനിച്ച് തുടങ്ങി, ഗാന്ധിജിയെ അപമാനിച്ച് അവസാനിപ്പിച്ചു- കോൺഗ്രസ്
വന്ദേമാതരം ചർച്ച മുഴുവൻ നെഹ്‌റുവിനെ അപകീർത്തിപ്പെടുത്താനും ചരിത്രത്തെ വളച്ചൊടിക്കാനുമാണ് സർക്കാർ ചെലവഴിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു

ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്. രബീന്ദ്രനാഥ് ടാഗോറിനെ അപമാനിച്ച് തുടങ്ങിയ സമ്മേളനം ഗാന്ധിജിയെ അപമാനിച്ചുകൊണ്ടാണ് അവസാനിപ്പിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. മലിനീകരണകാല സമ്മേളനം എന്നാണ് അദ്ദേഹം ശൈത്യകാല സമ്മേളനത്തെ വിശേഷിപ്പിച്ചത്. ഡൽഹിയിലെ വായു മലിനീകരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ തന്റെ പാർട്ടി തയ്യാറായിരുന്നുവെന്നും എന്നാൽ സർക്കാർ ഒളിച്ചോടിയെന്നും ജയറാം രമേശ് പറഞ്ഞു.
മണിപ്പൂർ വിഷയത്തിലുള്ള പ്രമേയവും അനുബന്ധ ധനസഹായ ബില്ലുമടക്കം ആകെ 14 ബില്ലുകൾ പരിഗണിക്കുമെന്നാണ് തങ്ങളോട് പറഞ്ഞിരുന്നത്. ബാക്കിയുള്ള 12 ബില്ലുകളിൽ അഞ്ചെണ്ണം അവതരിപ്പിച്ചതേയില്ല. ബില്ലുകൾ കൊണ്ടുവരാൻ താത്പര്യമില്ലെങ്കിൽ പിന്നെ എന്തിനാണ് അവർ ഇത്തരം വിവരങ്ങൾ നൽകുന്നതെന്നും ജയറാം രമേശ് ചോദിച്ചു.
സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിൽ ഇത് വെറും ഔപചാരികത മാത്രമാണെന്നും സാധാരണ സമ്മേളനത്തിന്റെ അവസാനം നിങ്ങൾ ഒരു ബ്രഹ്മോസ് മിസൈലുമായി വരുമെന്നും താൻ രാജ്‌നാഥ് സിങ്ങിനോട് പറഞ്ഞിരുന്നു. അത് കേട്ട് അദ്ദേഹം ചിരിച്ചു. എന്നാൽ ഇത്തവണയും അത് സംഭവിച്ചു. തൊഴിലുറപ്പ് പദ്ധതി പൊളിച്ചെഴുതുന്ന വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ വിബി-ജി റാം ബിൽ കൊണ്ടുവന്നാണ് സമ്മേളനം അവസാനിപ്പിച്ചതെന്നും ജയറാം രമേശ് പറഞ്ഞു.
വന്ദേമാതരം ചർച്ച മുഴുവൻ നെഹ്‌റുവിനെ അപകീർത്തിപ്പെടുത്താനും ചരിത്രത്തെ വളച്ചൊടിക്കാനുമാണ് സർക്കാർ ചെലവഴിച്ചത്. ടാഗോറിനെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിനെയും സർക്കാർ അപമാനിച്ചെന്നും ജയറാം രമേശ് ആരോപിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കി ഗാന്ധിജിയെ അപമാനിച്ചുകൊണ്ടാണ് സമ്മേളനം അവസാനിച്ചത്. ആധുനിക ഇന്ത്യയെ നിർമിച്ച മൂന്നുപേരെ അപമാനിക്കുകയായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് വ്യക്തമാണെന്നും ജയറാം രമേശ് പറഞ്ഞു.
Adjust Story Font
16

