കശ്മീർ ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലുള്ള 215 സ്കൂളുകൾ ഏറ്റെടുത്ത് സർക്കാർ
പത്തിലധികം ജില്ലകളിലായി 51,000-ത്തിലധികം വിദ്യാർഥികൾ ഈ സ്കൂളുകളിൽ പഠിക്കുന്നുണ്ട്

ജമ്മു കശ്മീർ: കശ്മീർ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ഫലാഹ്-ഇ-ആം ട്രസ്റ്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 215 സ്കൂളുകളുട നിയന്ത്രണം ഏറ്റെടുത്ത് ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പ്. പത്തിലധികം ജില്ലകളിലായി 51,000-ത്തിലധികം വിദ്യാർഥികൾ ഈ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തെത്തുടർന്ന് ഈ ഏറ്റെടുക്കൽ താൽക്കാലികം മാത്രമാണെന്ന് ജമ്മു കശ്മീർ വിദ്യാഭ്യാസ മന്ത്രി സക്കീന ഇത്തൂ പറഞ്ഞു. ബിജെപി അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സ്കൂളുകൾ ഏറ്റെടുത്തതെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി. ജസ്റ്റീസ് ആൻഡ് ഡെവലപ്മെന്റ് ഫ്രണ്ട്, പീപ്പിൾസ് കോൺഫറൻസ് തുടങ്ങിയ കക്ഷികളും സർക്കാർ തീരുമാനത്തെ വിമർശിച്ചു.
ജമ്മു കശ്മീർ വിദ്യാഭ്യാസ മേഖലയിൽ എഫ്എടിക്ക് കീഴിലുള്ള സ്കൂളുകൾ വഹിക്കുന്ന പങ്കിനെ മെഹ്ബൂബ മുഫ്തി പ്രശംസിച്ചു. 'ഈ സ്കൂളുകൾ ഏറ്റവും ദരിദ്രരായവർക്ക് കുറഞ്ഞ ഫീസിൽ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുകയും ധാർമികവും ആധുനികവുമായ വിദ്യാഭ്യാസത്തിന്റെ മികച്ച സന്തുലിതാവസ്ഥയും നൽകിയിരുന്നു. അവ മികച്ച വ്യക്തിത്വങ്ങളെ സൃഷ്ടിച്ചു.' മെഹ്ബൂബ മുഫ്തി പറഞ്ഞു.
സ്കൂളുകളുടെ ഭാവിയെക്കുറിച്ച് സർക്കാർ ഉത്തരവിൽ ആശയക്കുഴപ്പമുണ്ടെന്നും വിദ്യാർഥികളുടെ ഭാവി സംബന്ധിച്ച് ആശങ്കയുണ്ടെന്നും ട്രസ്റ്റിന് കീഴിലെ ഒരു സ്കൂൾ അധ്യാപകൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആറ് വർഷമായി സ്‌കൂളുകളുടെ മാനേജ്‌മെന്റിനെതിരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) നൽകിയ നെഗറ്റീവ് വെരിഫിക്കേഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടിയെന്ന് സക്കീന ഇത്തൂ പറഞ്ഞു. 'പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട ഈ സ്‌കൂളുകളിലെ വിദ്യാർഥികൾ വാർഷിക പരീക്ഷാ സമയത്ത് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടായിരുന്നു. അടുത്തുള്ള സർക്കാർ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരെ താൽക്കാലികമായി ചുമതലയേൽപ്പിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. ഈ സ്‌കൂളുകളിലെ ജീവനക്കാർ അതേപടി തുടരും. സിഐഡി പരിശോധനകൾക്ക് ശേഷം പുതിയ മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിക്കും. മൂന്ന് മാസത്തിന് ശേഷം പ്രക്രിയ അവലോകനം ചെയ്യും' സക്കീന പറഞ്ഞു.
ജമ്മു കശ്മീരിൽ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‍ലാമിയുമായി ബന്ധപ്പെട്ട 215 സ്‌കൂളുകൾ ഏറ്റെടുത്തതിൽ പ്രതിപക്ഷ പ്രതിഷേധം നേരിടുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ എതിർത്ത് വിദ്യാഭ്യാസ മന്ത്രി സക്കീന ഇത്തൂ. സിഐഡി പരിശോധനയ്ക്ക് ശേഷം പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്നതുവരെ താൽക്കാലിക സംരക്ഷണം മാത്രമാണ് താൻ മുന്നോട്ടുവച്ച നിർദ്ദേശമെന്ന് സക്കീന വ്യക്തമാക്കി.
Adjust Story Font
16

