Quantcast

തമിഴ്നാട് നിയമസഭയിൽ നാടകീയ നീക്കം; ഗവർണർ ആർ.എൻ രവി ഇറങ്ങിപ്പോയി

ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഗവർണർ ഇറങ്ങിപ്പോയത്

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-01-20 07:18:13.0

Published:

20 Jan 2026 12:47 PM IST

തമിഴ്നാട് നിയമസഭയിൽ നാടകീയ നീക്കം; ഗവർണർ ആർ.എൻ രവി ഇറങ്ങിപ്പോയി
X

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ഗവർണർ സർക്കാർ പോര്. നിയമസഭയുടെ ആദ്യ ദിനത്തിന്റെ തുടക്കത്തിൽ സംസ്ഥാന ഗാനം ആലപിച്ചതിന് പിന്നാലെ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന് ആരോപിച്ച് ഗവർണർ ആർ.എൻ രവി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഗവർണറുടെ മൈക്രോഫോൺ തുടരെ ഓഫ് ചെയ്തതായും സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രസംഗം അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും അടങ്ങിയതാണെന്നും ഗവർണർ ഓഫീസ് പ്രസ്താവനയും പുറത്തിറക്കി.

ഗവർണറുടെ നടപടികൾ സഭയുടെ 100 വർഷം പഴക്കമുള്ള പാരമ്പര്യങ്ങളെ അനാദരിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രതികരിച്ചു. ഡിഎംകെ സ്ഥാപകൻ സി.എൻ അണ്ണാദുരൈ ഒരിക്കൽ പറഞ്ഞ 'ആടിന് താടി എന്തിനാണ് എന്നത് പോലെ ഒരു സംസ്ഥാനത്തിന് ഗവർണർ എന്തിനാണ്' എന്ന വാചകവും അദ്ദേഹം ഓർമിപ്പിച്ചു. തന്റെ ഭരണകൂടം ഗവർണറെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ ഒരു തരത്തിലും അനാദരിച്ചിട്ടില്ലെന്നും തമിഴ് ജനതയെ ബഹുമാനിക്കുന്നതിൽ പരാജയപ്പെട്ടത് ഗവർണറാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

രാവിലെ 9.30ന് ആരംഭിച്ച സഭയിൽ പ്രോട്ടോക്കോൾ പ്രകാരം ഗവർണറായിരുന്നു ഉദ്ഘാടന പ്രസംഗം നടത്തേണ്ടിയിരുന്നത്. എന്നാൽ സഭയിൽ സംസ്ഥാന ഗാനം ആലപിച്ചതിനെത്തുടർന്ന് സമ്മേളനം ബഹളത്തിലായി. തമിഴ് സാംസ്കാരിക അഭിമാനത്തെ പ്രതീകപ്പെടുത്തുന്ന മനോന്മണിയം സുന്ദരം പിള്ള രചിച്ച് എം.എസ് വിശ്വനാഥൻ സംഗീതം നൽകിയ 'തമിഴ് തായ് വാഴ്ത്ത്' എന്ന ഗാനമാണ് തമിഴ്‌നാടിന്റെ സംസ്ഥാന ഗാനം. സംസ്ഥാനത്തിന്റെ ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിൽ ഇത് ആലപിക്കപ്പെടുന്നു. തുടർന്ന് തുടർച്ചയായ രണ്ടാം വർഷവും തമിഴിൽ ഒരു ചെറിയ ആശംസ അർപ്പിച്ച ശേഷം ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ബില്ലുകൾ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേസ് സുപ്രിംകോടതി വരെ എത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നിയമിച്ച ഗവർണറും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഡിഎംകെയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത്.

TAGS :

Next Story