Quantcast

ടർക്കിഷ് വ്യോമയാന മേഖലയുമായുള്ള ബന്ധത്തിൽ യു ടേൺ അടിച്ച് കേന്ദ്ര സർക്കാർ; വിമാനങ്ങളുടെ പാട്ട കാലാവധി നീട്ടി

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോക്ക് ടർക്കിഷ് എയർലൈൻസുമായുള്ള രണ്ട് ബോയിങ് 777 വിമാനങ്ങളുടെ പാട്ട കരാർ ആറു മാസത്തേക്ക് നീട്ടാൻ ഡിജിസിഎ അനുമതി നൽകി

MediaOne Logo

Web Desk

  • Published:

    31 Aug 2025 7:55 AM IST

Govt takes a U-turn on links with Turkish aviation sector
X

ന്യൂഡൽഹി: തുർക്കി സിവിൽ വ്യോമയാന മേഖലുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷം നിലപാടിൽ യു ടേൺ അടിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ വിവിധ എയർലൈൻസ് കമ്പനികൾ ടർക്കിഷ് എയർലൈൻസ് വിമാനങ്ങൾ പാട്ടത്തിന് എടുക്കുന്ന കരാറിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകാൻ തുടങ്ങി. തുർക്കിയോടുള്ള നിലപാടിൽ ഇന്ത്യ മയപ്പെടുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോക്ക് ടർക്കിഷ് എയർലൈൻസുമായുള്ള രണ്ട് ബോയിങ് 777 വിമാനങ്ങളുടെ പാട്ട കരാർ ആറു മാസത്തേക്ക് നീട്ടാൻ ഡയറക്ടറേറ്റ് ഓഫ് സിവിൽ എവിയേഷൻ (ഡിജിസിഎ) അനുമതി നൽകി. ടർക്കിഷ് എയർലൈൻസുമായുള്ള പാട്ട കരാർ ആഗസ്റ്റ് 31-നകം അവസാനിപ്പിക്കണമെന്നാണ് സിവിൽ ഏവിയേഷൻ റെഗുലേറ്റർ നേരത്തെ നൽകിയിരുന്ന നിർദേശം. ഇതിൽ നിന്നുള്ള മാറ്റമാണ് പുതിയ തീരുമാനം.

തുർക്കി വിമാനക്കമ്പനിയായ കൊറൈൻഡൺ എയർലൈൻസിന്റെ അനുബന്ധ സ്ഥാപനത്തിൽ നിന്ന് അഞ്ച് ബോയിങ് 737 വിമാനങ്ങൾ പാട്ടത്തിന് എടുക്കാനുള്ള സ്‌പൈസ് ജെറ്റിന്റെ പദ്ധതിക്കും ഡിജിസിഎ അംഗീകാരം നൽകി. മാൾട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപസ്ഥാപനത്തിന് പ്രത്യേക ലൈസൻസ് ഉണ്ടെങ്കിലും പൂർണമായും തുർക്കി വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലാണ്.

ഇൻഡിഗോ നേരത്തെ ആറു മാസത്തേക്ക് പാട്ട കാലാവധി നീട്ടാനാണ് ആവശ്യമുന്നയിച്ചിരുന്നത്. എന്നാൽ ഇനിയൊരു അവസരം നൽകില്ല എന്ന മുന്നറിയിപ്പോടെ ആഗസ്റ്റ് അവസാനം വരെ മാത്രമായിരുന്നു അന്ന് കാലാവധി നീട്ടി നൽകിയത്. ഈ നിലപാട് തിരുത്തിയാണ് ഇപ്പോൾ ആറു മാസത്തേക്ക് പാട്ട കാലാവധി നീട്ടി നൽകിയിരിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ തുർക്കിയുമായുള്ള ബന്ധത്തിൽ നിലപാട് കടുപ്പിച്ചത്. പാകിസ്താൻ ഇന്ത്യക്കെതിരെ തൊടുത്ത നിരവധി ഡ്രോണുകൾ തുർക്കി നിർമിതമാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യക്കെതിരായ ആക്രമണത്തിന് പാകിസ്താന് സഹായം നൽകുന്നതായി വ്യക്തമായതോടെയാണ് ഇന്ത്യ-തുർക്കി ബ്ന്ധം വഷളായത്.

അതേസമയം ഏപ്രിൽ മുതൽ പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഇന്ത്യൻ വിമാനക്കമ്പികൾ പ്രതിസന്ധിയിലാണെന്നും അവരുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് ടർക്കിഷ് എയർലൈൻസ് കമ്പനികളുമായുള്ള ലീസ് കാലാവധി നീട്ടാൻ അനുവദിച്ചതെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. തുർക്കിയുമായുള്ള ബിസിനസ് ബന്ധങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും വ്യോമയാന മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പാക് വ്യോമാതിർത്തി അടച്ചതിനാൽ റേഞ്ച് പരിമിതികളുള്ള എയർബസ് 320, 321 പോലുള്ള ജെറ്റുകൾ ഉപയോഗിച്ച് ഇസ്താംബൂളിലേക്ക് സർവീസ് നടത്താൻ കഴിയില്ലെന്നാണ് ഇൻഡിഗോ പറയുന്നത്. അങ്ങനെ വന്നാൽ ഇന്ത്യ- തുർക്കി റൂട്ട് പൂർണമായും ടർക്കിഷ് വിമാനക്കമ്പനികളുടെ ആധിപത്യത്തിലാണ്. ഇത് ഒഴിവാക്കാനാണ് ലീസ് കാലാവധി നീട്ടാൻ തീരുമാനിച്ചത് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS :

Next Story