അവളുടെ സ്കൂളിലേക്കായിരുന്നു ഞങ്ങളുടെ യാത്ര; ഞാൻ അയാളോട് സഹായത്തിനായി യാചിച്ചു, പക്ഷെ നൽകിയില്ല’: ഓട്ടോയിൽ കാറിടിച്ച് കുട്ടി മരിച്ചതിൽ മുത്തശ്ശി
മകൾ ശ്വാസംമുട്ടി മരിക്കാറായിട്ടും അവരെ ആരും സഹായിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു

- Updated:
2026-02-20 06:19:00.0

ന്യൂഡൽഹി: ഡൽഹിയിലെ ജനക്പുരിയിൽ അമിതവേഗതയിലെത്തിയ കാർ ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരി മരിച്ചു. മുത്തശ്ശിക്കൊപ്പം ഓട്ടോയിലുണ്ടായിരുന്ന കുട്ടിയാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സഹായത്തിനായി യാചിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.
കുട്ടിയുടെ മുത്തശ്ശിയായ 57 വയസ്സുള്ള മേഴ്‌സി സേവ്യറാണ് ഇക്കാര്യങ്ങൾ ഓർത്തെടുത്തത്. വേഗത്തിൽ വന്ന ഒരു കാർ പെട്ടെന്ന് അവർ സഞ്ചരിച്ച ഇ-റിക്ഷയിൽ ഇടിക്കുകയായിരുന്നെന്ന് അവർ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുമ്പ് റോഡിലേക്ക് തെറിച്ചു വീണു.
" പേരക്കുട്ടിയോടൊപ്പം ഞാൻ ഇ-റിക്ഷയിൽ കയറി, അവളുടെ സ്കൂളിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. പെട്ടെന്ന്, അമിതവേഗതയിൽ വന്ന ഒരു കാർ ഞങ്ങളുടെ റിക്ഷയിൽ അതിശക്തമായി ഇടിച്ചു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നതിന് മുമ്പ്, ഞാൻ റോഡിലേക്ക് തെറിച്ചു" അവർ പറഞ്ഞു.
"കണ്ണുതുറന്നപ്പോൾ ഞാൻ നിലത്ത് കിടക്കുകയായിരുന്നു. കൊച്ചുമകൾ അരികിൽ കിടക്കുകയായിരുന്നു. എന്റെ കൈ രക്തത്തിൽ കുതിർന്നിരുന്നു. എനിക്ക് ഞെട്ടലും വേദനയും ഉണ്ടായി, പക്ഷേ എനിക്ക് അവളെക്കുറിച്ച് മാത്രമേ ചിന്തിക്കാൻ കഴിഞ്ഞുള്ളൂ," അവർ കൂട്ടിച്ചേർത്തു.
"ഞങ്ങളെ നോക്കിക്കൊണ്ടിരുന്ന ഒരു കാർ ഡ്രൈവറോട് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്ന് ഞാൻ യാചിച്ചു. സഹായിക്കുന്നതിന് പകരം അയാൾ സ്ഥലംവിട്ടു. ഞങ്ങളെ ഇടിച്ചത് അതേ കാർ തന്നെയാണോ എന്ന് എനിക്ക് ഓർമ്മയില്ല," അവർ പറഞ്ഞു.
കുട്ടിയുടെ അമ്മ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. ഒരു സ്റ്റാഫ് അംഗം വിളിച്ച് അറിയിച്ചപ്പോഴാണ് അപകട വിവരം അറിയുന്നത്.
"ആശുപത്രി ജീവനക്കാരൻ സംഭവം കണ്ടു. അവരാണ് എന്നെ വിവരമറിയിച്ചത്. എന്റെ വൃദ്ധയായ അമ്മ റോഡിൽ കരയുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്തു. എന്റെ മകൾ ശ്വാസം മുട്ടിക്കൊണ്ടിരുന്നു. ആളുകൾ തടിച്ചുകൂടി, പക്ഷേ ആരും അവരെ സഹായിക്കാൻ മുന്നോട്ട് വന്നില്ല." കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയിലെ ഒരു നഴ്‌സാണ് മറ്റൊരാളുടെ സഹായത്തോടെ മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അവർ കൂട്ടിച്ചേർത്തു.
അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചതിന് ജനക്പുരി പൊലീസ് കേസ് ഫയൽ ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട വാഹനം പിടിച്ചെടുത്തു. കാറോടിച്ച സഞ്ജീവിനെ അറസ്റ്റ് ചെയ്തു.
Adjust Story Font
16
