പച്ച, നീല, ചുവപ്പ്, കറുപ്പ്; മാലിന്യ നിക്ഷേപത്തിന് എന്തിനാണ് ഈ നാല് ബിന്നുകൾ?
പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രകാരം എല്ലാ വീടുകളും സ്ഥാപനങ്ങളും മാലിന്യം നാല് വിഭാഗങ്ങളായി വേർതിരിക്കേണ്ടതുണ്ട്

- Published:
2 April 2026 11:01 AM IST

ഡൽഹി: രാജ്യത്തെ മാലിന്യസംസ്‌കരണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള 'സോളിഡ് വേസ്റ്റ് മാനേജ്‌മെന്‍റ് ചട്ടങ്ങൾ 2026' ഇന്നലെ മുതൽ നിലവിൽ വന്നിരിക്കുകയാണ്. പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രകാരം എല്ലാ വീടുകളും സ്ഥാപനങ്ങളും മാലിന്യം നാല് വിഭാഗങ്ങളായി വേർതിരിക്കേണ്ടതുണ്ട്.
2026-ലെ പുതുക്കിയ ഖരമാലിന്യ സംസ്കരണ നിയമങ്ങൾ പ്രകാരം മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കാൻ നാല് നിറങ്ങളിലുള്ള വ്യത്യസ്ത ബിന്നുകളാണ് നിർദേശിച്ചിരിക്കുന്നത്.മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്. ഇതുവരെ, മാലിന്യ തരംതിരിക്കൽ പ്രധാനമായും രണ്ട് വിഭാഗങ്ങളായി പരിമിതപ്പെടുത്തിയിരുന്നു. പുതിയ നിര്‍ദേശ പ്രകാരം പച്ച ബിന്നുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ, പഴം-പച്ചക്കറി തൊലികൾ, പൂക്കൾ തുടങ്ങിയവ പോലുള്ള ജൈവ മാലിന്യങ്ങളും നീലയിൽ പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ്, മെറ്റൽ, മരം, റബ്ബർ തുടങ്ങിയ അജൈവ മാലിന്യങ്ങളുമാണ് നിക്ഷേപിക്കേണ്ടത്. ചുവപ്പ് ബിന്നിൽ ഡയപ്പറുകൾ, സാനിറ്ററി നാപ്കിനുകൾ, കോണ്ടം, ബാൻഡേജ് തുടങ്ങിയ സാനിറ്ററി മാലിന്യങ്ങളും. കറുപ്പിൽ മരുന്നുകൾ, ബാറ്ററികൾ, ബൾബുകൾ, പെയിന്റ് കാനുകൾ, തെർമോമീറ്റർ പോലുള്ള മാലിന്യങ്ങളും നിക്ഷേപിക്കാം.
എല്ലാ വീടുകളും സ്ഥാപനങ്ങളും മാലിന്യങ്ങൾ ഈ നാല് വിഭാഗങ്ങളായി തിരിച്ച് മാത്രമേ കൈമാറാൻ പാടുള്ളൂ. തരംതിരിക്കാത്ത മാലിന്യങ്ങൾ ശേഖരിക്കാൻ ശുചീകരണ തൊഴിലാളികൾക്ക് വിസമ്മതിക്കാം.നിയമം ലംഘിക്കുന്നവരിൽ നിന്നും തെറ്റായ വിവരങ്ങൾ നൽകുന്നവരിൽ നിന്നും പിഴ ഈടാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്.
ഫ്ലാറ്റുകൾ, വലിയ ഓഫീസുകൾ (100 കിലോയിൽ കൂടുതൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്നവർ) എന്നിവർ ജൈവമാലിന്യങ്ങൾ സ്വന്തം നിലയ്ക്ക് സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കണം. മാലിന്യ സംസ്കരണത്തിന്‍റെ എല്ലാ ഘട്ടങ്ങളും നിരീക്ഷിക്കാൻ കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ നിലവിൽ വരും.
Adjust Story Font
16
