Quantcast

ഭൂപേന്ദ്ര പട്ടേൽ ഡിസംബർ 12ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ആകെയുള്ള 182 സീറ്റുകളിൽ 156ഉം ബി.ജെ.പി നേടുമെന്നാണ് ഏറ്റവും അവസാനം പുറത്തുവരുന്ന കണക്കുകൾ നൽകുന്ന സൂചന.

MediaOne Logo

Web Desk

  • Updated:

    2022-12-08 09:17:05.0

Published:

8 Dec 2022 9:15 AM GMT

ഭൂപേന്ദ്ര പട്ടേൽ ഡിസംബർ 12ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
X

അഹമ്മദാബാദ്: ബി.ജെ.പി ചരിത്ര വിജയം നേടിയ ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ ഡിസംബർ 12ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.

29 സീറ്റുകളിൽ വിജയിച്ച ബി.ജെ.പി 127 സീറ്റുകളിൽ മുന്നിലാണ്. ആകെയുള്ള 182 സീറ്റുകളിൽ 156ഉം ബി.ജെ.പി നേടുമെന്നാണ് ഏറ്റവും അവസാനം പുറത്തുവരുന്ന കണക്കുകൾ നൽകുന്ന സൂചന. 17 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. പഞ്ചാബിലെ വിജയം ഗുജറാത്തിലും ആവർത്തിക്കാനാവുമെന്ന എ.എ.പി ദയനീയ പ്രകടനമാണ് നടത്തിയത്. അഞ്ച് സീറ്റുകളിൽ മാത്രമാണ് എ.എ.പി ലീഡ് ചെയ്യുന്നത്.

2021 സെപ്റ്റംബറിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ വിജയ് രൂപാണിയെ മാറ്റി ബി.ജെ.പി നേതൃത്വം ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത്. കോവിഡ് പ്രതിരോധത്തിലടക്കം രൂപാണിക്ക് വീഴ്ച പറ്റിയെന്ന വിമർശനം നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് രൂപാണിയെ മാറ്റിയത്. നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ ശരിവെച്ചുകൊണ്ടാണ് ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുന്നത്.

1962 ജൂലൈ 15ന് അഹമ്മദാബാദിൽ ജനിച്ച ഭൂപേന്ദ്ര പട്ടേൽ സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയാണ്. ആർ.എസ്.എസിലൂടെയാണ് അദ്ദേഹം പൊതുരംഗത്തിറങ്ങിയത്. 1995-96 കാലത്ത് മേംനഗർ മുൻസിപ്പാലിറ്റി കൗൺസിലറായാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. 2017 ലാണ് ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

TAGS :

Next Story