'വിവാഹം ലൈംഗികബന്ധത്തിനുള്ള അനുമതിയല്ല'; ഭാര്യ നല്‍കിയ ബലാത്സംഗക്കേസില്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു
വിവാഹ ബന്ധത്തിനുള്ളിലാണെങ്കില്‍ പോലും ആധുനിക നിയമസംവിധാനങ്ങള്‍ വ്യക്തിയുടെ ശരീരസ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നു കോടതി

- Updated:
2026-01-14 12:24:06.0

അഹമ്മദാബാദ്: ഭാര്യയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി. വിവാഹബന്ധത്തിനുള്ളിലാണെങ്കില്‍ പോലും ശരീര സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതാണ് ആധുനിക നിയമസംഹിതകളെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഭര്‍ത്താവ് ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചെന്നു കാട്ടിയാണ് ഭാര്യ പരാതി നല്‍കിയത്.
ലൈംഗികബന്ധത്തിന് സ്വാഭാവിക അനുമതി നല്‍കുന്നതാണ് വിവാഹബന്ധമെന്നത് ദശാബ്ദങ്ങളായുള്ള സങ്കല്‍പ്പമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍, ആധുനിക നിയമസംവിധാനങ്ങള്‍ ഒരു വ്യക്തിയുടെ ശരീരസ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതൊരു വിവാഹ ബന്ധത്തിനുള്ളിലാണെങ്കില്‍ പോലും. ലൈംഗികമായുള്ള അടുത്തിടപഴകല്‍ ദമ്പതികള്‍ക്കിടയില്‍ സ്വാഭാവികമാണ്. എന്നാല്‍, അതുപോലും രണ്ടുപേര്‍ക്കും സമ്മതത്തോടെയും പരസ്പര ബഹുമാനത്തോടെയുമുള്ളതാകണം -ജസ്റ്റിസ് ദിവ്യേഷ് എ.ജോഷി ജാമ്യം നിഷേധിച്ചുള്ള ഉത്തരവില്‍ പറഞ്ഞു.
2022ലായിരുന്നു പരാതിക്കാരിയുടെ വിവാഹം. അന്നു മുതല്‍ താന്‍ ലൈംഗിക-ശാരീരിക അതിക്രമവും സ്ത്രീധന അതിക്രമവും നേരിടുകയാണെന്നായിരുന്നു ഭാര്യയുടെ പരാതി. കഴിഞ്ഞ ഒക്ടോബറില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തെങ്കിലും കീഴ്‌ക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. തുടര്‍ന്ന് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സഹിക്കാവുന്നതിലും അപ്പുറമാകുമ്പോള്‍ മാത്രമേ ഭാര്യ ഭര്‍ത്താവിനെതിരെ ഇങ്ങനെയൊരു പരാതിയുന്നയിക്കാന്‍ തയാറാകൂവെന്ന് കോടതി പറഞ്ഞു. സമ്മതത്തോടെയല്ലാത്ത ലൈംഗിക ബന്ധം ശാരീരിക വേദന മാത്രമല്ല, മാനസികവും വൈകാരികവുമായ ആഘാതം നല്‍കുന്നത് കൂടിയാണെന്നും ഭര്‍ത്താവിന് ജാമ്യം നിഷേധിച്ചുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
Adjust Story Font
16

