Quantcast

ഗുജറാത്ത് സമാചാര്‍ ഉടമയെ ഇഡി അറസ്റ്റ് ചെയ്തു; മോദിയെ വിമര്‍ശിച്ചതാണ് കാരണമെന്ന് കോൺഗ്രസ്

ഇന്ത്യ-പാക് സംഘർഷത്തെക്കുറിച്ച് ഗുജറാത്ത് സമാചാർ റിപ്പോർട്ട് ചെയ്തതാണ് അദ്ദേഹത്തെ ലക്ഷ്യം വയ്ക്കാൻ കാരണമെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ ഗോഹിൽ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2025-05-16 06:35:25.0

Published:

16 May 2025 10:54 AM IST

Bahubali Shah
X

ഡൽഹി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ പത്രമായ ഗുജറാത്ത് സമാചാറിന്‍റെ ഉടമകളിൽ ഒരാളെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വൈകിയാണ് ബാഹുബലി ഷായെ ഇഡി കസ്റ്റഡിയിലെടുത്തതെന്ന് പത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ പത്രം വിമർശനാത്മകമായി എഴുതിയതിന്‍റെ പേരിലാണ് ഷായെ ഇഡി കസ്റ്റഡിയിലെടുത്തതെന്ന് കോൺഗ്രസ് ആരോപിച്ചു. "ആദായനികുതി വകുപ്പിന്‍റെ ഒരു ഓപ്പറേഷന് മണിക്കൂറുകൾക്ക് ശേഷമാണ് ബാഹുബലി ഷായെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരെ പത്രം നടത്തിയ വിമർശനാത്മകമായ എഴുത്താണ് അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നിലെ യഥാർത്ഥ കാരണം," ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്‍റും രാജ്യസഭാ എംപിയുമായ ശക്തിസിങ് ഗോഹിൽ പറഞ്ഞു.

അതേസമയം ഷായ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി വിഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് രാത്രിയിൽ സൈഡസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യ-പാക് സംഘർഷത്തെക്കുറിച്ച് ഗുജറാത്ത് സമാചാർ റിപ്പോർട്ട് ചെയ്തതാണ് അദ്ദേഹത്തെ ലക്ഷ്യം വയ്ക്കാൻ കാരണമെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ ഗോഹിൽ ആരോപിച്ചു. "സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരെ ശിക്ഷിക്കുക എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. ആരായാലും അധികാരത്തിനെതിരെ പ്രമുഖ ഗുജറാത്തി പത്രമായ ഗുജറാത്ത് സമാർ എപ്പോഴും നിലകൊണ്ടിട്ടുണ്ട്. സമീപകാലത്തെ ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ബിജെപി സർക്കാരിനെയും പ്രധാനമന്ത്രി മോദിയെയും വിമര്‍ശിച്ചത് കേന്ദ്രത്തിന് പിടിച്ചില്ല. ഗുജറാത്ത് സമാചാറിനും അവരുടെ ടെലിവിഷൻ ചാനലായ ജിഎസ്ടിവിക്കും പുറമേ മറ്റ് ബിസിനസ് സ്ഥാപനങ്ങൾക്കും മേൽ ആദായനികുതി (ഐടി), എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തി. ഗുജറാത്ത് സമാചാർ ഉടമ ബാഹുബലിഭായ് ഷായെ അറസ്റ്റ് ചെയ്തു'' ഗോഹിൽ കുറിച്ചു.

"മൂന്ന് ആഴ്ച മുമ്പ് മാതൃപിതാവ് സ്മൃതിബെന്നിന്‍റെ മരണത്തെത്തുടർന്ന് കുടുംബം ദുഃഖത്തിൽ മുഴുകിയിരിക്കുമ്പോഴാണ് റെയ്ഡുകൾ നടന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങളുള്ളയാളാണ് ബാഹുബലി ഷാ. മോദി സര്‍ക്കാരിന്‍റെ മിതത്വമില്ലായ്മയെ ശക്തമായി അപലപിക്കുന്നു. അവരവരുടെ ജോലി ചെയ്യുന്ന മാധ്യമങ്ങളെ ക്രൂരമായാണ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാ മാധ്യമങ്ങളും ഗോദി മീഡിയ അല്ലെന്നും ആത്മാവ് വിൽക്കാൻ തയ്യാറല്ലെന്നും ബിജെപി മനസ്സിലാക്കണം.ഗുജറാത്ത് സമാചാറിനും അധികാരത്തോട് സത്യം പറയുന്ന എല്ലാ മാധ്യമങ്ങൾക്കും ഒപ്പമാണ് ഞാൻ. ജയ് ഹിന്ദ്," ഗോഹിൽ കൂട്ടിച്ചേർത്തു.

TAGS :

Next Story