Quantcast

ഡൽഹിയിൽ ജി-20 ഉച്ചകോടിക്കായി സ്ഥാപിച്ച പൂച്ചട്ടികൾ പട്ടാപ്പകൽ അടിച്ചുമാറ്റി ആഡംബര കാറിലെത്തിയ രണ്ട് പേർ

ഈ സമയം ഇതുവഴി നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും ഇതൊന്നും ഇവർക്ക് പ്രശ്നമാവുന്നില്ല.

MediaOne Logo

Web Desk

  • Updated:

    2023-02-28 13:23:27.0

Published:

28 Feb 2023 1:01 PM GMT

Gurugram Men Steal Flower Pots Set Up For G20 Summit
X

ന്യൂഡൽഹി: ​ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാ​ഗമായി സൗന്ദര്യവൽക്കരണത്തിനായി എത്തിച്ച പൂച്ചട്ടികൾ മോഷ്ടിച്ച് ആഡംബര കാറിലെത്തിയ രണ്ട് മധ്യവയസ്കർ. ഡൽഹി-എൻസിആറിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാ​ഗമായി സ്ഥാപിച്ച പൂച്ചെട്ടികളാണ് പട്ടാപ്പകൽ അടിച്ചുമാറ്റിയത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കറുത്ത കാറിലെത്തിയ രണ്ട് പേരാണ് പൂക്കളടക്കം പൂച്ചട്ടികൾ മോഷ്ടിച്ചത്. കാർ നിർത്തിയിട്ട ശേഷം ഡിക്കി തുറന്ന് പൂക്കളുടെ സൗന്ദര്യം നോക്കി പൂച്ചട്ടികൾ ഓരോന്ന് തെരഞ്ഞെടുത്ത് അതിനുള്ളിലേക്ക് വയ്ക്കുന്നത് വീഡിയോയിൽ കാണാം.

വെള്ള ഷർട്ടിട്ടയാൾ ചട്ടികൾ എടുത്തുകൊടുക്കുകയും കറുത്ത ടി-ഷർട്ടിട്ടയാൾ അവയോരോന്നായി ഡിക്കിയിൽ വയ്ക്കുകയാണ് ചെയ്യുന്നത്. ഈ സമയം ഇതുവഴി നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും ഇതൊന്നും ഇവർക്ക് പ്രശ്നമാവുന്നില്ല.

ആവശ്യമുള്ളത്ര പൂച്ചട്ടികൾ മോഷ്ടിച്ച ശേഷം ഇരുവരും വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു. ജി- 20 ഉച്ചകോടിയുടെ പരസ്യമുള്ള ഒരു പോസ്റ്ററിനൊപ്പം വർണാഭമായ പൂക്കൾ നിറഞ്ഞ നിരവധി പൂച്ചട്ടികളും പ്രദേശത്ത് കാണാം.

'ഗുരുഗ്രാമിലെ ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പരിസരം ഭംഗിയാക്കാൻ പൂച്ചട്ടികൾ സൂക്ഷിച്ചിരുന്നു, എന്നാൽ വിലകൂടിയ വാഹനവുമായി ഈ മനുഷ്യർ ആ പൂച്ചട്ടികൾ മോഷ്ടിക്കുന്നു. അവനെപ്പോലുള്ള വിഡ്ഢികൾ ഇന്ത്യയുടെ പുരോഗതിക്ക് ഹാനികരമാണ്'- സംഭവത്തിന്റെ വീഡിയോ പങ്കുവച്ച് ഒരാൾ ട്വിറ്ററിൽ കുറിച്ചു.

വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി വീഡിയോയോട് പ്രതികരിച്ച് ഗുരുഗ്രാം മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി ജോയിന്റ് സി.ഇ.ഒ എസ്.കെ ചാഹൽ പറഞ്ഞു. 'സംഭവം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവർക്കെതിരെ നടപടിയെടുക്കും'- അദ്ദേഹം പറഞ്ഞു. സെപ്തംബർ ഒമ്പത്, 10 ദിവസങ്ങളിലാണ് ഇന്ത്യ ജി-20 ഉച്ചകോടിക്ക് വേദിയാകുന്നത്.



TAGS :

Next Story