ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; കേന്ദ്രത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളില്‍ അപലപിച്ച് 24 യുഎന്‍ വിദഗ്ധര്‍
പ്രതിഷേധക്കാര്‍ക്കും യുവതികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങൾ നിയമ ലംഘനത്തിന്റെ ഭാഗമാണെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതില്‍ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ ഓഫീസിലെ വിദഗ്ധര്‍.
വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന നടപടികള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ്. പ്രതിഷേധക്കാര്‍ക്കും യുവതികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങളും നിയമ ലംഘനത്തിന്റെ ഭാഗമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 20ന് ഔദ്യോഗികമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് യുഎന്‍ പ്രതിനിധികളുടെ വിമര്‍ശനം.
ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍, ഗതാഗത നിയന്ത്രണം എന്നിവയില്‍ ഇവര്‍ ആശങ്കയും അറിയിച്ചു. പ്രതിഷേധം തകര്‍ക്കാന്‍ ബിഎന്‍എസ് പ്രകാരം സെക്ഷന്‍ 163 ഉപയോഗിച്ചുവെന്ന ആരോപണവും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പൊലീസിന്റെയും മറ്റ് സേനയുടെയും നടപടികളെ കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ സമഗ്ര അന്വേഷണം നടത്തണം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള അമിത ബലപ്രയോഗം അവസാനിപ്പിക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥി നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. പൊലീസ് വേഷം ധരിച്ചെത്തിയ ഗുണ്ടകളെ കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. ഇക്കൂട്ടരുടെ മോശം പദപ്രയോഗം, മോശം പെരുമാറ്റം, ഭീഷണി, ബലപ്രയോഗം തുടങ്ങിയ കാര്യങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
യുഎന്നിലെ 16 പ്രത്യേക റിപ്പോര്‍ട്ടര്‍മാരും അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിദഗ്ധരും വര്‍ക്കിങ് ഗ്രൂപ്പുകളുടെ ചെയര്‍മാരും സഹ ചെയര്‍മാരുമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. യുഎന്‍ നിയമിച്ച സ്വതന്ത്ര പ്രതിനിധികളാണ് ഇവര്‍.
ജിന റൊമേറോ, മാര്‍ഗരറ്റ് സാറ്റര്‍ത്ത്വൈറ്റ്, സെസിലിയ എം. ബെയ്ലിയറ്റ്, ഫരീദ ഷഹീദ്, ബെഥാനി മാര്‍ഗരറ്റ് കാര്‍ണി അല്‍മ്രോത്ത്, ഇവാന ക്രിസ്റ്റിക്, ഹൈന ലു, ഡൊറോത്തി എസ്ട്രാഡ-ടാങ്ക്, ക്ലോഡിയ ഫ്ലോറസ്, ലോറ നൈരിന്‍കിണ്ടി, നിക്കോളാസ് ലെവ്രത്ത് തുടങ്ങിയവരാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികളില്‍ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.
Adjust Story Font
16

