Quantcast

അഞ്ച് സെക്കൻഡിൽ ,10 റൗണ്ട് വെടി; ജിം ഉടമയെ വെടിവെച്ച് കൊന്ന് ബിഷണോയ് ഗ്യാങ്

ഹെൽമെറ്റ് ധരിച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ കപിലിന് നേരെ തൊട്ടടുത്തുനിന്ന് തുരുതുരാ വെടിയുതിർക്കുകയായിരുന്നു

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-06-11 08:36:55

Published:

11 Jun 2026 1:13 PM IST

അഞ്ച് സെക്കൻഡിൽ ,10 റൗണ്ട് വെടി; ജിം ഉടമയെ വെടിവെച്ച് കൊന്ന് ബിഷണോയ് ഗ്യാങ്
X

ഹരിയാന: യുവാക്കൾക്ക് പരിശീലനം നൽകുന്നതിനിടെ ജിം ഉടമയെ വെടിവെച്ചു കൊന്ന് ബിഷണോയ് ഗ്യാങ്. ഹരിയാനയിലെ ഹാൻസിയിലാണ് സംഭവം. സംഭവത്തിന്റെ ഉത്തരവാദിത്തം ബിഷണോയ് ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്യാങ് അംഗം ഹരി ബോക്‌സർ അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ 5:30-ഓടെ ഹാൻസിയിലെ ഫവ്വാര ചൗക്കിന് സമീപമാണ് ഞെട്ടിക്കുന്ന ഈ കൊലപാതകം നടന്നത്. പ്രദേശത്തെ കടകൾക്ക് സമീപം യുവാക്കൾക്കും യുവതികൾക്കുമായി വ്യായാമ സെഷനുകൾ നടത്തിക്കൊണ്ടിരുന്ന 'റെഡ് ജിം' ഉടമ കപിൽ ആണ് കൊല്ലപ്പെട്ടത്. ഹെൽമെറ്റ് ധരിച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ കപിലിന് നേരെ തൊട്ടടുത്തുനിന്ന് തുരുതുരാ വെടിയുതിർക്കുകയായിരുന്നു.

കപിലിന്റെ തലയും പുറകും ലക്ഷ്യമാക്കിയാണ് അക്രമികൾ വെടിവെച്ചത്. സംഭവസ്ഥലത്തുതന്നെ കപിൽ രക്തം വാർന്ന് മരിച്ചു. വെടിവെയ്പ്പിനിടെ സമീപത്ത് വാം-അപ്പ് ചെയ്യുകയായിരുന്ന ഒരു സ്ത്രീക്കും ശരീരത്തിൽ ചില്ലറകൾ തറച്ച് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹിസാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ അതിവേഗം രക്ഷപ്പെട്ടു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കൊലപാതകത്തിന് തൊട്ടുപിന്നാലെ, ലോറൻസ് ബിഷ്‌ണോയ് സംഘാംഗമായ ഹരി ബോക്‌സറുടെ പേരിൽ പ്രചരിച്ച ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'ഞാൻ ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ ഹരി ബോക്‌സറാണ്. ഹാൻസിയിലെ റെഡ് ജിം ഓപ്പറേറ്റർ കപിലിനെ കൊലപ്പെടുത്തിയത് ഞങ്ങളാണ്. ഞാനും ആർ.ഡി ധലിവാൽ, ഹർമൻ സന്ധു, വിക്രം കദാൽ എന്നിവരും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.' - എന്നാണ് സന്ദേശത്തിൽ പറയുന്നത്.

മുൻപ് ശേഖ്പുര ധരിക്പുരിയയിൽ നടന്ന വെടിവെയ്പ്പ് കേസിൽ ഉൾപ്പെട്ട പ്രതികളെ കപിൽ സഹായിച്ചതായും ഇതിനെതിരെ തങ്ങളുടെ കൂട്ടാളി സുന്ദർ ഹാൻസി വഴി കപിലിന് രണ്ട് തവണ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നും ഓഡിയോയിൽ അവകാശപ്പെടുന്നു. ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്ക് നേരെയും ആക്രമണമുണ്ടാകുമെന്നും ഭീഷണിയുണ്ട്.

TAGS :

Next Story