'വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല': സുപ്രിം കോടതി
ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും നിയമ വിദ്യാർഥിനിയുമായ ഷർമിഷ്ഠ പനോലിയുടെ അറസ്റ്റിലേക്ക് നയിച്ച പരാതിക്കാരനായ വജാഹത്ത് ഖാനെതിരെയുള്ള കേസിൽ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രിം കോടതി. സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തിയ ഷർമിഷ്ഠ പനോലി കേസിന്റെ തുടർച്ചയിലാണ് കോടതിയുടെ പരാമർശം. ഷർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ ഹിന്ദുക്കൾക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്‌സിലെ പോസ്റ്റുകൾക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഷർമിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്തുവെന്ന ഖാന്റെ വാദത്തിൽ 'ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളർത്തുന്നവയാണ്' എന്ന് ബെഞ്ച് പറഞ്ഞു.
22 കാരിയായ ഷർമിഷ്ഠ പനോലിയുടെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ അധിക്ഷേപകരവും വിദ്വേഷപരവുമയ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് നിയമ വിദ്യാർഥിനിക്കെതിരെ കേസെടുത്തത്. 'തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങാം പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങില്ല' ഹർജി പരിഗണിക്കവെ ജസ്റ്റിസ് വിശ്വനാഥ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ നമ്മെ എവിടേക്കും എത്തിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
ഷർമിഷ്ഠ പനോലിക്കെതിരെ പരാതി നൽകിയ വജാഹത്ത് ഖാൻ വിദ്വേഷ പ്രസംഗങ്ങളും അവഹേളനപരമായ പരാമർശങ്ങളും അടങ്ങിയ പോസ്റ്റുകൾ പങ്കുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ഫലമായി ഗുവാഹത്തി, ഡൽഹി എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ വജാഹത്തിനെതിരെ പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്. ഹിന്ദു ദേവതകളെയും ഉത്സവങ്ങളെയും ആചാരങ്ങളെയും കുറിച്ച് അദ്ദേഹം അപമാനകരമായ പരാമർശങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്നു.
Adjust Story Font
16

