Quantcast

കോൺഗ്രസ് വിടില്ലെന്ന് ഹാർദിക് പട്ടേൽ; ബി.ജെ.പി നിലപാടുകളെ പിന്തുണയ്ക്കുന്നത് തുടരും

ആശങ്കയിൽ ഗുജറാത്ത് കോൺഗ്രസ് നേതൃത്വം

MediaOne Logo

Web Desk

  • Published:

    23 April 2022 2:13 AM GMT

കോൺഗ്രസ് വിടില്ലെന്ന് ഹാർദിക് പട്ടേൽ; ബി.ജെ.പി നിലപാടുകളെ പിന്തുണയ്ക്കുന്നത് തുടരും
X

ഡൽഹി: ബി.ജെ.പിയിൽ ചേരുമെന്ന ആരോപണം തള്ളി ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ. തന്റെ പരാതികൾ കോൺഗ്രസ് ദേശീയ നേതൃത്വം കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഹാർദിക് പട്ടേൽ പ്രതികരിച്ചു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങളെയാണ് ഹാർദിക് പട്ടേൽ പിന്തുണയ്ക്കുന്നത്. ഈ വിഷയത്തിൽ കോൺഗ്രസിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റിന്റെ നിലപാട്. ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളിയെങ്കിലും രാമക്ഷേത്ര നിർമാണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ബി.ജെ.പി നിലപാട് ഹാർദിക് അംഗീകരിക്കുന്നുണ്ട്.

ഒരുവിഭാഗം നേതാക്കൾ കോൺഗ്രസിൽ തന്നെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഹാർദിക് പട്ടേൽ നേരത്തെ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച പരാതി ഹൈക്കമാൻഡിനും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഹാർദിക് നൽകിയ പരാതിയിൽ കാര്യമായ ഇടപെടൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. നരേഷ് പട്ടേലിനെ ഗുജറാത്ത് കോൺഗ്രസിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഒന്നിലേക്ക് കൊണ്ടുവരാൻ ദേശീയ നേതൃത്വം നടത്തുന്ന നീക്കത്തിലും ഹാർദിക് പട്ടേലിന് പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നടത്തുന്ന രാഷ്ട്രീയ നീക്കത്തിന്റെ ഫലമാണ് നരേഷ് പട്ടേലും കോൺഗ്രസും തമ്മിലുള്ള ബന്ധം. അത് കൊണ്ട് തന്നെ പ്രശാന്ത് കിഷോർ കോൺഗ്രസിന്റെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്താൽ ഹാർദിക് പട്ടേൽ പാർട്ടി വിടാനും സാധ്യതയുണ്ട്. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഹാർദിക് പാർട്ടി വിടുന്നത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

TAGS :

Next Story