Quantcast

ഹിമാചൽപ്രദേശിലെ കാലവർഷക്കെടുതിയില്‍ മരണസംഖ്യ 51 ആയി

ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും കാണാതായവർക്കു വേണ്ടി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    15 Aug 2023 1:03 AM GMT

Himachal Pradeshs rain fury death toll risen to 51, Himachal Pradeshs rain fury, Himachal Pradeshs rain disaster 2023
X

ന്യൂഡല്‍ഹി: ഹിമാചൽപ്രദേശിലെ കാലവർഷക്കെടുതിയിലുണ്ടായ മരണസംഖ്യ 51 ആയി. ജോഷിമഠിൽ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും കാണാതായവർക്കു വേണ്ടി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഹിമാലയൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്.

ഷിംലയിൽ ശിവക്ഷേത്രത്തിനു മുകളിലേക്ക് ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മാണ്ഡി ജില്ലയിൽ മാത്രം മഴക്കെടുതിയിൽ 19 പേർ മരിച്ചു. രാത്രി ഏറെ വൈകിയും സംസ്ഥാനത്ത് ഉരുൾപൊട്ടലുണ്ടായ രണ്ടു സ്ഥലങ്ങളിലും ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ നടത്തി.

സംസ്ഥാനത്തെ ശക്തിപ്രാപിക്കുന്ന മഴ റെയിൽ, വ്യോമ, റോഡ് ഗതാഗതങ്ങളെ സാരമായി ബാധിച്ചതായി ഹിമാചൽപ്രദേശ് സർക്കാർ അറിയിച്ചു. ഉരുൾപൊട്ടി അപകടമുണ്ടായ ക്ഷേത്രത്തിൽനിന്നു മൃതദേഹങ്ങൾ പുറത്തെടുക്കാൻ ദേശീയ ദുരന്തനിവാരണ സേനയ്ക്ക്, സംസ്ഥാന ദുരന്തനിവാരണ സേന, ഇന്തോ-ടിബറ്റൻ പൊലീസ് ഫോഴ്സ് എന്നിവരും സഹായങ്ങൾ ഒരുക്കുന്നുണ്ട്. ഉത്തരാഖണ്ഡിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. പോങ് അണക്കെട്ടിൽനിന്നുള്ള മിച്ചജലം തുറന്നുവിടാൻ തീരുമാനിച്ച സാഹചര്യത്തിൽ ബിയാസ് നബിയുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാൻ പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 18 വരെ ഹിമാലയൻ സംസ്ഥാനങ്ങളിൽ മഴ കുറയില്ലെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Summary: The death toll in Himachal Pradesh's rain fury has risen to 51

TAGS :

Next Story