Quantcast

ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോഡ്‌സെയെ ആദരിച്ച് ഹിന്ദു മഹാസഭ

ഗാന്ധിയുടെ ആത്മാവും ഗാന്ധിസവും ഇന്ത്യയുടെ മണ്ണിൽനിന്ന് തുടച്ചുനീക്കുമെന്ന് ഹിന്ദു മഹാസഭ നേതാവ് അശോക് ശർമ പറ‍ഞ്ഞു.

MediaOne Logo

Web Desk

  • Published:

    31 Jan 2025 5:34 PM IST

Hindu Mahasabha honours Nathuram Godse on Mahatma Gandhi’s death anniversary
X

മീററ്റ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഗാന്ധി ഘാതകനായ നാഥൂറാം വിനായക് ഗോഡ്‌സെയെ ആദരിച്ച് അഖില ഭാരതീയ ഹിന്ദു മഹാസഭ. പരിപാടിയിൽ ഹിന്ദു മഹാസഭ നേതാവ് അശോക് ശർമയുടെ നേതൃത്വത്തിൽ പൂജ നടത്തുകയും ഹനുമാൻ ചാലിസ ആലപിക്കുകയും ചെയ്തു.

മഹാത്മാ ഗാന്ധിയുടെ 'രാഷ്ട്രപിതാവ്' പദവി എടുത്തുകളയണമെന്നും ഗോഡ്‌സെയുടെയും നാരായൺ ആപ്‌തെയുടെയും കുടുംബത്തെ ആദരിക്കാൻ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും അശോക് ശർമ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഗാന്ധിയുടെ ആത്മാവും ഗാന്ധിസവും ഇന്ത്യയുടെ മണ്ണിൽനിന്ന് തുടച്ചുനീക്കുമെന്നും ഇന്ത്യാ വിഭജനത്തിന് കാരണക്കാരൻ ഗാന്ധിജിയാണെന്നും അശോക് ശർമ പറഞ്ഞു.

'രാഷ്ട്രപിതാവ്' എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അത് ഒരു ഔദ്യോഗിക പദവിയല്ലെന്ന് കേന്ദ്രം 2020ൽ വ്യക്തമാക്കിയിരുന്നു. ഗാന്ധിജിക്ക് ഔപചാരികമായി 'രാഷ്ട്രപിതാവ്' പദവി നൽകാനാവില്ലെന്ന് 2012ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായി സൈന്യത്തിലും വിദ്യാഭ്യാസരംഗത്തും മാത്രമാണ് വ്യക്തികൾക്ക് പദവികൾ നൽകാൻ നിയമം അനുവദിക്കുന്നത് എന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.

ഗാന്ധി വധക്കേസ് പ്രതികളായ ഗോഡ്‌സെയെയും നാരായൺ ആപ്‌തെയെയും തൂക്കിലേറ്റിയതിന്റെ ഓർമക്കായി എല്ലാ വർഷവും നവംബർ 15ന് ഹിന്ദു മഹാസഭ 'ബലിദാൻ ദിവസ്' ആയി ആചരിക്കാറുണ്ട്. 1949 നവംബർ 15നാണ് ഇരുവരെയും തൂക്കിലേറ്റിയത്.

TAGS :

Next Story