Quantcast

'അനുമതി ആവശ്യമില്ല'; നൂഹിൽ ശോഭായാത്ര നടത്തുമെന്ന് വി.എച്ച്.പി

യാത്രക്ക് അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് യാത്ര നടത്തുമെന്ന് വി.എച്ച്.പി ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയ്ൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 Aug 2023 2:34 AM GMT

Hindu outfit to go ahead with Shobha Yatra in Nuh
X

ഗുരുഗ്രാം: തിങ്കളാഴ്ച നടത്താനിരിക്കുന്ന ശോഭായാത്രയുമായി മുന്നോട്ട് പോകുമെന്ന് വി.എച്ച്.പി. യാത്രക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ അനുമതി ആവശ്യമില്ലെന്നായിരുന്നു വി.എച്ച്.പി ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിനിന്റെ പ്രതികരണം. നമസ്‌കാരത്തിനോ മുഹറം ആഘോഷത്തിനോ ഹനുമാൻ ജയന്തിക്കോ ആരെങ്കിലും അനുമതി വാങ്ങാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

യാത്രക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈൽ ഇന്റർനെറ്റും കൂട്ട എസ്.എം.എസും നിരോധിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഹരിയാന ഡി.ജി.പി ശത്രുജീത് കപൂർ സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചാബ്, ഡൽഹി, യു.പി, രാജസ്ഥാൻ, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

സർവ ജാതീയ ഹിന്ദു പഞ്ചായത്ത് എന്ന കൂട്ടായ്മയാണ് 28ന് ബ്രിജ് മണ്ഡൽ ശോഭായാത്രക്ക് ആഹ്വാനം ചെയ്തത്. ഹരിയാനയിലെയും അയൽ സംസ്ഥാനങ്ങളിലെയും ആളുകളോട് നൂഹിലെത്താൻ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിക്കാതിരിക്കാൻ 26 മുതൽ 28വരെ മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ജൂലൈ 31ന് വി.എച്ച്.പി യാത്രക്ക് നേരെ നടന്ന കല്ലേറിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പള്ളി ഇമാം അടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നൂഹിലെ 350ഓളം ചെറുകടകളും വീടുകളും കെട്ടിടങ്ങളും അധികൃതർ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.

TAGS :

Next Story