അസമിൽ ബംഗാളി മുസ്‌ലിംകൾക്കെതിരെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ: ഡൽഹിയിൽ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനം തടസപ്പെടുത്തി ഹിന്ദു സേന
അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സും (എപിസിആർ) കർവാൻ-എ-മൊഹബ്ബതും ചേർന്ന് സംഘടിപ്പിച്ച പൊതു ട്രിബ്യൂണലിൽ അസമിലെ ബംഗാളി മുസ്‌ലിംകൾക്കെതിരായ ഭവന നിർമാർജനം, തടങ്കൽ, വിദേശികളായി മുദ്രകുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളെ വിമർശിക്കുന്ന റിപ്പോർട്ട് പ്രകാശനം ചെയ്യാനിരുന്നതാണ്

ന്യൂഡൽഹി: അസമിൽ ബംഗാളി മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ വെളിപ്പെടുത്തുന്ന ഫാക്ട്-ഫൈൻഡിംഗ് റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങ് ഡൽഹിയിൽ ഹിന്ദു സേനയുടെ ഇടപെടലിനെ തുടർന്ന് തടസപ്പെട്ടതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സും (എപിസിആർ) കർവാൻ-എ-മൊഹബ്ബതും ചേർന്ന് സംഘടിപ്പിച്ച പൊതു ട്രിബ്യൂണലിൽ അസമിലെ ബംഗാളി മുസ്‌ലിംകൾക്കെതിരായ ഭവന നിർമാർജനം, തടങ്കൽ, വിദേശികളായി മുദ്രകുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളെ വിമർശിക്കുന്ന റിപ്പോർട്ട് പ്രകാശനം ചെയ്യാനിരുന്നതാണ്.
അസമിലെ ബിജെപി സർക്കാർ ബംഗാളി മുസ്‌ലിംകളെ 'വിദേശികളായി' മുദ്രകുത്തി ഭവനരഹിതരാക്കുന്നുവെന്ന് സിവിൽ സൊസൈറ്റി ഫാക്ട് ഫൈൻഡിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറയുന്നു. 'അവർ തദ്ദേശീയ മുസ്‌ലിംകളെ വിദേശികളായി ചിത്രീകരിക്കുകയാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആളുകളെ പിടികൂടി, അവരെ നോ-മാൻസ് ലാൻഡിൽ ഉപേക്ഷിക്കുകയാണ്. ഇത് മനുഷ്യാവകാശങ്ങളുടെ ഗുരുതര ലംഘനമാണ്.' ട്രിബ്യൂണലിൽ സംസാരിച്ച ഹുസൈൻ പറഞ്ഞു.
ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ സ്പീക്കർ ഹാളിൽ നടന്ന പരിപാടിയിൽ ഹിന്ദു സേനയുടെ നേതൃത്വത്തിൽ ഒരു സംഘം ആക്രോശകരമായ മുദ്രാവാക്യങ്ങളുമായി എത്തി. 'ഗോലി മാരോ സാലോൻ കോ', 'ജയ് ശ്രീ റാം' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചവർ ബംഗ്ലാദേശികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുകാരണം പരിപാടി താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. എന്നാൽ പിന്നീട് പരിപാടി പുനരാരംഭിച്ചു. റിപ്പോർട്ട് പ്രകാശനത്തിന് മുന്നോടിയായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഫാക്ട്-ഫൈൻഡിംഗ് ടീമിനെതിരെ വിദ്വേഷ പ്രസ്താവനകൾ നടത്തിയിരുന്നു. 'നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർ' എന്ന് ആരോപിച്ച് ഹിമന്ത ബിശ്വ ശർമ്മ ഹർഷ് മന്ദർ, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരെ വിമർശിച്ചു.
നിയമവിദഗ്ധനായ പ്രശാന്ത് ഭൂഷൺ അസമിലെ ഭരണഘടനാ പ്രതിസന്ധിയെ വിമർശിച്ചു. 'നിയമവാഴ്ച പൂർണമായി അവഗണിക്കപ്പെടുകയാണ്. ബംഗാളി മുസ്‌ലിംകളെ ഭരണഘടനാപരമായ പ്രക്രിയകളില്ലാതെ ഭവനങ്ങളിൽ നിന്ന് കുടിയിറക്കുന്നു, അവരുടെ ഭൂമികൾ അദാനി, പതഞ്ജലി പോലുള്ള കോർപ്പറേറ്റുകൾക്ക് കൈമാറുന്നു," അദ്ദേഹം ആരോപിച്ചു. ജസ്റ്റിസ് ഇഖ്ബാൽ അൻസാരി, ഗോപാൽ കെ. പിള്ള, ജവഹർ സിർകാർ, വജാഹത്ത് ഹബീബുല്ല, സയ്യിദ ഹമീദ്, ഹർഷ് മന്ദർ, ഫവാസ് ഷഹീൻ, അപൂർവനന്ദ് തുടങ്ങിയവർ പങ്കെടുത്ത ട്രിബ്യൂണലിൽ അസമിലെ തടങ്കൽ കേന്ദ്രങ്ങളിലെ ദുരവസ്ഥയും അനധികൃത ഭവന നിർമാർജനങ്ങളും ചർച്ച ചെയ്യപ്പെട്ടു. 'അസമിൽ ഫാസിസം അതിന്റെ ഏറ്റവും തീവ്രമായ രൂപത്തിൽ പ്രകടമാകുന്നു.' ഹർഷ് മന്ദർ അഭിപ്രായപ്പെട്ടു.
Adjust Story Font
16

